ഒമാന് ഇന്ന് കളിയാട്ടം; ലോകകപ്പ് ഫുട്ബാൾ, ക്രിക്കറ്റ് യോഗ്യത മത്സരങ്ങൾക്കായി റെഡ് വാരിയേഴ്സ് ഇറങ്ങുന്നു
text_fieldsഒമാൻതാരങ്ങൾ പരിശീലനത്തിൽ
ഒമാൻ-ഖത്തർ അങ്കം ഇന്ന്
മസ്കത്ത്: ലോകകപ്പിൽ കളിക്കുക എന്ന തങ്ങളുടെ സ്വപ്നത്തിലേക്ക് പന്ത് തട്ടാനായി ഒമാൻ ഇറങ്ങുന്നു. നാലാം റൗണ്ട് യോഗ്യത മത്സരത്തിൽ റെഡ് വാരിയേഴ്സ് ബുധനാഴ്ച കരുത്തരായ ഖത്തറിനെ നേരിടും. ഒമാൻ സമയം വൈകീട്ട് ഏഴിന് ഖത്തറിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിലാണ് കളി.
രണ്ട് ഘട്ടങ്ങളിലായി നടന്ന ആഭ്യന്തര പരിശീലന ക്യാമ്പ് പൂർത്തിയാക്കി ടീം കഴിഞ്ഞദിവസം ഖത്തറിലേക്ക് തിരിച്ചു. മാനസികവും ശാരീരികവുമായ കരുത്ത് നേടാനുള്ള പരിശീലനമാണ് പ്രധാനമായും കോച്ച് കാർലോസ് ക്വിറോസിന് കീഴിൽ നൽകിയിരുന്നത്.
ഗ്രൂപ്പ് എയിൽ ഖത്തർ, യു.എ.ഇ എന്നിവർക്കൊപ്പമാണ് ഒമാൻ. ഗ്രൂപ് ബിയിൽ സൗദി അറേബ്യ, ഇറാഖ്, ഇന്തോനേഷ്യ എന്നിവരാണുൾപ്പെടുന്നത്. ഗ്രൂപ് എയിലെ മത്സരങ്ങൾ ഖത്തറിലും ഗ്രൂപ് ബിയിലെ മത്സരങ്ങൾക്ക് സൗദി അറേബ്യയിലുമാണ് നടക്കുക. ഒക്ടോബർ എട്ടുമുതൽ 14 വരെയാണ് മത്സരങ്ങൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഗ്രൂപ് ജേതാക്കൾ ലോകകപ്പിന് യോഗ്യത നേടും. എന്നാൽ ഒരു ടീമിനുകൂടി സാധ്യത ഉണ്ട്.
നാലാം റൗണ്ടിൽ രണ്ട് ഗ്രൂപ്പിലും രണ്ടാം സ്ഥാനത്ത് വരുന്ന ടീമുകൾ ഹോം ആൻഡ് എവേ അടിസ്ഥാനത്തിൽ ഏറ്റുമുട്ടി ജേതാക്കളാകുന്നവർക്ക് ഇന്റർ കോൺഫെഡറേഷൻ ജേതാക്കളാകുന്ന ടീമുമായി ഹോം ആൻഡ് എവേ അടിസ്ഥാനത്തിൽ മത്സരിച്ചുജയിച്ചാൽ അവർക്കും ലോകകപ്പ് കളിക്കാം. അതുകൊണ്ടുതന്നെ ലോകകപ്പ് ഫുട്ബാളിൽ പന്ത് തട്ടുക എന്നുള്ള സുൽത്താനേറ്റിന്റെ ചിരകാലാഭിലാഷം ഇപ്രാവശ്യം പൂവണിയാൻ സാധ്യത ഏറെയാണെന്നാണ് ആരാധകർ കരുതുന്നത്.
ഗ്രൂപ്പിലുള്ള ഖത്തറും യു.എ.ഇയും ശക്തരാണെങ്കിലും തങ്ങളുടേതായ ദിനത്തിൽ ഇരുടീമുകളെയും അട്ടിമറിക്കാനുള്ള കരുത്ത് റെഡ്വാരിയേഴ്സിനുണ്ട്. സ്വന്തം കാണികൾക്ക് മുന്നിൽ പന്ത് തട്ടുന്നത് ഖത്തറിന് അനുകൂലഘടകമാണ്. എന്നാൽ, കഴിഞ്ഞമാസം നടന്ന കാഫ നാഷൻസ് കപ്പിലെ മികച്ച പ്രകടനം റെഡ്വാരിയേഴ്സിന്റെ ആത്മ വിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. ഗ്രൂപ്പ് ഘട്ടത്തിലെ ഒരു മത്സരത്തിലും ഒമാൻ തോൽവി അറിഞ്ഞിരുന്നില്ല. ആദ്യ മത്സരത്തിൽ തുർക്മെനിസ്തനെ 2-1ന് ആണ് തോൽപ്പിച്ചത്.
രണ്ടാം കളിയിൽ കിർഗിസ്താനെ അതേ സ്കോറിന് പരാജപ്പെടുത്തിപ്പോൾ മൂന്നാം മത്സരത്തിൽ ഉസ്ബകിസ്താനോട് 1-1ന് സമനില വഴങ്ങി. ചെറിയ പിഴവുകൾക്കുപോലും വലിയ വില നൽകേണ്ടിവരുമെന്നതിനാൽ എതിരാളികൾക്കനുസൃതമായ തന്ത്രങ്ങൾ പയറ്റി വിലപ്പെട്ട മൂന്നുപോയന്റ് സ്വന്തമാക്കാനാണ് കോച്ച് നൽകിയിരിക്കുന്ന നിർദേശം.
സമോവക്കെതിരെ ഒമാൻ
മസ്കത്ത്: ട്വന്റി20 ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് ബുധനാഴ്ച ഒമാനിൽ തുടക്കമാകും. ഒക്ടോബർ എട്ടുമുതൽ 17 വരെ മസ്കത്തിലെ ആമിറാത്ത് ക്രിക്കറ്റ് അക്കാദമിക് ഗ്രൗണ്ടിലാണ് ഈസ്റ്റ് ഏഷ്യ-പസഫിക് (ഇ.എ.പി) യോഗ്യതാമത്സരങ്ങൾ നടക്കുന്നത്.
രാവിലെ 10ന് ആദ്യ മത്സരത്തിൽ ഒമാൻ സമോവയെയും ഉച്ചക്ക് 2.30ന് രണ്ടാം മത്സരത്തിൽ യു.എ.ഇ ഖത്തറിനെയും നേരിടും. രാത്രി ഏഴിന് നടക്കുന്ന മൂന്നാം കളിയിൽ നേപ്പാൾ കുവൈത്തുമായും ഏറ്റുമുട്ടും.
യു.എ.ഇ, ഖത്തർ, മലേഷ്യ, നേപ്പാൾ, കുവൈത്ത്, ജപ്പാൻ, ഒമാൻ, സമോവ, പാപുവ ന്യൂ ഗിനിയ എന്നീ ഒമ്പതുടീമുകളാണ് ഈസ്റ്റ് ഏഷ്യ-പസഫിക് മേഖലയിൽ നിന്ന് മത്സരരംഗത്തുള്ളത്. ഇവ ഗ്രൂപ് തലത്തിലും തുടർന്നും ഏറ്റുമുട്ടും.
ഗ്രൂപ്-എയിൽ യു.എ.ഇ, ഖത്തർ, മലേഷ്യയും ‘ബി’യിൽ നേപ്പാൾ, കുവൈത്ത്, ജപ്പാനും ‘സി’യിൽ ഒമാൻ, സമോവ, പാപുവ ന്യൂ ഗിനിയയുമാണ് വരുന്നത്. ഓരോ ഗ്രൂപ്പിലെയും മികച്ച രണ്ട് ടീമുകൾ സൂപ്പർ സിക്സ് ഘട്ടത്തിലേക്ക് മുന്നേറും. സൂപ്പർ സിക്സ് റൗണ്ടിൽ എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടി മികച്ച മൂന്ന് ടീമുകൾ 2026ലെ ട്വന്റി20 ലോകകപ്പിലേക്ക് യോഗ്യത നേടും.
ഒമാൻ ക്രിക്കറ്റ് താരങ്ങൾ
ഒമാന്റെ രണ്ടാം മത്സരം 10ന് പാപുവ ന്യൂ ഗിനിയക്കെതിരെയാണ്. ലോകകപ്പ് സ്വപ്നങ്ങളിൽ പ്രതീക്ഷ പുലർത്തി കഠിനപരിശീലനത്തിലായിരുന്നു ഒമാൻ ടീം. ഏഷ്യാ കപ്പിലെയും നട്ടിൽ കുവൈത്തിനെതിരെയും മികച്ച മത്സരങ്ങൾ കാഴ്ചവെക്കാൻ കഴിഞ്ഞത് ടീമിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.
മത്സരത്തിനായി തങ്ങൾ പൂർണമായി തയാറായിക്കഴിഞ്ഞതായി കോച്ച് ദുലീപ് മെൻഡിസും ഉപ കോച്ച് സുലക്ഷൻ കുൽക്കർണിയും പറഞ്ഞു. ഒമാൻ ഇതുവരെ മൂന്ന് തവണ ട്വന്റി20 ലോകകപ്പ് കളിച്ചിട്ടുണ്ട്. ഏഷ്യാകപ്പിൽ ഇന്ത്യക്കും പാകിസ്താനുമെതിരെ കളിച്ച അനുഭവങ്ങൾ തങ്ങളുടെ കുട്ടികൾക്ക് ഗുണം ചെയ്യമെന്നാണ് കോച്ച് കണക്കൂകൂട്ടുന്നത്.
ഇന്ത്യക്കെതിരെ കളിച്ചതുപോലെ ബാറ്റർമാരും ബൗളർമാരും ഒരേ ഫോമിലെത്തുകയണെങ്കിൽ ലോകക്രിക്കറ്റിന്റെ ആഗോളവേദിയിലേക്ക് ഒരിക്കൽകൂടി റെഡ്വാരിയേഴ്സിന് നിഷപ്രയാസം കടന്നുകയറാനാകും. ഒക്ടോബർ 12 മുതൽ 17 വരെയാണ് ഒമാന്റെ സൂപ്പർ സിക്സ് റൗണ്ട് പോരാട്ടങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

