ഒമാന്റെ ആരോഗ്യസംവിധാനത്തെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന
text_fieldsമസ്കത്ത്: ഒമാന്റെ ആരോഗ്യസംവിധാനത്തെയും പ്രാഥമികാരോഗ്യ സംരക്ഷണം ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള അക്ഷീണശ്രമങ്ങളെയും പ്രശംസിച്ച് ലോകാരോഗ്യസംഘടന. ഫലപ്രദമായ സംരംഭങ്ങൾ നടപ്പാക്കുന്നതിൽ മുൻനിരയിലുള്ള രാജ്യങ്ങളിൽ ഒന്നാണ് ഒമാനെന്ന് സുൽത്താനേറ്റിലെ ലോകാരോഗ്യസംഘടനയുടെ പ്രതിനിധി ഡോ. ജോൺ ജബ്ബൂർ പറഞ്ഞു. പകർച്ചവ്യാധി തയാറെടുപ്പ്, ഡിജിറ്റൽ പരിവർത്തനം എന്നിവയുമായി ബന്ധപ്പെട്ട തന്ത്രപരമായ പദ്ധതികൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം, ഭാവിദിശകൾ മെച്ചപ്പെടുത്തുന്നതിനുള്ള സംയുക്ത സഹകരണത്തിന്റെ നിലവാരത്തിൽ ആരോഗ്യസംവിധാനം കൂടുതൽ വികസനവും നേട്ടങ്ങളും കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേതൃത്വത്തിന്റെയും സർക്കാറിന്റെയും വിവിധ മേഖലകളുടെയും വ്യക്തമായ രാഷ്ട്രീയ പ്രതിബദ്ധതയാണ് സുൽത്താനേറ്റിനെ വ്യത്യസ്തമാക്കുന്നത്. പ്രാഥമിക ആരോഗ്യസംരക്ഷണം, സാർവത്രിക ആരോഗ്യപരിരക്ഷ, ആരോഗ്യപരിപാടികൾ നേടിയ ഉയർന്ന വിജയം, തന്ത്രപരമായ പദ്ധതികൾ, ഒമാൻ വിഷൻ 2040 പദ്ധതികൾ എന്നിവ ശക്തിപ്പെടുത്തുന്നതിൽ ഈ പ്രതിബദ്ധത പ്രതിഫലിക്കുന്നു. എല്ലാ തലങ്ങളിലുമുള്ള നേതാക്കൾക്കുള്ള പരിശീലനം, എല്ലാ പൊതുജനാരോഗ്യ അപകടസാധ്യതകൾക്കുള്ള തയാറെടുപ്പ്, ആരോഗ്യയൂനിറ്റുകളുടെ വ്യാപ്തി വികസിപ്പിക്കാനുള്ള ശ്രമങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
ഗവർണറേറ്റുകൾക്ക് കൂടുതൽ അധികാരങ്ങൾ നൽകി ആരോഗ്യ വികേന്ദ്രീകരണത്തിലേക്ക് നീങ്ങാനും ഇത് ലക്ഷ്യമിടുന്നു. ഗവർണർമാരുമായുള്ള സഹകരണം പൊതുജനാരോഗ്യ പരിപാടികളുടെ വികാസത്തിനും കാരണമായിട്ടുണ്ട്, പ്രത്യേകിച്ച് ഒമാന്റെ പ്രധാന ആരോഗ്യ നേട്ടങ്ങളിലൊന്നായ ഹെൽത്തി സിറ്റിസ് ആൻഡ് വില്ലേജസ് പ്രോഗ്രാം. ഇതിന്റെ എണ്ണം 12 ആയി ഉയർന്നു. അതിൽ എട്ടെണ്ണം പ്രഖ്യാപിച്ചു, ബാക്കിയുള്ളവ ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സുൽത്താനേറ്റിലെ പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ലോകാരോഗ്യ സംഘടന ആസൂത്രണം ചെയ്തിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട തന്ത്രങ്ങളെയും ഭാവി നിർദേശങ്ങളെയുംകുറിച്ച് അദ്ദേഹം സൂചിപ്പിച്ചു. ആരോഗ്യസംരംഭങ്ങൾ വികസിപ്പിക്കുന്നതിലും നടപ്പാക്കുന്നതിലും ഒരു മുൻനിര രാജ്യമാണ് ഒമാൻ.
സ്വിസ് ഗവൺമെന്റുമായി സഹകരിച്ച് ‘ഹെൽത്ത് ഫോർ പീസ്’ സംരംഭം പോലുള്ള മുൻനിര പദ്ധതികൾ കാരണം സുൽത്താനേറ്റിനെ ‘ആരോഗ്യ സംരംഭങ്ങളുടെ നാട്’ എന്ന് നാമകരണം ചെയ്യുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. പ്രാദേശികമായും അന്തർദേശീയമായും പൊതുജനാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിന് ഗണ്യമായ പിന്തുണ നൽകുന്നതിനുള്ള സമഗ്രമായ കാഴ്ചപ്പാടോടെ സുൽത്താനേറ്റ് സ്വീകരിച്ച തന്ത്രങ്ങളിൽ ഒന്നാണിത്. കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിലെ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്നതും ഉയർന്ന സ്ഥാനമുള്ളതുമായ പൊതുജനാരോഗ്യത്തിൽ ഒമാന്റെ നിലപാടുകൾ ശക്തിപ്പെടുത്താൻ ലോകാരോഗ്യ സംഘടന ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

