ലോകകപ്പ് യോഗ്യത; ഒമാന് ഇന്ന് ജീവൻമരണ പോരാട്ടം
text_fieldsഒമാൻ താരങ്ങൾ പരിശീലനത്തിൽ
മസ്കത്ത്: ലോകകപ്പ് യോഗ്യത മത്സരത്തിൽ ജീവൻ മരണപോരാട്ടത്തിനായി ഒമാൻ വ്യാഴാഴ്ച ഇറങ്ങും. ബൗശർ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ നടക്കുന്ന കളിയിൽ ശക്തരായ ജോർഡനാണ് എതിരാളികൾ. രാത്രി എട്ടുമണിക്കാണ് ക്വിക്ക് ഓഫ്.
ഗ്രൂപ് ബിയിൽ എട്ട് കളിയിൽനിന്ന് 13പോയന്റുമായി ജോർഡൻ രണ്ടാം സ്ഥാനത്താണുള്ളത്. ഇത്രയും കളിയിൽനിന്ന് പത്ത് പോയന്റുമായി ഒമാൻ നാലാം സ്ഥാനത്തുമാണ്. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർ നേരിട്ട് ലോകകപ്പിന് യോഗ്യതനേടും. മൂന്നും നാലും സ്ഥാനക്കാർ യോഗ്യത മത്സരങ്ങളുടെ നാലാം റൗണ്ടിൽ പ്രവേശിക്കും. ഗ്രൂപ്പിൽനിന്ന് ഇതിനകം ദക്ഷിണ കൊറിയ യോഗ്യത ഉറപ്പിച്ചിട്ടുണ്ട്. ഒമാന്റെ അടുത്ത മത്സരം ജൂൺ 10ന് ഫലസ്തീനെതിരെയാണ്.
സ്വന്തം തട്ടകത്തിൽ പന്തുതട്ടാൻ ഇറങ്ങുന്നതും സൗഹൃദ മത്സരങ്ങളിലെ വിജയവും ഒമാന് ആത്മവിശ്വാസം നൽകുന്നതാണ്. എന്നാൽ, അവസാനമായി ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഏക പക്ഷീയമായ നാല് ഗോളിന്റെ വിജയം ജോർഡൻ സ്വന്തമാക്കിയിരുന്നു. ഇത് കോച്ച് റഷീദ് ജാബിറിന്റെ കുട്ടികൾക്ക് നെഞ്ചിടിപ്പേറ്റുന്ന കാര്യമാണ്. എന്നാൽ, വലിയ മത്സരങ്ങൾ മുന്നിൽ കണ്ട് ശക്തമായ പരിശീലനമാണ് ടീം കഴിഞ്ഞ ദിവസങ്ങളിൽ നടത്തയിട്ടുള്ളത്. നൈജീരിയക്കെതിരെയും ലെബനാനെതിരെയും നടന്ന സൗഹൃദ മത്സരങ്ങളിലെ വിജയവും ടീമിന് പ്രതീക്ഷ നൽകുന്നതാണ്. ചില വശങ്ങളിൽ ഇനിയും ടീം മുന്നേറാനുണ്ടെന്നാണ് സൗഹൃദ മത്സരങ്ങളിലെ വിജയത്തിനുശേഷം കോച്ച് വിലയിരുത്തിയിട്ടുള്ളത്. ഇത്തരം കാര്യങ്ങളിൽ ഊന്നിയായിരുന്നു പിരിശീലനം പ്രധാനമായും കേന്ദ്രീകരിച്ചിരുന്നത്.
ആക്രമണോത്സുകതയിലും പ്രതിരോധത്തിലും ടീം വ്യക്തമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. അതേസമയം, ചില താരങ്ങളുടെ പരിക്കുകൾ ടീമിന് വെല്ലുവിളിയായിട്ടുണ്ട്. പ്രതിരോധ നിരയിൽ അംജദ് അൽ ഹാർത്തിക്കും പരിക്കേറ്റ ഗോളി ഇബ്രാഹിം അൽ മുഖൈനിക്കും പകരക്കാരനെ കണ്ടെത്താനുള്ള തിരക്കിലായിരുന്നു കഴിഞ്ഞ ദിവസം കോച്ചിങ് സ്റ്റാഫ്. ജമീൽ അൽ യഹ്മദി, താനി അൽ റുഷൈദി, മുൽഹെം അൽ സുനൈദി എന്നിവരാണ് അംജദിന്റെ സ്ഥാത്തേക്ക് പരിശീലക സംഘത്തിനുള്ള ഓപ്ഷൻ. അതേസമയം കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ പരിക്ക് കാരണം ടീമിൽനിന്ന് വിട്ടുനിന്ന ഗോളി ഫയസ് അൽ റുഷൈദി ഇപ്പോൾ ടീമിലേക്ക് തിരിച്ചെത്തുന്നതിനായി കഠിനമായ പരിശീലനത്തിലാണ്. ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കായുള്ള ടീമിനെ ദിവസങ്ങൾക് മുമ്പ്കോച്ച് പ്രഖ്യാപിച്ചിരുന്നു. പരിചയ സമ്പന്നതക്കൊപ്പം യുവതാരങ്ങൾക്കും അവസരം നൽകിയുളളതാണ് ടീം.
സ്പെയിനിലെ യു.ഇ സാന്റ് ആൻഡ്രൂ എസ്.സിക്ക് വേണ്ടി കളിക്കുന്ന താരിഖ് അൽ സാദി ടീമിൽ ഉൾപ്പെട്ടപ്പോൾ ഈ സീസണിൽ ഒമാൻടെൽ ലീഗിലെ ടോപ് സ്കോററായ അബ്ദുൽ സലാം അൽ ഷുകൈലി ഇടംകാണാതെ പുറത്തായി.
ഒമാൻ സ്ക്വാഡ്: ഫയീസ് അൽ റുഷേദി, അബ്ദുൽമാലിക് അൽ ബദ്രി, അഹമ്മദ് അൽ റവാഹി, ഖാലിദ് അൽ ബുറൈക്കി, അഹമ്മദ് അൽ ഖമീസി, താനി അൽ റുഷേദി, മാജിദ് അൽ സാദി, ഗാനിം അൽ ഹബ്ഷി, അലി അൽ ബുസൈദി, അഹമ്മദ് അൽ ഹബ്ഷി, മുൽഹെം, അബ്ദുൽ ഹബ്ളാ, സുനൈദി ഫവാസ്, അർഷാദ് അൽ അലാ, മുസാബ് അൽ ഷാക്സി, അൽ മുൻദർ അൽ അലാ, അബ്ദുൽറഹ്മാൻ അൽ മുഷെഫ്രി, സലാഹ് അൽ യഹ്യാ, ഹാതിം അൽ റൗഷ്ദി, ജമീൽ അൽ യഹ്മാദി, ഹുസൈൻ അൽ ഷഹ്രി, ഇസ്സാം അൽ സുബ്ഹി, മുഹ്സിൻ അൽ സുബ്ഹി, അൽ ഗസാലി, , സുൽത്താൻ അൽ മർസൂഖ്, മുഹമ്മദ് അൽ ഗഫ്രി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

