വേൾഡ് സ്കൂൾസ് റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് ചെസ് ചാമ്പ്യൻഷിപ്; സ്വർണവും വെങ്കലവും നേടി ഇന്ത്യൻ സ്കൂൾ ബൗഷർ വിദ്യാർഥിനി
text_fieldsശ്രീയുക്തയെ സ്കൂൾ അധികൃതർ അഭിനന്ദിക്കുന്നു
മസ്കത്ത്: വേൾഡ് സ്കൂൾസ് റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് ചെസ് ചാമ്പ്യൻഷിപ്പിൽ സ്വർണവും വെങ്കലവും നേടി ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഒമാൻ ഇന്ത്യൻ സ്കൂൾ ബൗഷറിലെ വിദ്യാർഥിനി.
നാലാം ക്ലാസുകാരിയായ എം.എ. ശ്രീയുക്തയാണ് ഉസ്ബകിസ്താനിലെ താഷ്കെന്റിൽ നടന്ന ചെസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. റാപ്പിഡ് ചെസ് ടൂർണമെന്റിൽ സ്വർണ മെഡലും ബ്ലിറ്റ്സ് ചെസ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡലും ശ്രീയുക്ത കരസ്ഥമാക്കി. ആഗസ്റ്റ് ഒന്നു മുതൽ എട്ടുവരെയായിരുന്നു ചാമ്പ്യൻഷിപ്. പെൺകുട്ടികളുടെ അണ്ടർ 9 കാറ്റഗറിയിലാണ് ശ്രീയുക്ത മത്സരിച്ചത്.
മെഡലുമായി ഇന്ത്യൻ സ്കൂൾ ബൗഷറിലെ നാലാം ക്ലാസ് വിദ്യാർഥിനി എം.എ. ശ്രീയുക്ത
ഇന്റർനാഷണൽ ചെസ്സ് ഫെഡറേഷനും ഉസ്ബകിസ്താൻ ചെസ് ഫെഡറേഷനും സംയുക്തമായി നടത്തിയ ചാമ്പ്യൻഷിപ്പിൽ 18ലധികം രാജ്യങ്ങളിൽ നിന്നുള്ള 250ലധികം പേർ പങ്കെടുത്തു. ഓരോ രാജ്യത്തിന്റെയും ദേശീയ ചെസ് ഫെഡറേഷനെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ഈ ടൂർണമെന്റിലേക്കുള്ള പ്രവേശനം. ശ്രീയുക്തയുടെ നേട്ടത്തിൽ സ്കൂൾ മാനേജ്മെന്റും സ്റ്റാഫ് അംഗങ്ങളും വിദ്യാർഥികളും രക്ഷിതാക്കളും അഭിനന്ദനമറിയിച്ചു.

