ലോക പരിസ്ഥിതി ദിനം; ഹരിത പദ്ധതികളുമായി ഒമാൻ
text_fieldsമസ്കത്ത്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണത്തിനും കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിനുമുള്ള വിപുലമായ പദ്ധതികളുമായി ഒമാൻ. ഭാവി തലമുറക്കായി വൃത്തിയുള്ളതും സുസ്ഥിരവുമായ അന്തരീക്ഷം ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന ‘ഒമാൻ വിഷൻ 2040’ന്റെ ഭാഗമായാണ് ഈ നടപടികൾ. ജൈവവൈവിധ്യ സംരക്ഷണം, വനവൽകരണം, മലിനീകരണ നിയന്ത്രണം, മാലിന്യ സംസ്കരണം എന്നിവക്ക് സുൽത്താനേറ്റ് വലിയ മുൻഗണനയാണ് നൽകുന്നത്.
ആഗോളതലത്തിൽ കാർബൺ ബഹിർഗമനം കുറക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്നതാണ് ഇത്തവണത്തെ പരിസ്ഥിതി ദിന സന്ദേശമെന്ന് എൻവയോൺമെന്റ് അതോറിറ്റി എൻവയോൺമെന്റൽ കംപ്ലയൻസ് ഡയറക്ടർ ജനറൽ ഡോ. മുഹമ്മദ് ബിൻ സൈഫ് അൽ കൽബാനി വ്യക്തമാക്കി. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി രാജ്യത്തുടനീളം തൈകൾ വെച്ചുപിടിപ്പിക്കൽ കാമ്പയിനുകളും ബോധവൽകരണ പരിപാടികളും നടക്കും.
പത്താം പഞ്ചവത്സര വികസന പദ്ധതിയുടെ ഭാഗമായി തയാറാക്കിയ ‘എൻവയോൺമെന്റൽ അറ്റ്‌ലസ്’ നാളെ നടക്കുന്ന ഔദ്യോഗിക ചടങ്ങിൽ പുറത്തിറക്കും. പരിസ്ഥിതിലോല പ്രദേശങ്ങൾ, പ്രകൃതിദത്ത കരുതൽ ശേഖരങ്ങൾ എന്നിവ ഉൾപ്പെടുന്ന സമഗ്രമായ ഡിജിറ്റൽ ഭൂപടമാണിത്. ഇത് രാജ്യത്തെ സുസ്ഥിര വികസനത്തിനും ആസൂത്രണങ്ങൾക്കും വലിയ സഹായമാകും. 2050-ഓടെ പൂർണമായും കാർബൺ രഹിത (നെറ്റ് സീറോ) പദവി കൈവരിക്കാനാണ് ഒമാൻ ലക്ഷ്യമിടുന്നത്. ഇതിനായി പുനരുപയോഗ ഊർജം, ഹരിത ഗതാഗതം, ഗ്രീൻ ഹൈഡ്രജൻ പദ്ധതികൾ എന്നിവയിൽ വൻ നിക്ഷേപമാണ് രാജ്യം നടത്തുന്നത്. നിലവിൽ ഒമാനിൽ 32 പ്രകൃതിദത്ത സംരക്ഷണ കേന്ദ്രങ്ങളുണ്ട്.
2020-ൽ ആരംഭിച്ച ഒരു കോടി മരങ്ങൾ നടാനുള്ള പദ്ധതിക്ക് പുറമെ, ‘പ്ലാന്റ് ഒമാൻ 2050’ എന്ന പുതിയ പദ്ധതിയിലൂടെ കോടിക്കണക്കിന് വന്യ-ഫലവൃക്ഷങ്ങൾ വച്ചുപിടിപ്പിക്കാനും ലക്ഷ്യമിടുന്നു. അന്തരീക്ഷ മലിനീകരണവും കടൽ മലിനീകരണവും തത്സമയം നിരീക്ഷിക്കാനുള്ള ആധുനിക സംവിധാനങ്ങളും ഒമാൻ ഇതിനകം സജ്ജമാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെയുള്ള ബോധവൽക്കരണവും അതോറിറ്റി ശക്തമാക്കിയിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ അന്താരാഷ്ട്ര പരിസ്ഥിതി സൂചികകളിൽ ഒമാന്റെ റാങ്ക് വലിയ തോതിൽ ഉയരാൻ കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

