യൂസുഫിനും ശ്രീജക്കും പൂച്ചകളെ വിെട്ടാരു ജീവിതമില്ല
text_fieldsസഹം: സൊഹാർ സുവൈറ റൗണ്ട് എബൗട്ടിന് അടുത്ത ഒമാനി സ്‌കൂളിന് മുന്നിലുള്ള പ്രവാസി കുടുംബത്തിെൻറ വില്ലയിൽ എത്തിയാൽ അതിഥികളെ സ്വാഗതം ചെയ്യുക പൂച്ചകളാണ്. ഒന്നും രണ്ടുമല്ല. 23 പൂച്ചകളാണ് ഗൃഹനാഥനായ തമിഴ്നാട് കളിയിക്കാവിള സ്വദേശി മുഹമ്മദ് യൂസുഫിെൻറയും തിരുവനന്തപുരം സ്വദേശിനി ശ്രീജയുടെയും പരിചരണത്തിൽ ഇവിടെ വളരുന്നത്.
ചെറുപ്പം മുതൽ പക്ഷി മൃഗാദികളെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന യൂസുഫിന് സീബിൽ ജോലിചെയ്യുബോഴാണ് ഒരു പൂച്ചയെ കിട്ടുന്നത്. അതിനെ ലാളിച്ചും താലോലിച്ചും കൂടെക്കൂട്ടി. കുസൃതിക്കാരിയായ പുതിയ വിരുന്നുകാരിക്ക് അമ്മു എന്ന് പേരും വിളിച്ചു. രണ്ട് പെൺമക്കളുടെയും കൂടെ മൂന്നാമത്തെ കണ്മണിയെപോലെ അമ്മു വളർന്നു. പൂച്ചകളോട് ഭാര്യക്കും കുട്ടികൾക്കും പ്രത്യേക താത്പര്യം ഉണ്ടായിരുന്നില്ലെന്ന് യൂസുഫ് പറയുന്നു. എന്നാൽ അമ്മുവിെൻറ വരവോടെ പൂച്ചകൾ ഇവർക്കും ജീവനായി.
ജോലി മാറി സൊഹാറിലെത്തുമ്പോൾ കൂടെ കൊണ്ടുവരാൻ വീട്ടുസാധനങ്ങളുടെ കൂടെ അമ്മുവും 12 കുട്ടികളും ഉണ്ടായിരുന്നു. മൂത്ത മകൾ മറിയം മംഗലാപുരം ആയുർവേദ കോളജിലേക്കും ഇളയവൾ ഫാത്തിമ എറണാകുളത്ത് ഫാഷൻ ഡിസൈനിങ് പഠിക്കാനും പോയപ്പോൾ ദമ്പതികൾക്ക് കൂട്ടിന് അമ്മുവും മക്കളും മാത്രമായി. കുട്ടികൾ പഠനാർത്ഥം നാട്ടിലേക്ക് പോയപ്പോഴേക്കും ‘അമ്മു’വിന് 22 കുട്ടികൾ ആയിരുന്നു. ചിലവ് ചുരുക്കാൻ വില്ല വാസം അവസാനിപ്പിച്ചു ഫ്ലാറ്റിലേക്ക് മാറാൻ സുഹൃത്തുക്കൾ ഉപദേശിച്ചെങ്കിലും പൂച്ചകൾക്ക് അസൗകര്യം ഉണ്ടാകുമെന്നു കരുതി വേണ്ടെന്നുവെച്ചു. ജീവന് തുല്യം സ്നേഹിക്കുന്ന ഈ മൃഗങ്ങൾക്കുവേണ്ടി മാറ്റിവെച്ച സന്തോഷങ്ങൾ നിരവധിയാണ്. ഇന്ന് വരെ ഭാര്യയും ഭർത്താവും ഒന്നിച്ചു ഷോപ്പിങ്ങിനോ പാർക്കിലോ പാർട്ടിക്കോ പോയിട്ടില്ല. ഒരാൾ പുറത്തുപോകുമ്പോൾ പൂച്ചയുടെ സംരക്ഷണം ഏറ്റെടുത്ത് മറ്റൊരാൾ അടുത്തുണ്ടാവും. നാട്ടിൽ പോലും ഒറ്റക്കാണ് പോകാറുള്ളത്.
വിപണിയിൽ കിട്ടുന്ന ടിൻ ഫുഡുകളും ബിസ്ക്കറ്റും വേവിച്ച കോഴി ഇറച്ചിയുമൊക്കെയാണ് ഭക്ഷണം. സാധാരണ ഭക്ഷണങ്ങൾ ശീലിപ്പിച്ചിട്ടില്ല. പ്രതിമാസം ചെലവിനത്തിൽ നല്ല ഒരു തുക നീക്കിവെക്കുന്നുണ്ട്. അതിെൻറ കണക്ക് ആരെങ്കിലും ചോദിച്ചാൽ സ്വന്തം മക്കൾക്ക് ചെലവഴിക്കുന്നത് ഏതെങ്കിലും മാതാപിതാക്കൾ പുറത്തു പറയുമോയെന്നാകും ഇരുവരുടെയും മറുപടി. ഹൃദയം നൽകി സ്നേഹിക്കുന്ന പൂച്ചകളുടെ പ്രത്യേക ഭാഷ പോലും ഈ ദമ്പതികൾക്ക് മനസ്സിലാകും.
നാട്ടിൽനിന്നും മക്കൾ ഫോണിൽ വിളിക്കുമ്പോൾ ലൗഡ് സ്പീക്കറിൽ ഇട്ടു പൂച്ചകളെ കേൾപ്പിക്കും. അവരുടെ ശബ്ദം കേൾക്കുേമ്പാൾ പ്രകടിപ്പിക്കുന്ന സ്നേഹപ്രകടനവും മുരൾച്ചയും കാണേണ്ടത് തന്നെയാണെന്ന് ശ്രീജ പറയുന്നു. ഒരിക്കൽ ബിസിനസ് ആവശ്യാർഥം മുഹമ്മദ് യൂസുഫിന് സ്വദേശി പൗരെൻറ കൂടെ നാട്ടിലേക്ക് പോകേണ്ടിവന്നു. ഭാര്യയും സ്ഥലത്തില്ല. ആറുദിവസത്തെ ഭക്ഷണവും പരിചരിക്കാൻ ആളെയും ഏർപ്പാടാക്കിയാണ് പോയത്. അപ്പോഴാണ് അമ്മുവിന് അസുഖമാണെന്ന് വിളിവന്നത്. ഒരുദിവസത്തേക്ക് നാട്ടിൽ നിന്ന് മടങ്ങിവന്നു അമ്മുവിനെ ഡോക്ടറെ കാണിച്ചു തിരിച്ചു പോയിട്ടുണ്ടെന്നും യൂസുഫ് പറയുന്നു. സൊഹാറിൽ ട്രാൻസ്‌പോർട് കമ്പനി നടത്തുന്ന മുഹമ്മദ് യൂസുഫിനും ശ്രീജക്കും വൈകാതെ നാട്ടിൽ ഒരുമിച്ച് പോകേണ്ട ആവശ്യമുണ്ട്. അതിനാൽ ‘അമ്മു’വിനെ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കത്തിലാണ് ഇവർ. മറ്റ് പൂച്ചകൾക്ക് സുരക്ഷിതമായ പരിചരണത്തിന് സൗകര്യമൊരുക്കിയ ശേഷമാകും യാത്രയെന്നും ഇരുവരും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
