ഇന്ന് ലോക പരിസ്ഥിതിദിനം; മണ്ണിനെ പച്ചപ്പണിയിച്ച് ഒമാൻ കൃഷിക്കൂട്ടം
text_fieldsഒമാൻ കൃഷിക്കൂട്ടത്തിന്റെ വിവിധ പ്രവർത്തനങ്ങളിൽനിന്ന്
മസ്കത്ത്: പരിസ്ഥിതിയെ മലിനമാക്കാതെ, അതിന്റെ ജൈവവൈവിധ്യത്തെ നിലനിർത്തി പ്രവാസലോകത്ത് ഹരിത വിപ്ലവം തീർക്കുകയാണ് ഒമാൻ കൃഷിക്കൂട്ടം. കൃഷി ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്ന ഈ കൂട്ടായ്മ പതിനൊന്നു വർഷത്തിലേറെയായി ഒമാനിലെ പ്രവാസി മലയാളികൾക്കിടയിൽ സുപരിചിതമാണ്. ജോലി സംബന്ധമായോ കുടുംബത്തോടൊപ്പമോ പ്രവാസികളായ കഴിയുന്നവർക്ക് കൃഷി എന്ന ചിന്ത പോലും വിപ്ലവകരമാണെന്ന് തോന്നാറുണ്ട്. സ്ഥല പരിമിതിയിലും, ചുട്ടുപൊള്ളുന്ന കാലാവസ്ഥയിലും, മണ്ണും ചട്ടിയും, വെള്ളവും വില കൊടുത്തു വാങ്ങുന്ന അവസ്ഥയിലും താൽപര്യം കൊണ്ട് മാത്രം കൃഷി ചെയ്യാൻ മുന്നിട്ടിറങ്ങുന്നവരാണ് പ്രവാസികൾ. കുഞ്ഞു ചട്ടികളിലും ഭാഗ്യമുള്ള ചിലർക്ക് മാത്രം കിട്ടുന്ന വീട്ടു മുറ്റത്തെ ഇത്തിരി മണ്ണിലായാലും അതിന്റെ സ്വാഭാവികത നിലനിർത്തുക എന്നതിനാണ് പ്രാധാന്യം നൽകുന്നത്.
ഈ തലമുറയെ മാത്രമല്ല, വരും തലമുറയെയും പ്രകൃതിയോടും മണ്ണിനോടും ചേർത്തു നിർത്തുക എന്ന വലിയ ഉത്തരവാദിത്തം ഏറ്റെടുത്ത് മുന്നേറുകയാണ് ഒമാൻകൃഷിക്കൂട്ടം. കൃഷിയോട് താൽപര്യമുള്ള ആർക്കും വിത്തുകളും, ആശയങ്ങളും, പിന്തുണയുമായി എന്നും ഒമാൻ കൃഷിക്കൂട്ടം കൂടെയുണ്ട്. ഇതേ ആശയം പുതുതലമുറക്ക് കൈമാറുന്നതിനും, മണ്ണിനെയും ജലത്തെയും അതുവഴി ആവാസ വ്യവസ്ഥയെയും മനസ്സിലാക്കാനും ഇന്ത്യൻ സ്കൂളുകൾ കേന്ദ്രീകരിച്ചു വിവിധ ഇനം മത്സരങ്ങളും വർഷം തോറും സംഘടിപ്പിച്ചു വരുന്നുണ്ട്.
ഇന്ത്യൻ സ്കൂൾ ബുറൈമിയിൽ വിദ്യാർഥികൾക്കായി ഒരു മാതൃക കൃഷിത്തോട്ടം ഒമാൻകൃഷിക്കൂട്ടം ബുറൈമി അഡ്മിൻസിന്റെ നേതൃത്വത്തിൽ വർഷങ്ങളായി നടത്തിവരുന്നു. കൂടാതെ കുട്ടികളെ കൃഷിയിലേക്ക് കൂടുതൽ ആകർഷിക്കാനായി ‘ദ ഗ്രീൻ ലിറ്റിൽ ഫിംഗേഴ്സ്’ എന്ന പേരിൽ എല്ലാവർഷവും മുടങ്ങാതെ മത്സരവും നടത്തി വരുന്നു. ഒമാൻകൃഷിക്കൂട്ടം വിതരണം ചെയ്യുന്ന പച്ചക്കറിത്തൈകൾ സ്വന്തമായി നട്ടു വളർത്തി, അവയിൽ ഏറ്റവും നല്ല വിളവുകൾ ലഭിക്കുന്ന കുട്ടികൾക്ക് സമ്മാനവും നൽകിവരുന്നു. ഇന്ത്യൻ സ്കൂൾ മസ്കത്തിൽ കൂട്ടികളെയും ചേർത്ത് ഒമാൻകൃഷിക്കൂട്ടത്തിന് ഒരു മാതൃക കൃഷിത്തോട്ടം ഉണ്ടാക്കുവാനുള്ള അവസരം ലഭിച്ചിരുന്നു. പരിസ്ഥിതി ദിനത്തിൽ നടുന്ന ഒരു ചെടിതൈയിൽ അവസാനിക്കാതെ അവയെ പരിപാലിക്കാനും, എപ്പോഴും നമ്മുടെ ഭൂമിയുടെ സംരക്ഷണം നമ്മുടെ ഉത്തരവാദിത്തമാണെന്ന ബോധം എല്ലാ മനുഷ്യരിലും ഉണ്ടാവണം എന്ന ലക്ഷ്യത്തോടെ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടു നിരവധി ക്ലാസുകൾ ഒമാൻകൃഷിക്കൂട്ടം സംഘടിപ്പിക്കാറുണ്ട്.
ഓരോ സീസൺ തുടങ്ങുന്നതിനു മുമ്പ് എല്ലാ അംഗങ്ങൾക്കും സൗജന്യ വിത്തുകൾ വിതരണം ചെയ്യാറുണ്ട്. വിത്ത് മുളച്ചു വരുന്ന മുതൽ വിളവെടുപ്പുവരെയുള്ള കാലഘട്ടത്തിൽ അംഗങ്ങൾക്കുള്ള സംശയദൂരികരണവും മാർഗ്ഗനിർദ്ദേശവും കൃത്യമായി നൽകി വരുന്നു. മണ്ണിന്റെ ഘടന നശിപ്പിക്കാതെ ജൈവ രീതിയിൽ ഉള്ള കൃഷിയാണ് ഒമാൻകൃഷിക്കൂട്ടം പ്രോത്സാഹിപ്പിക്കുന്നത്. കീടനിയന്ത്രണത്തിലും ജൈവ കീട നിയന്ത്രണ മാർഗങ്ങൾ അവലംഭിക്കാനല്ലാതെ, രാസ കീടനാശിനികൾ ഉപയോഗിക്കാൻ ഉപദേശിക്കാറില്ല.
ഓരോ സീസണിലും മികച്ച കൃഷിക്കാരെ കണ്ടെത്തുന്നതിനായി മാതൃക കർഷകൻ/ കർഷക മത്സരങ്ങൾ സംഘടിപ്പിച്ചു വരുന്നുണ്ട്. മസ്കത്ത്, സുഹാർ, ബുറൈമി എന്നീ മൂന്നു മേഖലകളായി തരം തിരിച്ചു നടത്തുന്ന മത്സരം വിജയികളെ ഒമാൻ കൃഷിക്കൂട്ടം വിളവെടുപ്പുത്സവത്തിൽ ആദരിക്കുന്നു.
ഇത്തവണ പരിസ്ഥിതി ദിന സന്ദേശം പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറക്കുക എന്നതാണല്ലോ. ഒമാൻ കൃഷിക്കൂട്ടം ഈ ഒരു സന്ദേശം എല്ലായ്പ്പോഴും പരിഗണിച്ചു തന്നെയാണ് മുൻപോട്ട് പോകുന്നതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

