ഖത്തറിൽ 12ാമത് രോഗി സുരക്ഷാ വാരാചരണത്തിന് തുടക്കം
text_fieldsദോഹ: ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 12ാമത് രോഗി സുരക്ഷാ വാരത്തിന് (പേഷ്യന്റ് സേഫ്റ്റി വീക്ക്) തുടക്കം. 'ജീവിതത്തിന് സുരക്ഷിതമായ പരിചരണം' എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ പരിപാടി സംഘടിപ്പിക്കുന്നത്. പകർച്ചവ്യാധികളല്ലാത്ത രോഗങ്ങൾക്ക് സുരക്ഷിതമായ പരിചരണം എന്ന വിഷയത്തിലായിരിക്കും ഇത്തവണ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
വിട്ടുമാറാത്ത രോഗങ്ങൾക്കുള്ള ചികിത്സക്കിടയിൽ രോഗികൾക്ക് നേരിടേണ്ടി വന്നേക്കാവുന്ന സുരക്ഷാ വെല്ലുവിളികളും, ശ്രദ്ധിച്ചാൽ ഒഴിവാക്കാവുന്ന ചികിത്സാ പിഴവുകളും കണ്ടെത്തി പരിഹരിക്കുക തുടങ്ങിയവക്ക് ഊന്നൽ നൽകിയാണ് ബോധവൽക്കരണ പ്രവർത്തനങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. രോഗിയുടെ ശാരീരിക -മാനസിക സാഹചര്യങ്ങൾക്ക് മുൻഗണന നൽകി, വിവിധ വൈദ്യശാസ്ത്ര ശാഖകളെ ഒരുമിപ്പിച്ചുള്ള സമഗ്രമായ ചികിത്സാരീതി പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.
രോഗനിർണയത്തിലെ കൃത്യത, സുരക്ഷിതമായ മരുന്ന് ഉപയോഗം, തുടർച്ചയായ പരിചരണം എന്നിവ ഉറപ്പാക്കുക, രോഗികൾ, പരിചാരകർ, ആരോഗ്യപ്രവർത്തകർ, സ്ഥാപന മേധാവികൾ, നയരൂപകർത്താക്കൾ എന്നിവരെ പങ്കാളികളാക്കി തീരുമാനങ്ങൾ പരസ്പരം ചർച്ച ചെയ്ത് കൈക്കൊള്ളുക, ആരോഗ്യ സംരക്ഷണ മേഖലയുടെ ഗുണനിലവാരവും കാര്യക്ഷമതയും വർധിപ്പിക്കുക തുടങ്ങിയവയും രോഗി സുരക്ഷാ വാരത്തിന്റെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു.
വാരാചരണത്തിന്റെ ഭാഗമായി ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെയും മാധ്യമങ്ങളിലൂടെയും വിപുലമായ പ്രചാരണ പരിപാടികൾ മന്ത്രാലയം ആരംഭിക്കും. പൊതുജനാരോഗ്യ മന്ത്രാലയ ആസ്ഥാനത്ത് ജീവനക്കാർക്കും സന്ദർശകർക്കുമായി പ്രത്യേക ബോധവൽക്കരണ പരിപാടികളും നടത്തും. കൂടാതെ, ആരോഗ്യപ്രവർത്തകർക്കും പൊതുജനങ്ങൾക്കുമായി വെബിനാറുകളും വെർച്വൽ സെഷനുകളും ക്രമീകരിച്ചിട്ടുണ്ട്. ഖത്തറിലെ വിവിധ ആശുപത്രികളും ഹെൽത്ത് സെന്ററുകളും ത തങ്ങളുടെ ജീവനക്കാർക്കും രോഗികൾക്കുമായി പ്രാദേശിക തലത്തിൽ വിദ്യാഭ്യാസ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കും.
ആരോഗ്യ സംരക്ഷണ രംഗത്തെ ഗുണനിലവാരവും രോഗികളുടെ സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിനായി 2014-ൽ മന്ത്രാലയത്തിലെ ഹെൽത്ത്കെയർ ക്വാളിറ്റി ഡിപ്പാർട്ട്മെന്റാണ് ദേശീയ തലത്തിലുള്ള പേഷ്യന്റ് സേഫ്റ്റി വീക്കിന് തുടക്കമിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

