2022ൽ ഖത്തറിൽ 12 പുതിയ പാർക്കുകൾ; പത്തുലക്ഷം മരങ്ങൾ
text_fieldsഖത്തറിലെ പ്ലാന്റേഷൻ ഡ്രൈവുകളിലൊന്ന് (ഫയൽ ചിത്രം)
ദോഹ: രാജ്യത്തുടനീളം പൊതു പാർക്കുകൾ നിർമിക്കുകയെന്ന ലക്ഷ്യത്തോടെ മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ പബ്ലിക്ക് പാർക്സ് ഡിപ്പാർട്മെൻറിനുകീഴിൽ കഴിഞ്ഞ വർഷം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത് 12 പാർക്കുകൾ. അതേവർഷം തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഡിപ്പാർട്മെൻറിനുകീഴിൽ പത്തുലക്ഷം മരങ്ങൾ നട്ടുവളർത്തുകയും ചെയ്തു. പുതിയ പാർക്കുകൾ തുറന്നതോടെ രാജ്യത്തെ പൊതു പാർക്കുകളുടെ വിസ്തീർണം മൂന്ന് ദശക്ഷം ചതുരശ്രമീറ്റർ പിന്നിട്ടതായി പൊതു പാർക്ക് വകുപ്പിന്റെ 2022ലെ നേട്ടങ്ങൾ സംബന്ധിച്ച് മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറഞ്ഞു.
12.9 ദശലക്ഷം ചതുരശ്രമീറ്റർ ഹരിത പ്രദേശങ്ങളും ഇക്കാലയളവിൽ രേഖപ്പെടുത്തി. ശുദ്ധീകരിച്ച വെള്ളത്തിലൂടെ ഹരിതപ്രദേശങ്ങളുടെ ജലസേചനം 75 ശതമാനമായി ഉയർന്നതായും കഴിഞ്ഞ വർഷം 20 ഹോം ഗാർഡനുകൾ വകുപ്പിനുകീഴിൽ രൂപകൽപന ചെയ്തതായും റിപ്പോർട്ടിൽ വ്യക്തമാക്കി. മന്ത്രാലയത്തിന്റെ പദ്ധതികൾക്കനുസൃതമായാണ് രാജ്യത്തുടനീളം പബ്ലിക്ക് പാർക്കുകൾ നിർമിക്കുന്നതെന്ന് വകുപ്പ് മേധാവി എൻജി. മുഹമ്മദ് അൽ ഖൂരി പറഞ്ഞു. ഭാവിയിൽ പുതിയ പാർക്കുകൾ നിർമിക്കുന്നതിനുള്ള സ്ഥലം ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് മന്ത്രാലയം അനുവദിക്കും.
വരും വർഷങ്ങളിൽ രാജ്യത്ത് പാർക്കുകളുടെ എണ്ണം വർധിപ്പിക്കുമെന്നും അൽഖൂരി കൂട്ടിച്ചേർത്തു. 2022ൽ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന പ്രവർത്തനങ്ങളിൽ 62 എംബസികൾ പങ്കെടുത്തു.
2160 സ്കൂൾ വിദ്യാർഥികളും നിരവധി പ്രമുഖ വ്യക്തിത്വങ്ങളും ലോകകപ്പിന് ഖത്തറിലെത്തിയ ആരാധകരും ഈ സംരം ഭത്തിനുകീഴിൽ മരങ്ങൾ നട്ടുപിടിപ്പിച്ചതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ‘ദശലക്ഷം വൃക്ഷം’ സംരംഭത്തിന്റെ ഭാഗമായി 2022 ഡിസംബർ 18ന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി വൃക്ഷം നട്ടു. വകുപ്പ് നടത്തുന്ന ബോധവത്കരണവും സാമൂഹിക പങ്കാളിത്തവും എന്ന സംരംഭത്തിന് കഴിഞ്ഞ വർഷം മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
52 ബോധവത്കരണ ശിൽപശാലകളിലായി 5000 വിദ്യാർഥികൾ പങ്കെടുത്തു. ഫാം യുവർ കൺട്രി സംരംഭത്തിനുകീഴിൽ നടന്ന പ്രവർത്തനങ്ങളിൽ 35 സ്കൂളുകളിൽ നിന്നായി 450 വിദ്യാർഥികൾ പങ്കെടുത്തു. രണ്ടുലക്ഷത്തിലധികം വൃക്ഷത്തൈകളും ലക്ഷത്തിലധികം കുറ്റിച്ചെടികളും സമൂഹത്തിന് വിതരണം ചെയ്തു. 15 പൊതു പാർക്കുകൾക്ക് കായിക ഉപകരണങ്ങളും ഫിറ്റ്നസ് ബോക്സുകളും സ്ഥാപിച്ചു. പബ്ലിക്ക് പാർക്സ് വകുപ്പ് നടത്തുന്ന നഴ്സറികളിൽ നിന്നായി 881000 വൃക്ഷത്തൈകളും 126000 കുറ്റിച്ചെടികളും ഉൽപാദിപ്പിച്ചു.
പബ്ലിക്ക് പാർക് വകുപ്പിന്റെ പ്രധാന നേട്ടങ്ങളിലൊന്നാണ് പാണ്ട ഹൗസ് പാർക്ക് തുറന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ദോഹയിൽ നിന്നും 35 കിലോമീറ്ററകലെ സ്ഥിതി ചെയ്യുന്ന പാണ്ട ഹൗസിൽ രണ്ട് ഭീമൻ പാണ്ടകളാണുള്ളത്. കഴിഞ്ഞ വർഷം നവംബർ ഒന്നിന് ഉമ്മുൽ സനീമിൽ ലോകത്തിലെ ഏറ്റവും വലിയ ശീതീകരിച്ച ജോഗിങ് ട്രാക്കുൾപ്പെടുന്ന പാർക്ക് നാടിന് സമർപ്പിച്ചതായും മുനിസിപ്പാലിറ്റി മന്ത്രാലയം റിപ്പോർട്ടിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

