ലോകകപ്പ് യോഗ്യത: ഒമാൻ പൊരുതിത്തോറ്റു
text_fieldsബസ്റ സ്റ്റേഡിയത്തിൽ നടന്ന ഒമാൻ -ഇറാഖ് മത്സരത്തിൽനിന്ന്
മസ്കത്ത്: ലോകകപ്പ് യോഗ്യത മൂന്നാം റൗണ്ടിലെ ആദ്യ മത്സരത്തിൽ ഒമാൻ പൊരുതിത്തോറ്റു. ബസ്റ സ്റ്റേഡിയത്തിൽ നടന്ന കളിയിൽ ശക്തരായ ഇറാഖിനോട് ഒരു ഗോളിനാണ് അടിയറവ് പറഞ്ഞത്. ഇതോടെ ഇറാഖ് വിലപ്പെട്ട മൂന്ന് പോയന്റ് സ്വന്തമാക്കി.
അയ്മൻ ഹുസൈനണ് ഇറാഖിനായി വലകുലുക്കിയത്. കളിയുടെ വിസിൽ മുഴങ്ങിയ ആദ്യ മിനിറ്റ് മുതൽ ഒപ്പത്തിനൊപ്പമായിരുന്നു ഇരുടീമുകളും മുന്നേറിയത്. പതിയെ ഇറാഖ് കളംനിറഞ്ഞ് കളിക്കാൻ തുടങ്ങി. സ്വന്തം കാണികളുടെ പിന്തുണകൂടി ആയതോടെ സുൽത്താനേറ്റിന്റെ ഗോൾമുഖം വിറച്ചു.
പലപ്പോഴും റെഡ്വാരിയേഴ്സിന്റെ പ്രതിരോധത്തിൽ തട്ടി ആക്രമണത്തിന്റെ മുനയൊടിയുകയായിരുന്നു. ഒടുവിൽ 13ാം മിനിറ്റിൽ അയ്മൻ ഹുസൈന്റെ ഹെഡിലൂടെ ഇറാഖ് ലക്ഷ്യം കണ്ടു. ഗോൾ നേടിയ ഇറാഖ് കളി പിന്നീട് അൽപം മന്ദഗതയിലേക്ക് മാറ്റി. ഇത് മുതലാക്കി ഒമാൻ ആക്രമണം ശക്തമാക്കിയെങ്കിലും ലക്ഷ്യം നേടാനായില്ല.
ആദ്യ പകുതിയിൽനിന്ന് വ്യത്യസ്തമായ ഒമാനെയായിരുന്നു രണ്ടാം പകുതിയിൽ കണ്ടത്. തിരിച്ചടിക്കുക എന്ന ലക്ഷ്യത്തോടെ ഇറങ്ങിയ റെഡ് വാരിയേഴ്സ് മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ മാത്രം വഴങ്ങിയില്ല. ഒമാന്റെ അടുത്ത മത്സരം ദക്ഷിണ കൊറിയക്കെതിരെയാണ്. ഈ മാസം 10ന് മസ്കത്തിലാണ് മത്സരം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

