Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോക ഭക്ഷ്യദിനാചരണത്തിൽ പങ്കുചേർന്ന് ഒമാൻ; കാർഷിക-മത്സ്യമേഖലകളിൽ ഒമാന് വൻ വളർച്ച

text_fields
bookmark_border
ലോക ഭക്ഷ്യദിനാചരണത്തിൽ പങ്കുചേർന്ന് ഒമാൻ; കാർഷിക-മത്സ്യമേഖലകളിൽ ഒമാന് വൻ വളർച്ച
cancel

മസ്‌കത്ത്: ലോക ഭക്ഷ്യദിനാചരണത്തിൽ പങ്കുചേർന്ന് ഒമാൻ. ‘ഇന്നത്തെ നവീകരണം.. നാളത്തെ ഭക്ഷണം’ എന്ന പ്രമേയത്തിൽ കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയത്തിന്റെ നേതൃത്വത്തിലായിരുന്നു ആചരണം. കാർഷിക-ഭക്ഷ്യ മേഖലയുടെ വികസനത്തിനും സുസ്ഥിര ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും ശാസ്ത്ര സാങ്കേതിക വിദ്യകളും നൂതന ആശയങ്ങളും പ്രയോജനപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് ഈ വർഷത്തെ പ്രമേയം.

‘ഒമാൻ വിഷൻ 2040’ ലക്ഷ്യങ്ങൾക്കനുസരിച്ച് ആഭ്യന്തര ഉൽപാദനം വർധിപ്പിക്കാനും സാമ്പത്തിക വൈവിധ്യവൽകരണത്തിനുമുള്ള ശ്രമങ്ങൾ സുൽത്താനേറ്റ് ഊർജിതമാക്കിയിരിക്കുകയാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

മന്ത്രാലയം പുറത്തുവിട്ട സെപ്റ്റംബറിലെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, കാർഷിക-മത്സ്യബന്ധന മേഖലകൾ മികച്ച സാമ്പത്തിക വളർച്ചയാണ് രേഖപ്പെടുത്തുന്നത്. 2026-ന്റെ ആദ്യ പകുതിയിൽ ഈ മേഖലകളിൽ നിന്നുള്ള മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജി.ഡി.പി) 623.5 ദശലക്ഷം ഒമാനി റിയാലിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 603.6 ദശലക്ഷം റിയാലായിരുന്നു. ഇതോടെ ഈ മേഖലകളിൽ 3.3 ശതമാനം വളർച്ച രേഖപ്പെടുത്തി. രാജ്യത്തിന്റെ ആകെ ജി.ഡി.പിയിൽ 3.2 ശതമാനമാണ് ഈ മേഖലകളുടെ സംഭാവന.

കൃഷി, മൃഗസംരക്ഷണ മേഖലയിൽ 352.8 ദശലക്ഷം ഒമാനി റിയാലിന്റെ വരുമാനത്തോടെ 2.6 ശതമാനം വളർച്ച നേടി. മത്സ്യബന്ധന മേഖലയിൽ 270.7 ദശലക്ഷം ഒമാനി റിയാൽ വരുമാനം നേടുകയും 4.2 ശതമാനം മികച്ച വളർച്ച കൈവരിക്കുകയും ചെയ്തു.

2021 മുതൽ 2025 വരെയുള്ള കാലയളവിൽ 1.8 ബില്യൺ ഒമാനി റിയാലിലധികം നിക്ഷേപത്തോടെ 493 പദ്ധതികളാണ് രാജ്യത്ത് നടപ്പാക്കിയത്. ഇതാണ് ഉൽപാദന ശേഷി വർധിക്കാനും ഭക്ഷ്യസുരക്ഷാ മേഖലകളിൽ വലിയ മുന്നേറ്റമുണ്ടാക്കാനും കാരണമായതെന്ന് മന്ത്രാലയം വ്യക്തമാക്കി. വലിയ രീതിയിലുള്ള നിക്ഷേപങ്ങൾ ആകർഷിക്കാനും ആഭ്യന്തര ഉൽപാദനം കൂട്ടി സ്വയംപര്യാപ്തത കൈവരിക്കാനും ഈ പദ്ധതികൾ സഹായിച്ചു.

ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ജലമുൾപ്പെടെയുള്ള പ്രകൃതിവിഭവങ്ങൾ മികച്ച രീതിയിൽ സംരക്ഷിച്ചും, ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ വിപണിയിലെത്തിച്ചും ഭാവിയിലെ വെല്ലുവിളികളെ നേരിടാൻ ഒമാൻ സജ്ജമാണെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. അതോടൊപ്പം, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്നത് സർക്കാർ-സ്വകാര്യ മേഖലകളുടെയും പൊതുസമൂഹത്തിന്റെയും സംയുക്ത ഉത്തരവാദിത്തമാണെന്നും അധികൃതർ ഓർമിപ്പിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - World Food Day celebration
Next Story