ശൈഖ് സബാഹ് : അവസാനിക്കാത്ത സമാധാനദൂതുകൾ
text_fieldsഖത്തർ ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനി കുവൈത്തിലെത്തി ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹിെൻറ വിയോഗത്തിൽ അനുശോചനമറിയിച്ചപ്പോൾ
ദോഹ: കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഓർമയായെങ്കിലും അദ്ദേഹത്തിെൻറ സമാധാന ഐക്യശ്രമങ്ങൾ എന്നെന്നും നിലനിൽക്കും. കുവൈത്തിലെത്തിയ ഖത്തർ ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനി, അദ്ദേഹത്തിെൻറ വിയോഗത്തിൽ അനുശോചിച്ചു. കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹുമായി കൂടിക്കാഴ്ച നടത്തിയാണ് ഖത്തർ ഡെപ്യൂട്ടി അമീർ അനുശോചനമറിയിച്ചത്. സർവശക്തൻ കുവൈത്ത് അമീറിന് സ്വർഗം നൽകട്ടെയെന്ന് പ്രാർഥിച്ച ഡെപ്യൂട്ടി അമീർ രാജകുടുംബാംഗങ്ങൾക്കും ഖത്തറിെൻറ അനുശോചനമറിയിച്ചു.
ഖത്തറിലെ പള്ളികളിൽ ബുധനാഴ്ച ഇശാഅ് നമസ്കാരത്തിനുശേഷം ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹിനായി മയ്യിത്ത് നമസ്കാരം നടന്നു. മൂന്നുദിവസം ഖത്തർ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചിരുന്നു. ഭരണാസിരാകേന്ദ്രമായ അമീരി ദിവാനിൽ പതാക പകുതി താഴ്ത്തിക്കെട്ടിയിരുന്നു.
ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ വിയോഗത്തിലൂടെ നഷ്ടമായത് ജി.സി.സിയുടെ ഐക്യത്തിനായി ജീവിതം സമർപ്പിച്ച നേതാവിനെയായിരുന്നു. ജീവിതത്തിെൻറ അവസാന നാളുകളിൽ വരെ ഗൾഫ് പ്രതിസന്ധി പരഹരിക്കുന്നതിനായി കഠിന പ്രയത്നത്തിലായിരുന്നു ശൈഖ് സബാഹ്. ഖത്തറിനെതിരായ അന്യായമായ ഉപരോധത്തിലൂടെയുണ്ടായ ഗൾഫ് പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമം നടത്തിയതിലൂടെ അദ്ദേഹം എന്നും ജനങ്ങളുടെ ഓർമകളിൽ ജീവിച്ചിരിക്കുമെന്നാണ് പൊതുജനങ്ങളുടെയടക്കം അഭിപ്രായം.
ആഗോളതലത്തിൽ തന്നെ സമാധാനത്തിെൻറ കക്ഷിയായി അറിയപ്പെട്ടിരുന്ന ശൈഖ് സബാഹ് അസ്സബാഹ്, ഭിന്നതകൾ മാറ്റിവെച്ച് ഐക്യപ്പെടലിനും ഉഭയകക്ഷിബന്ധത്തിനുമായിരുന്നു മുൻഗണന നൽകിയിരുന്നത്. മേഖലയിൽ എപ്പോഴെല്ലാം പ്രതിസന്ധികളും ഭിന്നതകളും ഉടലെടുത്തിട്ടുണ്ടോ അപ്പോഴെല്ലാം സമ്മർദം കുറക്കുന്നതിലും ഭിന്നതകൾ പരഹരിക്കുന്നതിലും സമാധാനം പുന:സ്ഥാപിച്ചതിലും അദ്ദേഹത്തിെൻറ വലിയ പങ്ക് പ്രകടമായിരുന്നു.
ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിനായി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് അടക്കം നിരവധി നേതാക്കളെയാണ് അദ്ദേഹം സന്ദർശിച്ചതും ചർച്ചകൾ നടത്തിയതും.
2017 ജൂൺ അഞ്ചിന് ഖത്തറിനെതിരായ ഉപരോധം ആരംഭിക്കുകയും ഗൾഫ് പ്രതിസന്ധി രൂപപ്പെടുകയും ചെയ്തതോടെ ജി.സി.സിയുടെ ഐക്യം എന്ന ഒരേയൊരു ലക്ഷ്യം മുൻനിർത്തി മാത്രമാണ് അദ്ദേഹം രംഗത്തിറങ്ങിയത്. 1981ൽ ജി.സി.സി സ്ഥാപിക്കുന്നതിൽ മുൻപന്തിയിലുണ്ടായിരുന്ന ശൈഖ് സബാഹ് അസ്സബാഹിന് ജി.സി.സിയിലുണ്ടാകുന്ന വിള്ളലുകളും അനൈക്യവും താങ്ങാൻ പറ്റുന്നതായിരുന്നില്ല. 2017ൽ ദേശീയ അസംബ്ലിയുടെ 15ാമത് ലെജിസ്ലേറ്റിവ് ടേമിെൻറ രണ്ടാം ഓർഡിനറി സെഷനിൽ പ്രതിസന്ധികൾ മറികടക്കുന്നതിന് സംഘർഷങ്ങൾ ഒഴിവാക്കുന്നത് സംബന്ധിച്ചും കാര്യങ്ങളെ യുക്തിയോടെയും പക്വതയോടെയും സമീപിക്കേണ്ടതിെൻറ ആവശ്യകതയെ കുറിച്ചും അദ്ദേഹം പ്രത്യേകം ഉണർത്തിയിരുന്നു.
നമുക്കിടയിലെ ഭിന്നതേയക്കാളേറെ ഐക്യവും ഒരുമയുമാണ് വേണ്ടതെന്ന് ജി.സി.സിയുടെ ഐക്യവുമായി ബന്ധപ്പെട്ട് അദ്ദേഹം എപ്പോഴും പറഞ്ഞിരുന്നു. സുരക്ഷയുടെയും അന്തസ്സിെൻറയും സമൃദ്ധിയുടെയും ഉറച്ച കോട്ടയാണ് ജി.സി.സിയെന്നും നമ്മുടെ മനസ്സുകളെ ശാന്തമാക്കുന്നതിന് ദൈവത്തിനോട് നാം ചോദിക്കണമെന്നും അദ്ദേഹം നിരന്തരം നേതാക്കളെയും പൊതുജനങ്ങളെയും ഓർമിപ്പിച്ചിരുന്നു.
പ്രതിസന്ധി തുടരുന്നതിെൻറ പ്രത്യാഘാതങ്ങൾ സംബന്ധിച്ച് അദ്ദേഹം മുന്നറിയിപ്പും നൽകിയിരുന്നു. ഗൾഫിെൻറയും അവിടെയുള്ള ജനങ്ങളുടെയും സാമൂഹിക നിർമിതിക്ക് അത് ഭീഷണിയാകുമെന്നും വ്യക്തമാക്കി. കേവലം ഒരു വാക്കിനാൽ പോലും മേഖലയെ പ്രതിസന്ധിയിലേക്ക് തള്ളിയിടരുത്. ഇങ്ങനെ ചെയ്യുന്ന ഒരാൾക്കും ജി.സി.സിയുടെയും അറബ് ലോകത്തിെൻറയും പൂർവ തലമുറയും ഭാവി തലമുറയും ഒരിക്കലും മാപ്പ് നൽകുകയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് മുന്നിട്ടിറങ്ങിയ ശൈഖ് സബാഹ് അസ്സബാഹിെൻറ പ്രയത്നങ്ങളെ ലോകവും ലോക നേതാക്കളും ഒരുപോലെ പ്രശംസിക്കുകയും പിന്തുണ നൽകുകയും ചെയ്തത് അദ്ദേഹത്തിെൻറ പൊതുപിന്തുണക്ക് തെളിവായിരുന്നു. പ്രതിസന്ധി ഉടലെടുത്ത വർഷം തന്നെ ശൈഖ് സബാഹിെൻറ നേതൃത്വത്തിലുള്ള കുവൈത്ത് മധ്യസ്ഥ ശ്രമങ്ങൾക്ക് ഐക്യരാഷ്ട്ര സഭയുടെ പൂർണ പിന്തുണ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടിറെസ് ഉറപ്പു നൽകിയിരുന്നു. തൊട്ടടുത്ത വർഷം 2018 നവംബറിൽ കുവൈത്ത് മധ്യസ്ഥ ശ്രമങ്ങൾക്ക് പിന്തുണയുമായി യൂറോപ്യൻ യൂനിയനും രംഗത്തു വന്നു.ഈ വർഷം മാർച്ചിൽ കുവൈത്തിെൻറ മധ്യസ്ഥ ശ്രമങ്ങൾക്കും പ്രതിസന്ധി പരിഹരിക്കുന്നതിന് പ്രമേയം രൂപപ്പെടുത്തുന്നതിന് മുന്നോട്ടുവന്ന ശൈഖ് സബാഹിെൻറ പ്രയത്നങ്ങൾക്കും അമേരിക്കൻ വിദേശകാര്യ വകുപ്പ് പ്രശംസ അറിയിച്ചിരുന്നു. കുവൈത്ത് ദേശീയ അസംബ്ലിയുടെ 15ാം ലെജിസ്ലേറ്റിവ് ടേമിെൻറ നാലാം സെഷനിൽ ജി.സി.സി സഹോദരങ്ങൾക്കിടയിലെ തർക്കങ്ങളും ഭിന്നതകളും ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് അമീറായിരുന്ന ശൈഖ് സബാഹ് മുന്നറിയിപ്പ് നൽകിയിരുന്നു. ജി.സി.സി രാജ്യങ്ങളുടെ കഴിവുകളെയാണ് പ്രതിസന്ധി ദുർബലമാക്കിയതെന്നും ജി.സി.സിയുടെ ലക്ഷ്യങ്ങളിലേക്കുള്ള ഭീഷണിയാണ് പ്രതിസന്ധിയെന്നുമുള്ള മുന്നറിയിപ്പുമായി അദ്ദേഹം നിരന്തരം രംഗത്തുണ്ടായിരുന്നു. ഭിന്നതകൾക്കപ്പുറത്തേക്ക് ഐക്യം പുന:സ്ഥാപിക്കണമെന്ന് ആവശ്യമുന്നയിച്ചിരുന്ന അദ്ദേഹം, തെൻറ ആഗ്രഹം സഫലമാകാതെയാണ് വിട പറഞ്ഞിരിക്കുന്നത്. എങ്കിലും ഖത്തറിെൻറ മനസ്സിൽ അദ്ദേഹം തിളക്കമുള്ള ഓർമയായി നിലനിൽക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

