ലോകകപ്പ് യോഗ്യത; തോൽവി വഴങ്ങി ഒമാൻ
text_fieldsസുൽത്താൻ ഖാബൂസ് സപോർട്സ് കോംപ്ലക്സിൽ നടന്ന ഒമാൻ-ദക്ഷിണ കൊറിയ മത്സരത്തിൽനിന്ന്
മസ്കത്ത്: ലോകകപ്പ് യോഗ്യത മൂന്നാം റൗണ്ടിലെ രണ്ടാം മത്സരത്തിൽ തോൽവി വഴങ്ങി ഒമാൻ. സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ നടന്ന കളിയിൽ ശക്തരായ ദക്ഷിണകൊറിയയോട് 3-1ന് ആണ് പരാജയപ്പെട്ടത്. ഹ്വാങ് ഹീ ചാൻ, സൺ ഹ്യൂങ് മിൻ, ജൂ മിൻ-ക്യു എന്നിവരാണ് കൊറിയക്കുവേണ്ടി വല കുലുക്കിയത്.
ഒമന്റെ ആശ്വാസ ഗോൾ സെൽഫ് ഗോളായിരുന്നു. ആദ്യവസാനംവരെ കൊറിയൻ ആധിപത്യമായിരുന്നു മത്സരത്തിൽ കണ്ടിരുന്നത്. ഇടുതു വലതുവിങ്ങളുകളിലൂടെ ആക്രമണം ശക്തമാക്കിയ കൊറിയൻ പട ഏത് നിമിഷവും ഒമാൻ വലകുലുക്കുമെന്ന സ്ഥിതിയിലായിരുന്നു. പലപ്പോഴും ഒമാൻ പ്രതിരോധത്തിൽ തട്ടിയായിരുന്നു ആക്രമണത്തിന്റെ മുനയൊടിഞ്ഞത്. ഒടുവിൽ 10ാം മിനിറ്റിൽ കൊറിയ ലക്ഷ്യം കണ്ടു. മുന്നേറ്റതാരം ഹ്വാങ് ഹീ ചാന്റെ വലം കാൽ ഷോട്ട് ഒമാൻ ഗോളിയെ മറികടന്ന് വലയിൽ മുത്തമിട്ടു. ഗോൾ വീണതോടെ ഒമാൻ കൂടുതൽ ഉണർന്ന് കളിച്ചെങ്കിലും കൊറിയൻ പ്രതിരോധ മതിൽ ഭേദിക്കാൻ കോച്ച് ജറോസ്ലോവ് സിൽഹവിയയുടെ കുട്ടികൾക്കായില്ല.
ഒടുവിൽ ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ ഓൺഗോളിലൂടെ റെഡ് വാരിയേഴ്സ് സമനില നേടി. രണ്ടാം പകുതിയിൽ കൂടുതൽ സ്കോർ നേടുകയെന്ന ലക്ഷ്യവുമായിട്ടായിരുന്നു ദക്ഷിണകൊറിയ ഇറങ്ങിയിരുന്നത്. വിട്ടുകൊടുക്കാൻ ഒമാനും ഒരുക്കമായിരുന്നില്ല. മത്സരം സമനിലയിലേക്കുപോകുമെന്ന് തോന്നിക്കുന്ന വേളയിൽ 82ാം മിനിറ്റിൽ സൺ ഹ്യൂങ് മിന്റെ ഗോളിലൂടെ കൊറിയ ലീഡെടുത്തു. തിരിച്ചടിക്കാൻ ഒമാൻ ആക്രമണം ശക്തമാക്കിയെങ്കിലും ഇഞ്ചുറി ടൈമിൽ മൂന്നാം ഗോളും സ്വന്തമാക്കി കൊറിയ വിജയം പൂർണമാക്കി.
ഗ്രൂപ്പ് ബിയിൽ നാല് വീതം പോയന്റുമായി ജോർഡനും ദക്ഷിണകൊറിയയുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തുള്ളത്. ഒമാന്റെ അടുത്ത മത്സരം ഒക്ടോബര്‍ പത്തിന് കുവൈത്തുമായും 15ന് ജോര്‍ഡനുമായും ആണ്. നവംബര്‍ 14ന് ഫലസ്തീനെതിരെയും 19ന് ഇറാഖിനെതിരെയുമാണ് തുടര്‍ന്നുള്ള മത്സരങ്ങള്‍.പിന്നീട് അടുത്ത വര്‍ഷം മാര്‍ച്ചിലാണ് മത്സരങ്ങള്‍ നടക്കുക. മാര്‍ച്ച് 20ന് കൊറിയയെയും 25ന് കുവൈത്തിനെയും നേരിടും. തുടര്‍ന്ന് ജൂണ്‍ അഞ്ചിന് ജോര്‍ഡനുമായും 10ന് ഫലസ്തീനുമായും ഏറ്റുമുട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

