"മേഖലയിലെ സംഘർഷം: ഊർജ വിപണിയെ ബാധിക്കും'
text_fieldsജി.സി.സി, യൂറോപ്യൻ യൂണിയൻ, മേഖലയിലെ മറ്റ് രാജ്യങ്ങൾ എന്നിവരുടെ സംയുക്ത ഉച്ചകോടിയിൽ ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി പങ്കെടുത്തപ്പോൾ
ദോഹ: മേഖലയിലെ സംഘർഷ സാഹചര്യം ആഗോള ഊർജ വിപണിയെയും വിതരണ ശൃംഖലയെയും ബാധിക്കുമെന്ന് ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി. ഊർജ കേന്ദ്രങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് ഖത്തർ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സാഹചര്യം ശാന്തമായാൽ വിതരണം പൂർണ്ണതോതിലാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
മേഖലയിൽ വർധിച്ചുവരുന്ന സൈനിക സംഘർഷ സാഹചര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി വിഡിയോ കോൺഫറൻസിലൂടെ ചേർന്ന ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങൾ, യൂറോപ്യൻ യൂണിയൻ, മേഖലയിലെ മറ്റ് രാജ്യങ്ങൾ എന്നിവരുടെ സംയുക്ത ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖത്തറിനു പുറമെ, ഈജിപ്ത്, ജോർഡൻ, സിറിയ, ഇറാഖ്, ലെബനൻ, തുർക്കിയ, അർമേനിയ എന്നീ രാജ്യങ്ങളിലെ നേതാക്കളും ഉച്ചകോടിയിൽ പങ്കെടുത്തു.
ഗസ്സ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, രാഷ്ട്രീയ പരിഹാരമില്ലാതെ യുദ്ധം തുടരുന്നത് വലിയ സംഘർഷങ്ങളിലേക്ക് നയിക്കുമെന്ന് ഖത്തർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനും സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും യൂറോപ്യൻ യൂണിയൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കാൻ ഖത്തർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇറാൻ ആക്രമണം ഖത്തറിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും പ്രാദേശിക -അന്തർദേശീയ സുരക്ഷയെ ബാധിക്കുന്നതുമാണ്. ആക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിച്ച ഖത്തർ സായുധ സേനയുടെ പ്രവർത്തനങ്ങളെയും അദ്ദേഹം പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

