ലോക കേരള സഭ: പ്രവാസികളുടെ വിയര്‍പ്പില്‍ ഒരു പ്രഹസന നാടകം
text_fieldsഡോ. സജി
ഉതുപ്പാൻ
ലോക കേരള സഭ എന്നത് പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ രൂപീകരിച്ച ഒരു ജനാധിപത്യ വേദിയാണെന്ന ഔദ്യോഗിക വിശദീകരണം കേള്‍ക്കുമ്പോള്‍ തന്നെ യാഥാർഥ്യവുമായി അതിന് യാതൊരു ബന്ധവുമില്ലെന്നത് കഴിഞ്ഞ കുറേ വര്‍ഷങ്ങളിലെ അനുഭവങ്ങള്‍ തെളിയിക്കുന്നു. കേവലം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു മാത്രം ക്ഷണം കിട്ടുന്നതും പ്രവാസികളുടെ ജീവിത യാഥാർഥ്യങ്ങളെ നേരിടാന്‍ കഴിയാത്ത, അവരെ വെറും പേരിനുവേണ്ടി മാത്രം ഉപയോഗിക്കുന്ന ഒരു സര്‍ക്കാര്‍ ആഡംബര പരിപാടിയായി ലോക കേരള സഭ മാറിയിരിക്കുന്നു എന്നതാണ് പച്ചയായ യാഥാർഥ്യം.
ആദ്യ ലോക കേരള സഭ മുതല്‍ തന്നെ ഉയര്‍ന്നുവന്ന പ്രധാന വാഗ്ദാനങ്ങള്‍ പരിശോധിച്ചാല്‍ അവയുടെ ഗതി എത്ര ദയനീയമാണെന്ന് വ്യക്തമാണ്. പ്രവാസി പെന്ഷന് പദ്ധതി വിപുലീകരിക്കുമെന്ന പ്രഖ്യാപനം, (ഇപ്പോഴും നിരവധി ആളുകള്‍ പ്രവാസി ക്ഷേമ പെന്ഷന് കിട്ടാന്‍ ഓഫീസുകള്‍ കയറി ഇറങ്ങി ജീവിതം മുരടിക്കുന്ന അവസ്ഥയിലാ ണെന്നുള്ളത് നഗ്ന സത്യം.) മടങ്ങിവരുന്ന പ്രവാസികള്‍ക്കായി സമഗ്ര പുനരധിവാസ പദ്ധതി, വിദേശത്ത് നിയമപരമായും തൊഴില്‍പരമായും ചൂഷണം നേരിടുന്നവര്‍ക്ക് ഫലപ്രദമായ സഹായ സംവിധാനം, പ്രവാസി ക്ഷേമനിധി ശക്തിപ്പെടുത്തല്‍, വിമാന ടിക്കറ്റ് കൊള്ളനിരക്കുകള് നിയന്ത്രിക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ എല്ലാം പ്രമേയങ്ങളായി മാത്രം തുടരുന്നു. നടപ്പാക്കലിന്റെ കാര്യത്തില്‍ ഇന്നും സര്‍ക്കാര്‍ പൂർണ പരാജയമാണ്.
ലോക കേരള സഭകളില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ ലഭിക്കുന്നത് നിക്ഷേപ സാധ്യതകള്‍ക്കും കോർപറേറ്റ് ബന്ധങ്ങള്‍ക്കുമാണ്. ‘പ്രവാസി നിക്ഷേപം’ എന്ന വാക്ക് ആവര്‍ത്തിച്ച് പറഞ്ഞ് പണക്കാരായ ബിസിനസുകാരെ വേദിയിലിരുത്തി സര്‍ക്കാര്‍ തങ്ങളുടെ വികസനകഥകള്‍ പറയുമ്പോള്‍, ആ വികസനത്തിന്റെ വില കൊടുത്തത് ആരാണെന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ ആരുമില്ല. ഗള്‍ഫില്‍ ചൂടും പൊടിയും സഹിച്ച് ജോലി ചെയ്യുന്ന സാധാരണ തൊഴിലാളി ഈ സഭയുടെ അജണ്ടയില്‍ ഇല്ല എന്നത് പരമമായ സത്യം.
സാധാരണ പ്രവാസികള്‍ നേരിടുന്ന യഥാർഥ പ്രശ്നങ്ങള്‍ ഈ വേദികളില്‍ ചര്‍ച്ചയാകുന്നില്ല എന്നത് നിഷ്കളങ്കമല്ല, അത് ഒരു രാഷ്ട്രീയ തീരുമാനമാണ്. വിസ റദ്ദാക്കലും തൊഴില്‍ നഷ്ടവും മൂലം പെട്ടെന്ന് നാട്ടിലേക്ക് മടങ്ങേണ്ടി വരുന്ന ആയിരങ്ങള്‍, ശമ്പളം കിട്ടാതെ വര്‍ഷങ്ങളോളം വലയുന്ന തൊഴിലാളികള്‍, നാട്ടിലെത്തിയാല്‍ സാമൂഹിക സുരക്ഷയില്ലാതെ ഒറ്റപ്പെടുന്നവര്‍, ഇവരുടെ ശബ്ദത്തിന് ലോക കേരള സഭയില്‍ സ്ഥാനമില്ല. പകരം, സര്‍ക്കാര്‍ കോർപറേറ്റ് കൂട്ടുകെട്ടുകള്‍ക്ക് അനുകൂലമായ വിഷയങ്ങളില്‍ മാത്രം പ്രാധാന്യം നല്കുന്നു.
ഇത് ലോക കേരള സഭയെ ഒരു പ്രവാസി പ്രതിനിധി സഭ എന്നതിനേക്കാളും, ഒരു എലൈറ്റ് ക്ലബ്ബ് ആക്കി മാറ്റുന്നു. ഇവിടെ സംസാരിക്കുന്നത് സമ്പന്നരാണ്, തീരുമാനങ്ങള്‍ സ്വാധീനിക്കുന്നത് സമ്പന്നരെയാണ്, ഗുണം ലഭിക്കുന്നതും സമ്പന്നര്‍ക്കാണ്. സാധാരണ പ്രവാസിയുടെ ജീവിതം പഴയ അവസ്ഥയില്‍ തന്നെ.
കോടികള്‍ ചെലവഴിച്ച് നടത്തുന്ന ഈ വന്‍ സമ്മേളനങ്ങളുടെ നൈതികതയും ചോദ്യം ചെയ്യപ്പെടണം. സാധാരണക്കാരുടെ കൂടി നികുതിപ്പണം ഉപയോഗിച്ച് നടത്തുന്ന ഈ ആഘോഷങ്ങള്‍ പ്രവാസികളുടെ ജീവിതത്തില്‍ എന്ത് മാറ്റമാണ് സൃഷ്ടിച്ചത് എന്നത് സര്‍ക്കാര്‍ വ്യക്തമാക്കേണ്ടതാണ്. ഓരോ ലോക കേരള സഭക്കും ശേഷം എത്ര വാഗ്ദാനങ്ങള്‍ നടപ്പിലായി, എത്ര എണ്ണം ഉപേക്ഷിക്കപ്പെട്ടു, എത്ര പ്രവാസികള്‍ക്ക് നേരിട്ട് ഗുണം ലഭിച്ചു എന്നതിന്റെ ഒരു തുറന്ന കണക്കെടുപ്പ് പോലും നടന്നിട്ടില്ല.
ലോക കേരള സഭയില്‍ പങ്കെടുക്കുന്ന പ്രതിനിധികളുടെ തെരഞ്ഞെടുപ്പും ഗൗരവമായി പരിശോധിക്കപ്പെടണം. യഥാര്‍ത്ഥ പ്രവാസിയുടെ പ്രാധിനിധ്യം ഇല്ലാത്ത ഒരു വേദി എങ്ങനെ പ്രവാസികളുടെ ശബ്ദമാകുമെന്ന ചോദ്യം അവശേഷിക്കുന്നു.
പ്രവാസികൾക്ക് വേണ്ടി ആരംഭിച്ച നോർക്ക കെയർ ഇൻഷുറൻസിൽ ഗൾഫിലുള്ള ആശുപത്രികളെ ഉൾപ്പെടുത്തണമെന്ന ആവശ്യവും പ്രവാസികളുടെ രക്ഷിതാക്കളെ കൂടി ഉൾപെടുത്തണമെന്നുള്ള ആവശ്യം പോലും ഇതുവരെ പരിഗണിക്കാതെയുള്ള കൊട്ടിഘോഷിച്ച ഇൻഷുറൻസ് അതാത് കമ്പനികളുടെ കൊള്ളയടി തുടരട്ടെ! സാധാരണ പ്രവാസികളുടെ വിയര്‍പ്പും ജീവിതവും രാഷ്ട്രീയ ആഡംബരങ്ങള്‍ക്ക് ഇന്ധനമാക്കുന്ന ഈ പ്രഹസന മാമാങ്കം, അങ്ങേയറ്റത്തെ ഒരു രാഷ്ട്രീയ തട്ടിപ്പുനാടകമാണെന്ന് നിസംശയം പറയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

