"എക്സിലെ' വിഡിയോ; ആംഗ്യഭാഷയുമായി സി.പി.എ
text_fieldsമസ്കത്ത്: സമൂഹമാധ്യമ പോസ്റ്റുകൾ ആംഗ്യഭാഷയിൽ മനസ്സിലാക്കാനുള്ള സേവനം ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ) ആരംഭിച്ചു. സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവരെ പരിഗണിക്കുന്നതിന്റെയും അവർക്ക് കൂടി സേവനങ്ങൾ ലഭ്യമാക്കുന്നതിന്റെയും ഭാഗമായാണ് നടപടി.
സുൽത്താനേറ്റിൽ ആദ്യമായാണ് ഇത്തരം സേവനം ലഭ്യമാക്കുന്നത്. സുപ്രധാന ഉപഭോക്തൃ അവബോധ സന്ദേശങ്ങൾ, മുന്നറിയിപ്പുകൾ, കാമ്പയിൻ വിവരങ്ങൾ എന്നിവ ബധിരരും കേൾവിക്കുറവുള്ളവരുമായ ആളുകളിലേക്ക് എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാനാണ് നടപടി. തെരഞ്ഞെടുത്ത വിഡിയോ പോസ്റ്റുകളിൽ ആംഗ്യഭാഷ വ്യാഖ്യാതാവും ഉണ്ടായിരിക്കും. ഇത് ഉള്ളടക്കം കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കും.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും സേവിക്കുന്നതിനും വിവരങ്ങളുടെ തുല്യലഭ്യത ഉറപ്പാക്കുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയെയാണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നതെന്ന് സി.പി.എ ഉദ്യോഗസ്ഥൻ പറഞ്ഞു. ആംഗ്യഭാഷ ഒരു സുപ്രധാന ആശയവിനിമയ ഉപാധിയാണ്, ഈ ശ്രമത്തിലൂടെ, വിടവ് നികത്താനും ഓരോ ഉപഭോക്താവിനെയും ശാക്തീകരിക്കാനും ഞങ്ങൾ ലക്ഷ്യമിടുന്നുവെന്ന് സി.പി.എ വ്യക്തമാക്കി. വരും മാസങ്ങളിൽ കൂടുതൽ വിഷയങ്ങളും സംവേദനാത്മക ഉള്ളടക്കവും ഉൾക്കൊള്ളുന്ന തരത്തിൽ സേവനം വിപുലീകരിക്കാൻ സി.പി.എ പദ്ധതിയിടുന്നുണ്ട്. ഡിജിറ്റൽ വിവര ലഭ്യത മെച്ചപ്പെടുത്താനും വൈകല്യമുള്ളവരുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കാനുമുള്ള ഒമാന്റെ ദേശീയ നയത്തിന്റെ ഭാഗമാണ് ഈ സംരംഭം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

