ലോക പാരാ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഒമാനി താരത്തിന് വെള്ളി മെഡൽ
text_fieldsമസ്കത്ത്: ലണ്ടനിൽ കഴിഞ്ഞ ദിവസം സമാപിച്ച ലോക പാരാ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഒമാനി താരത്തിന് വെള്ളി മെഡൽ. മുഹമ്മദ് അൽ മഷൈഖിയാണ് ഒമാന് പാരാ അത്ലറ്റിക് ചാമ്പ്യൻഷിപ്പിലെ ആദ്യ മെഡൽ നേടിക്കൊടുത്തത്. ഷോട്ട്പുട്ടിൽ 10.49 മീറ്റർ എറിഞ്ഞാണ് മുഹമ്മദ് അൽ മഷൈഖി മെഡലുറപ്പിച്ചത്. മെഡൽ നേടാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും വിജയമുറപ്പിക്കാൻ മികച്ച പരിശീലനം ഏറെ സഹായകരമായതായും മഷൈഖി പറഞ്ഞു.
ഏഷ്യൻ റെക്കോർഡോടെ ഒമാനി താരം മെഡൽ നേടിയത് ചരിത്രനേട്ടമാണെന്ന് ഒമാൻ പാരാലിമ്പിക്ക് കമ്മിറ്റി ചെയർമാൻ ഡോ. മൻസൂർ ബിൻ സുൽത്താൻ അൽ തൗഖി പറഞ്ഞു. മഷൈഖിക്ക് കൂടുതൽ പരിശീലന അവസരങ്ങൾ നൽകുമെന്നും അൽ തൗഖി പറഞ്ഞു. അടുത്ത വർഷത്തെ ഏഷ്യൻ ഗെയിംസ് ലക്ഷ്യമിട്ടാകും പരിശീലനം നൽകുക. അന്താരാഷ്ട്ര തലത്തിൽ നേട്ടങ്ങൾ കൊയ്യാൻ രാജ്യത്തെ കായിക താരങ്ങൾക്ക് മഷൈഖി പ്രേരണയാകുമെന്നും അൽ തൗഖി പറഞ്ഞു.
