ലോകകപ്പ് ഉത്സവമായി നൂറുദിന ആഘോഷം
text_fieldsമാൾ ഓഫ് ഖത്തറിൽ നടന്ന സമാപന പരിപാടിയിൽ മഞ്ഞപ്പട അംഗങ്ങളുടെ വാദ്യമേളം
ദോഹ: ഖത്തറിന്റെ മണ്ണിൽ ലോകകപ്പ് ഉത്സവത്തിന് തുടക്കം കുറിച്ച് മൂന്നുദിവസം നീണ്ടുനിന്ന നൂറുദിന കൗണ്ട്ഡൗൺ ആഘോഷങ്ങൾക്ക് പ്രൗഢോജ്ജ്വല സമാപനം. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായിരുന്നു കളിയും, ഭാഗ്യപരീക്ഷണങ്ങളും വിവിധ കമ്യൂണിറ്റികളുടെ താളവാദ്യ ആഘോഷങ്ങളുമായി നൂറുദിന കൗണ്ട് ഡൗൺ ഗംഭീരമാക്കിയത്. മൂന്നുദിനങ്ങളിൽ നടന്ന പരിപാടികളിൽ പങ്കെടുത്തവരിൽനിന്നും തിരഞ്ഞെടുത്ത എട്ടു പേർക്ക് ലോകകപ്പ് ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റുകൾ സമ്മാനിച്ചു.
ദോഹ ഫെസ്റ്റിവൽ സിറ്റി, മാൾ ഓഫ് ഖത്തർ, പ്ലെയ്സ് വെൻഡോം എന്നിവിടങ്ങളിലായിരുന്നു ആഘോഷ പരിപാടികൾ. ഖത്തറിൽ പ്രവാസികളായ വിവിധ സമൂഹങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതായിരുന്നു പരിപാടി. ഇന്ത്യൻ സാന്നിധ്യമായി മഞ്ഞപ്പടയുടെ ബാൻഡ് വാദ്യവും കാണികൾക്ക് ആവേശം പകർന്നു.

