ലോകകപ്പ് യോഗ്യത: ഒമാന് ഇന്ന് ജീവന്മരണ പോരാട്ടം
text_fieldsവാർത്ത സമ്മേളനത്തിൽ ഒമാൻ ഫുട്ബാൾ ടീം കോച്ച് ബ്രാൻകോ ഇവാൻകോവിക്ക് സംസാരിക്കുന്നു
മസ്കത്ത്: ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബാളിൽ പങ്കെടുക്കുന്ന ഏഷ്യൻ ടീമുകളെ കണ്ടെത്തുന്നതിനുള്ള ഗ്രൂപ് 'ബി'യിലെ നാലാം മത്സരത്തിൽ ഒമാൻ ചൊവ്വാഴ്ച വിയറ്റ്നാമിനെ നേരിടും. ബോഷറിലെ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ രാത്രി എട്ടുമണിക്കാണ് മത്സരം. 50 ശതമാനം കാണികളെ പ്രവേശിപ്പിക്കും. കോവിഡ് വാക്സിെൻറ രണ്ടു ഡോസും സ്വീകരിച്ചവർക്കു മാത്രമേ പ്രവേശനം അനുവദിക്കൂ. ഓൺലൈനിലൂടെ ബുക്കിങ് പൂർത്തിയായി. 15,000 ആളുകൾക്ക് മാത്രമേ പ്രവേശനം ലഭിക്കൂ. ചൊവ്വാഴ്ചത്തെ മത്സരം ഒമാന് നിർണായകമാണ്. മരണ ഗ്രൂപ് എന്നറിയപ്പെടുന്ന ഗ്രൂപ് 'ബി'യിൽ ഉൾപ്പെട്ട ഒമാന് നിലവിൽ മൂന്നു മത്സരങ്ങളിൽനിന്നും മൂന്നു പോയൻറാണുള്ളത്. ആദ്യ മത്സരത്തിൽ ജപ്പാനെ അവരുടെ നാട്ടിൽ അട്ടിമറിച്ചു സ്വപ്ന തുല്യമായ തുടക്കം കുറിച്ച ഒമാൻ രണ്ടാം മത്സരത്തിൽ സ്വന്തം കാണികൾക്കു മുന്നിൽ സൗദി അറേബ്യയോട് ഒരു ഗോളിന് തോറ്റു. ഒക്ടോബർ ഏഴിന് ആസ്ട്രേലിയക്ക് എതിരെ നടന്ന മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും ഒന്നിനെതിരെ മൂന്നു ഗോളിന് തോറ്റു. അതേസമയം, ഒമാൻ ടീം ഏറെ ആത്മവിശ്വാസത്തിലാണ്.
ഒന്നാമതായി സ്വന്തം കാണികൾക്കു മുന്നിൽ കളിക്കുന്നു, രണ്ടാമതായി ഗ്രൂപ്പിലെ കരുത്തരായ ടീമുകളെ ഒമാൻ ഇതിനോടകം നേരിട്ട് കഴിഞ്ഞപ്പോൾ മോശമല്ലാത്ത പ്രകടനം കാഴ്ചവെക്കാനായി. നിർഭാഗ്യവശാൽ രണ്ടു മത്സരത്തിൽ പരാജയപ്പെട്ടുവെങ്കിലും ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഗ്രൂപ്പിലെ മറ്റു രണ്ടു ടീമുകളായ ചൈനയും വിയറ്റ്നാമും മറ്റു മൂന്നു ടീമുകളെ അപേക്ഷിച്ച് അത്ര കരുത്തരല്ല. ജപ്പാൻ, സൗദി അറേബ്യ, ആസ്ട്രേലിയ എന്നീ ടീമുകൾക്ക് എതിരായ പ്രകടനം ചൊവ്വാഴ്ച വിയറ്റ്നാമിനെതിരെ പുറത്തെടുത്താൽ ഒമാന് മികച്ച വിജയം നേടാൻ സാധിക്കും. സ്വന്തം കാണികൾക്ക് മുന്നിൽ അതിനായിരിക്കും ഒമാൻ ശ്രമിക്കുക. തിങ്കളാഴ്ച മാധ്യമ പ്രവർത്തകരെ അഭിമുഖീകരിച്ച കോച്ച് ബ്രാൻകോ ഇവാൻകോവിക്ക് തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. സൗദി അറേബ്യ, ആസ്ട്രേലിയ ടീമുകൾക്കെതിരെ ഒമാൻ മികച്ച പ്രകടനം പുറത്തെടുത്തുവെന്നും കളിക്കാരിൽ പൂർണ വിശ്വാസം ഉണ്ടെന്നും കോച്ച് പറഞ്ഞു. ഗ്രൂപ് 'ബി' യിൽ മൂന്നു മത്സരം വീതം പൂർത്തിയാക്കിയപ്പോൾ ആസ്ട്രേലിയ, സൗദി അറേബ്യ ടീമുകൾക്ക് ഒമ്പതു പോയൻറ് വീതവും ഒമാൻ, ജപ്പാൻ, ചൈന ടീമുകൾക്ക് മൂന്നു പോയൻറ് വീതവും ആണ്. ഓരോ ടീമിനും പത്തു മത്സരം ആണ് ആകെ. ഗ്രൂപ്പിൽ ചൊവ്വാഴ്ച നടക്കുന്ന മറ്റു മത്സരങ്ങളിൽ ജപ്പാൻ ആസ്ട്രേലിയയെയും സൗദി അറേബ്യ ചൈനയെയും നേരിടും. ഈ മത്സരങ്ങളുടെ ഫലവും ഒമാെൻറ മുന്നോട്ടുള്ള യാത്രയെ ബാധിക്കും. ടിക്കറ്റ് വരുമാനത്തിെൻറ മുഴുവൻ വിഹിതവും ഷഹീൻ ദുരിതാശ്വാസ നിധിയിലേക്ക് നൽകും.