നിലനിൽപിനായുള്ള പോരാട്ടത്തിനിടെ ഇന്ന് പത്രപ്രവർത്തക സ്വാതന്ത്ര്യദിനം
text_fieldsമസ്കത്ത്: ഇന്ന് മേയ് മൂന്ന്, പത്രപ്രവർത്തക സ്വാതന്ത്ര്യദിനമായാണ് ലോകമെങ്ങും ആഘോഷിക്കുന്നത്. ഇന്നു തൊഴിൽപരമായി പത്രപ്രവർത്തകർ നേരിടുന്ന വെല്ലുവിളികൾ നിരവധിയാണ്. വെല്ലുവിളികൾ നിറഞ്ഞ കാലം കണക്കിലെടുത്താണ് യുനെസ്കോ പൊതുസമ്മേളന ശിപാർശയെ തുടർന്ന് 1993 ഡിസംബറിൽ യു.എൻ പൊതുസഭ ലോക മാധ്യമ സ്വാതന്ത്ര്യദിനം പ്രഖ്യാപിച്ചത്. ഭീതിയോ പ്രീതിയോ കൂടാതെ, പത്രപ്രവർത്തനം നടത്തുക എന്നതാണ് ഈ വർഷത്തെ പ്രധാന മുദ്രാവാക്യം. മാധ്യമ പ്രവർത്തകരുടെ സുരക്ഷ, ലിംഗ സമത്വം തുടങ്ങിയ ഉപവിഷയങ്ങളും ഉണ്ട്. ഇന്ന് ലോകം മുഴുവൻ കോവിഡ് മഹാമാരിക്ക് മുന്നിൽ പകച്ചുനിൽക്കുകയാണ്. ആരോഗ്യ പ്രവർത്തകർക്കും ക്രമസമാധാന പാലകർക്കുമൊപ്പം മാധ്യമ പ്രവർത്തകരും കർമനിരതരാണ്. ഇതോടൊപ്പം തൊഴിൽപരമായ വെല്ലുവിളികളും രൂക്ഷമാണ്. വേണ്ടത്ര സുരക്ഷയില്ലാത്ത പ്രവർത്തന മേഖലക്ക് ഒപ്പം കുറഞ്ഞ വേതനവും ഏതു നിമിഷവും ജോലി നഷ്ടപ്പെടാമെന്ന ഭീതിയും വ്യാപകമാണ്.
കോവിഡ് മാധ്യമ മേഖലയെയും കാര്യമായി ബാധിച്ചു. നിരവധി മാധ്യമ സ്ഥാപനങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിലാണ്. നിരവധി സ്ഥാപനങ്ങൾ ജീവനക്കാരെ വെട്ടിക്കുറക്കുകയും പിരിച്ചുവിടുകയും ചെയ്തു. ഒമാനിലും സ്ഥിതി വ്യത്യസ്തമല്ല. കോവിഡ് കാലത്ത് മാധ്യമപ്രവർത്തകർ ആരോഗ്യ പ്രവർത്തകർക്ക് സമാനമായ ജോലിയാണ് ചെയ്യുന്നതെന്ന് മസ്കത്ത് ഡെയിലി ദിനപത്രത്തിലെ ഷദാദ് അൽ മുസൽമി പറഞ്ഞു. രോഗ പരിശോധന നടക്കുന്ന സ്ഥലത്തുനിന്നുള്ള വിവരങ്ങൾ ജനങ്ങളെ അറിയിക്കുന്നു. അതോടൊപ്പം ഒമാൻ പോലുള്ള രാജ്യത്തെ പത്രപ്രവർത്തനം ഉത്തരവാദിത്ത പത്രപ്രവർത്തനമാണ്. ഊഹാപോഹങ്ങളോ കെട്ടുകഥകളോ അല്ല. മാധ്യമ പ്രവർത്തകർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം തേടാൻ കാര്യമായ ഇടപെടൽ വേണമെന്നും അദ്ദേഹം പറയുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന് മതിൽക്കെട്ടുകൾ ഇല്ലെന്ന് ഒമാനിലെ മറ്റൊരു മുതിർന്ന പത്രപ്രവർത്തകനായ അശോക് പുരോഹിത് അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര കുത്തകവത്കരണം മറ്റു മേഖലകളെപ്പോലെ ഈ രംഗവും പിടിമുറുക്കിയ കാലഘട്ടത്തിൽ അത്യന്തം വെല്ലുവിളി നിറഞ്ഞതാണ് ഇന്നത്തെ മാധ്യമ പ്രവർത്തനമെന്ന് റേഡിയോ മേഖലയിൽ പ്രവർത്തിക്കുന്ന ഷിലിൻ പൊയ്യാര പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
