ലോകകപ്പ് ഫുട്ബാള്‍ യോഗ്യത: ഒമാന്‍ ഇന്ന് ജയിക്കണം
text_fieldsഒമാൻ താരങ്ങൾ പരിശീലനത്തിൽ
മസ്കത്ത്: ലോകകപ്പ് ഫുട്ബാള്‍ യോഗ്യത മൂന്നാം റൗണ്ടിലെ നിർണായക മത്സരത്തിനായി ഒമാൻ ടീം ചൊവ്വാഴ്ച ഇറങ്ങുന്നു. ഒമാൻ സമയം രാത്രി 10.15ന് കുവൈത്ത് ജാബിർ അഹ്മദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ആതിഥേയരാണ് എതിരാളികൾ. ശക്തരായ ദക്ഷിണ കൊറിയയെ അവരുടെ നാട്ടിൽ സമനിലയിൽ തളച്ചിടാൻ കഴിഞ്ഞതിന്റെ ആത്മ വിശ്വാസവുമായിട്ടാണ് റെഡ് വാരിയേഴ്സ് ഇന്ന് ബൂട്ട് കെട്ടിയിറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ പ്രതിരോധനിര മികച്ച പ്രകടനമാണ് പുറത്തെടുത്ത്.
ഇതിന് പുറമെ ഗോൾ വലക്ക് കീഴിൽ ഇബ്രാഹീം അല്‍ മുഖൈനിയും തകർപ്പൻ ഫോമിലായിരുന്നു. ഇന്നും ഈ ഫോം തുടരുകയാണെങ്കിൽ ഒമാന്റെ പ്രതിരോധമതിൽ ഭേദിച്ച് മുന്നേറാൻ കുവൈത്ത് ഏറെ വിയർപ്പൊഴുക്കേണ്ടി വരും. കഴിഞ്ഞ മത്സരത്തിലെ ടീമിൽനിന്ന് വലിയ മാറ്റങ്ങൾക്കൊന്നും ഇന്ന് കോച്ച് മുതിരാൻ സാധ്യതയില്ല. ചില യുവതാരങ്ങൾക്കും അവസരം നൽകിയേക്കും. അതേസമയം, കഴിഞ്ഞ മത്സരത്തിൽ സമനില നേടാൻ കഴിഞ്ഞതിന്റെ ആലസ്യത്തിൽ ഇന്നത്തെ കളിയെ സമീപിക്കരുതെന്നാണ് കോച്ച് റഷീദ് ജാബിർ കുട്ടികൾക്ക് നൽകിയിരിക്കുന്ന ഉപദേശം.
എതിരാളികളെ നിസാരമായി കാണാതെ മികച്ച കളി പുറത്തെടുത്ത് മൂന്നു പോയന്റ് സ്വന്തമാക്കനാണ് ഒമാൻ ശ്രമിക്കുക. ദക്ഷിണ കൊറിയയിൽനിന്ന് കുവൈത്തലെത്തിയ ടീം, കോച്ച് റഷീദ് ജാബിറിന്റെ നേതൃത്വത്തിൽ മികച്ച പരിശീലനമായിരുന്നു നടത്തിയിരുന്നത്. കഴിഞ്ഞ കളിയിലെ പോരായ്മകൾ കണ്ടെത്തി അത് പരിഹരിക്കാനുള്ള ശ്രമമായിരുന്നു പ്രധാനമായും നൽകിയിരുന്നത്. അതേസമയം, സ്വന്തം കാണികൾക്ക് മുന്നിൽ പന്തുതട്ടാൻ ഇറങ്ങുന്നു എന്നത് കുവൈത്തിനും ആത്മവിശ്വാസം നൽകുന്ന കാര്യമാണ്.
തങ്ങളുടേതായ ദിനത്തിൽ ആരെയും അട്ടിമറിക്കാൻ കെൽപ്പുള്ള ഒരുപിടി താരങ്ങൾ അവരുടെ ആവനാഴിയിലുണ്ട്. ദക്ഷിണ കൊറിയയെ സമനിലയിൽ തളച്ചതോടെ ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടാമെന്നുള്ള പ്രതീക്ഷകൾ സജീവമാക്കാൻ ഒമാനായിട്ടുണ്ട്. ഏഴു കളികളിൽ നിന്നും അത്രയും പോയന്റുമായി ഗ്രൂപ് ബിയിൽ നാലാം സ്ഥാനത്താണ് ഒമാൻ. ഇത്രയും കളിയിൽനിന്ന് 15 പോയന്റുമായി ദക്ഷിണ കൊറിയ ഏതാണ്ട് ലോകകപ്പ് യോഗ്യത ഉറപ്പിച്ചിട്ടുണ്ട്.
12 പോയന്റുമായി ജോർഡനും ഇറാഖുമാണ് രണ്ടും മൂന്ന് സ്ഥാനത്തുള്ളത്. അഞ്ചു പോയന്റുമായി കുവൈത്ത് അഞ്ചും മൂന്ന് പോയന്റുമായി ഫലസ്തീൻ ആറാം സ്ഥാനത്തുമാണുള്ളത്. അവസാനമായി ഒമാൻ കുവൈത്തുമായി അറേബ്യൻ ഗൾഫ് കപ്പിൽ ഏറ്റുമുട്ടിപ്പോൾ സമനിലയായിരുന്നു ഫലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

