ഖത്തറിൽ ഈ വർഷം 150 ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും
text_fieldsദോഹ: 2023ൽ രാജ്യത്തുടനീളം 150 ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും. കാർബൺ പുറന്തള്ളൽ കുറക്കുന്നതിനുള്ള സുസ്ഥിരത സമ്പ്രദായങ്ങളും ശ്രമങ്ങളും തുടരുന്നതിന്റെ ഭാഗമായാണ് ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷന്റെ (കഹ്‌റാമ) നേതൃത്വത്തിൽ പുതിയ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. ലോകകപ്പിന് മുന്നോടിയായി ഖത്തറിൽ 100 ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചിരുന്നു.
ഈ വർഷം 150 ഉൾപ്പെടെ , 2025നുള്ളിൽ 1000 ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളിലേക്ക് ശൃംഖല വിപുലീകരിക്കാനാണ് തങ്ങൾ ഉന്നമിടുന്നതെന്ന് നാഷനൽ പ്രോഗ്രാം ഫോർ കൺസർവേഷൻ ആൻഡ് എനർജി എഫിഷ്യൻസി (തർഷീദ്) സാങ്കേതിക വിഭാഗം മേധാവി മുഹമ്മദ് ഖാലിദ് അൽ ശർഷാനി ഖത്തർ ടി.വിയോട് പറഞ്ഞു. വാണിജ്യ വ്യവസായ മന്ത്രാലയം, ഗതാഗത വാർത്താവിനിമയ മന്ത്രാലയം എന്നിവയുൾപ്പെടെയുള്ളവയുമായി സഹകരിച്ചാണ് രാജ്യത്തുടനീളം ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്.
ഈ സ്റ്റേഷനുകൾ ഉപഭോക്താക്കൾക്ക് ഏറെ സഹായകമാകുന്നതിനൊപ്പം, സുസ്ഥിര ലക്ഷ്യമെന്ന നേട്ടത്തിലേക്ക് ഖത്തറിന് പിന്തുണ പകരുമെന്നും അൽ ശർഷാനി ചൂണ്ടിക്കാട്ടി. ഖത്തറിനെ ഊർജസ്വലമായി നിലനിർത്തുന്നതോടൊപ്പം ഗതാഗതം, ഊർജം, ജലം എന്നീ മേഖലകളിൽ സുസ്ഥിരത കൈവരിക്കാനും ദേശീയ തലത്തിൽ പരിസ്ഥിതി സംബന്ധമായ ബോധവത്കരണത്തിനും തങ്ങൾ ഏറെ ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് കഹ്‌റാമ ട്വിറ്ററിൽ വ്യക്തമാക്കി. ലോകകപ്പ് സ്റ്റേഡിയങ്ങൾക്കൊപ്പം എട്ട് ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചതായി കഹ്‌റാമ ചൂണ്ടിക്കാട്ടി.
കൂടാതെ, ഖത്തറിലുടനീളമുള്ള 22 സ്ഥലങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് 37 ചാർജിങ് യൂനിറ്റുകൾ സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമായി ഖത്തർ ഫ്യൂവൽ (വോഖോദ്)മായി കരാർ ഒപ്പിട്ടതായും കഹ്‌റാമ അറിയിച്ചു. അതിവേഗവും ഉയർന്ന കാര്യക്ഷമതയുമുള്ള ഈ യൂനിറ്റുകൾക്ക് അരമണിക്കൂറിൽ താഴെ സമയത്തിനുള്ളിൽ കാറുകൾ ചാർജ് ചെയ്യാൻ കഴിയും. കാറുകൾക്കായി ഇലക്ട്രിക് ചാർജിങ് നെറ്റ്‌വർക്ക് സ്ഥാപിക്കുന്നതിനും വിപുലീകരിക്കുന്നതിനും കഹ്‌റാമ ഏറ്റെടുത്ത പദ്ധതികളിൽ ഉൾപ്പെടുന്നതാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

