ലോകകപ്പ് ഫുട്ബാൾ യോഗ്യത മത്സരം: ഒമാൻ-ആസ്ട്രേലിയ പോരാട്ടം ഇന്ന്
text_fieldsഒമാൻ ടീം
മസ്കത്ത്: ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബാളിൽ പങ്കെടുക്കാൻ ഏഷ്യൻ ടീമുകളെ കണ്ടെത്താനുള്ള അവസാന റൗണ്ട് യോഗ്യതമത്സരത്തിൽ ഒമാൻ വ്യാഴാഴ്ച കരുത്തരായ ആസ്ട്രേലിയയെ നേരിടും. ഒമാൻ സമയം രാത്രി പത്തരക്കാണ് മത്സരം. ഇന്നത്തെ മത്സരം ഒമാന് ഏറെ നിർണായകമാണ്. ആറു ടീമുകളുള്ള ഗ്രൂപ് 'ബി'യിൽനിന്ന് രണ്ടു ടീമുകളാണ് ലോകകപ്പിന് നേരിട്ടു യോഗ്യത നേടുക. രണ്ടു മത്സരങ്ങൾ വീതം ഗ്രൂപ്പിലെ എല്ലാ ടീമുകളും പൂർത്തിയാക്കിയപ്പോൾ ആറു പോയൻറ് വീതം നേടി ആസ്ട്രേലിയ, സൗദി അറേബ്യ ടീമുകളാണ് മുന്നിൽ. ഒമാൻ, ജപ്പാൻ ടീമുകൾക്ക് മൂന്നു പോയൻറ് വീതമാണുള്ളത്. ചൈന, വിയറ്റ്നാം ടീമുകൾക്ക് പോയൻറ് ഒന്നും ലഭിച്ചില്ല. ആദ്യ മത്സരത്തിൽ ജപ്പാനെ അട്ടിമറിച്ച ഒമാൻ രണ്ടാം മത്സരത്തിൽ സൗദി അറേബ്യയോട് പരാജയപ്പെടുകയായിരുന്നു. സ്വന്തം നാട്ടിൽ നടക്കുന്നതിനാൽ ഇന്നത്തെ മത്സരത്തിൽ മേൽക്കൈ ആസ്ട്രേലിയക്കായിരിക്കും. എന്നാൽ, ആസ്ട്രേലിയക്തെിരെ ഒമാന് മോശമല്ലാത്ത റെക്കോഡാണുള്ളത്. 2014 ലോകകപ്പ് ഫുട്ബാൾ യോഗ്യത മത്സരത്തിലും ഒമാനും ആസ്ട്രേലിയയും ഒരേ ഗ്രൂപ്പിലായിരുന്നു. അന്ന് ഒമാനിൽ നടന്ന ആദ്യപാദ യോഗ്യതമത്സരത്തിൽ ആസ്ട്രേലിയയെ പരാജയപ്പെടുത്തുകയും ആസ്ട്രേലിയയിൽ നടന്ന രണ്ടാം പാദ മത്സരത്തിൽ സമനിലയിൽ തളക്കുകയും ചെയ്തിരുന്നു. ഇതെല്ലാം ഇന്ന് നടക്കുന്ന മത്സരത്തിൽ ഒമാന് പ്രതീക്ഷ നൽകുന്ന ഘടകമാണ്. ഇന്ന് നടക്കുന്ന മറ്റു മത്സരങ്ങളിൽ സൗദി അറേബ്യ ജപ്പാനെയും ചൈന വിയറ്റ്നാമിനെയും നേരിടും. ഒമാെൻറ അടുത്ത മത്സരം ഒക്ടോബർ 12ന് വിയറ്റ്നാമുമായി മസ്കത്തിൽ നടക്കും.

