ലോകകപ്പ് യോഗ്യത; ഒമാന് ഇന്ന് ഡു ഓർ ഡൈ...
text_fieldsമസ്കത്ത്: ലോകകപ്പ് യോഗ്യത മൂന്നാം റൗണ്ടിലെ അതിനിർണായക മത്സരത്തിനായി ഒമാൻ ചൊവ്വാഴ്ച ഇറങ്ങും.
ജോർഡനിലെ കിങ് അബ്ദുല്ല സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഫലസ്തീനാണ് എതിരാളികൾ. ഒമാൻ സമയം രാത്രി 10.15നാണ് മത്സരം. കഴിഞ്ഞ കളിയിൽ ജോർഡനോട് തോറ്റതോടെ ഗ്രൂപ്പിൽനിന്ന് നേരിട്ട് യോഗ്യത നേടുക എന്നുള്ള ഒമാന്റെ പ്രതീക്ഷ അവസാനിച്ചിട്ടുണ്ട്. ഗ്രൂപ്പിൽ ഇനി നാലാം സ്ഥാനക്കാരായി അടുത്ത റൗണ്ടിൽ കടക്കാമെന്ന ലക്ഷ്യവുമായിട്ടാണ് കോച്ച് റഷീദ് ജാബിറിന്റെ കുട്ടികൾ ഇന്ന് ബൂട്ട് കെട്ടി ഇറങ്ങുന്നത്. ഒരുസമനില മതി റെഡ്വാരിയേഴ്സിന് അടുത്ത റൗണ്ടിലേക്കുള്ള പ്രവേശനത്തിന്.
എന്നാൽ, ഇന്ന് ജയത്തിൽ കുറഞ്ഞതിനപ്പുറമൊന്നും ഫലസ്തീനും ചിന്തിക്കുന്നില്ല. കഴിഞ്ഞ കളിയിൽ കുവൈത്തിനെ അവരുടെ സ്വന്തം നാട്ടിൽ എതിരില്ലാതെ രണ്ട് ഗോളിന് പരാജയപ്പെടുത്താൻ കഴിഞ്ഞത് അവർക്ക് പ്രതീക്ഷയേകുന്നകാര്യമാണ്. അവസാനമായി ഒമാനും ഫലസ്തീനും ഏറ്റുമുട്ടിയപ്പോൾ ജയം റെഡ് വാരിയേഴ്സിനായിരുന്നു. സ്വന്തം തട്ടകത്തിലായിട്ടുപോലും ഒരുഗോളിനാണ് ഒമാൻ ജയിച്ച് കയറിയത്. ഇന്നത്തെ കളി എവേ മാച്ചാണ് എന്നുള്ളതും ഒമാന് നെഞ്ചിടിപ്പേറ്റുന്ന കാര്യമാണ്. മത്സരത്തിലെ ചെറിയ പിഴവുകൾക്ക് പോലും വലിയ വിലനൽകേണ്ടിവരും. അതിനാൽ, കളിയിൽ കൂടുതൽ ജാഗ്രതപുലർത്തണമെന്നാണ് കോച്ച് താരങ്ങൾക്ക് നൽകിയിരിക്കുന്ന നിദേശം.
ഒമാൻ കോച്ച് റഷീദ് ജാബിർ വാർത്തസമ്മേളനത്തിൽ
ജോർഡനിലെത്തിയ ടീം കോച്ച് റഷീദ് ജാബിറിന്റെ നേതൃത്വത്തിൽ ഊർജിത പരിശീലനമാണ് നടത്തിയത്. കഴിഞ്ഞ കളിയിലെ പോരായ്മകൾ പരിഹരിക്കുന്നതിനായിരുന്നു പ്രധാനമായും പരിശീലനത്തിൽ ഊന്നൽ നൽകിയിരുന്നത്. ഗ്രൂപ് ബിയിൽനിന്ന് ദക്ഷിണ കൊറിയയും ജോർഡനും ലോകകപ്പ് യോഗ്യത ഉറപ്പിച്ചിട്ടുണ്ട്. 12 പോയന്റുമായി മൂന്നാം സ്ഥാനത്തുള്ള ഇറാഖും അടുത്ത റൗണ്ട് ഉറപ്പിച്ചിട്ടുണ്ട്. ശേഷിക്കുന്ന ഒരുടീമിനെ ഇന്നത്തെ മത്സരത്തോടെ അറിയാം.
ഇന്നത്തെ മത്സരം വളരെ പ്രധാനപ്പെട്ടതാണെന്നും മികച്ച കളിക്കാരുള്ള ടീമിനെതിരെയാണ് മത്സരമെന്നും ഒമാൻ കോച്ച് റഷീദ് ജാബിർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കളിക്കാരിൽ വിശ്വാസമുണ്ടെന്നും അവർ തങ്ങളുടെ കഴിവിന്റെ പരമാവധി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

