സമഗ്ര വികസനത്തിനൊരുങ്ങി ഉമ്മുസലാൽ മുഹമ്മദ്
text_fieldsഉമ്മുസലാൽ മുഹമ്മദിൽ അടിസ്ഥാന സൗകര്യ നവീകരണ പ്രവൃത്തി നടക്കുന്നു
ദോഹ: രാജ്യത്തുടനീളമുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ ഭാഗമായി ഉമ്മുസലാൽ മുഹമ്മദിൽ 100 കോടി ഖത്തർ റിയാൽ ചെലവഴിച്ച് സമഗ്ര വികസനത്തിനൊരുങ്ങുന്നു. ഉമ്മുസലാൽ മുഹമ്മദ് വെസ്റ്റിലെ റോഡുകളും അടിസ്ഥാന സൗകര്യ വികസന പദ്ധതികളും ആരംഭിച്ചതായി പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ അറിയിച്ചു. പ്രദേശത്തെ റോഡ് ശൃംഖല വികസിപ്പിക്കാനും സുരക്ഷാ മാനദണ്ഡങ്ങൾ മെച്ചപ്പെടുത്താനും കൂടാതെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. പ്രദേശത്തുള്ളരുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് ഭാവി നഗരവികസനവും ഉറപ്പാക്കിയാണ് വികസനത്തിനൊരുങ്ങുന്നത്.
പദ്ധതി പൂർത്തിയാകുന്നതിലൂടെ പ്രദേശത്തെ റോഡുകളെ പ്രധാന റോഡുകളുമായും പൊതു ഗതാഗത സൗകര്യങ്ങളുമായും ബന്ധിപ്പിക്കുകയും ചെയ്യും. കൂടാതെ, അഴുക്കുചാൽ, മഴവെള്ളം ഒഴുക്കിക്കളയുന്നതിനായി ഡ്രെയിനേജ് ഉൾപ്പെടെയുള്ള സമഗ്ര അടിസ്ഥാന സൗകര്യ വികസനവും സേവനങ്ങളും ഉറപ്പാക്കുകയാണ് ലക്ഷ്യം. പൊതു ഗതാഗത സൗകര്യങ്ങളുമായി ബന്ധപ്പെട്ട് 36.5 കി.മീറ്റർ റോഡുകൾ വികസിപ്പിക്കുന്നതോടൊപ്പം 73 കി.മീറ്റർ കാൽനട പാതകളും, 12 കി.മീറ്റർ സൈക്കിൾ പാതകളും, 5,000 പാർക്കിങ് സ്ഥലങ്ങളും സജ്ജീകരിക്കും. 1,200ൽ അധികം തെരുവ് വിളക്കുകൾ, റോഡ് അടയാളങ്ങൾ, റോഡ് മാർക്കിങ്ങുകൾ എന്നീ പ്രവൃത്തികളും നടത്തും. അടിസ്ഥാന സൗകര്യ വികസന പ്രവൃത്തികളുമായി ബന്ധപ്പെട്ട് 27 കി.മീ അഴുക്കുചാൽ, 83 കി.മീ മഴവെള്ള, ഭൂഗർഭജല ഡ്രെയിനേജ് ശൃംഖല, 38 കി.മീറ്റർ കുടിവെള്ള ലൈനുകൾ, 24 കി.മീറ്റർ ശുദ്ധീകരിച്ച മലിനജല ശൃംഖല എന്നിവയുടെ നിർമാണ പ്രവൃത്തിയും നടക്കുന്നുണ്ട്.
ഉമ്മു സലാൽ മുഹമ്മദ് വെസ്റ്റ് പ്രദേശത്ത് ഏകദേശം 3,180,000 ചതുരശ്ര മീറ്ററിലാണ് വികസനപ്രവൃത്തികൾ പുരോഗമിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ പ്രദേശത്തെ റോഡ് ശൃംഖലയും അടിസ്ഥാന സൗകര്യങ്ങൾ വികസിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

