ലോക സൂനാമി ബോധവത്കരണ ദിനാചരണം
text_fieldsമസ്കത്ത്: സൂനാമി അപകടസാധ്യതകളെ കുറിച്ച് ബോധവത്കരണവും മുൻകരുതലും തയാറെടുപ്പിനുമുള്ള പ്രാധാന്യം ഓർമിപ്പിക്കാൻ ‘ലോക സൂനാമി ബോധവത്കരണ ദിനം’ ആചരിച്ചു. ‘സൂനാമിക്കായി തയാറെടുക്കാം’ എന്ന പ്രമേയത്തിൽ ലോകതലത്തിൽ നടക്കുന്ന ആചരണത്തിന്റെ ഭാഗമായാണിത്.
ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ച ദിനാചരണത്തിലൂടെ പ്രകൃതിദുരന്തങ്ങൾക്കെതിരായ മുന്നൊരുക്കം ശക്തമാക്കലും ജീവനും സ്വത്തിനും നാശനഷ്ടം കുറക്കാനുള്ള പദ്ധതികൾ പ്രോത്സാഹിപ്പിക്കലുമാണ് ലക്ഷ്യം.
പ്രകൃതിദുരന്തങ്ങൾക്കെതിരായ ബോധവത്കരണം സൃഷ്ടിക്കുന്നതിൽ രാജ്യം പ്രതിബദ്ധമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ നാഷനൽ മൾട്ടി-ഹസാർഡ് എർലി വാണിങ് സെന്റർ സൂനാമി മുന്നറിയിപ്പ് സംവിധാനത്തെ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി നിരീക്ഷണ സംവിധാനങ്ങൾ നവീകരിക്കുകയും പ്രാദേശിക-അന്തർദേശീയ തലങ്ങളിൽ വിവരവിനിമയ സഹകരണം ശക്തിപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
ഇതുവഴി അപകട ഭീഷണി കണ്ടെത്തി കൃത്യമായ മുന്നറിയിപ്പ് നൽകാനാവും. നാഷനൽ എമർജൻസി മാനേജ്മെന്റ് സെന്ററിന്റെയും മറ്റ് ഏജൻസികളുടെയും നേതൃത്വത്തിൽ പരിശീലനം, ബോധവത്കരണം, പരിശീലന ക്യാമ്പ് എന്നിവ അതോറിറ്റിക്ക് കീഴിൽ സംഘടിപ്പിച്ച് വരുന്നു. ഇത്തരം പ്രവർത്തനങ്ങൾ പ്രകൃതിദുരന്തങ്ങൾ നേരിടാനുള്ള രാജ്യത്തിന്റെ സമഗ്ര പ്രതിരോധശേഷി വർധിപ്പിക്കുന്നതിൽ നിർണായകമായ പങ്ക് വഹിക്കുന്നതായി അധികൃതർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

