ലോകകപ്പ് ക്രിക്കറ്റ് യോഗ്യത: തീതുപ്പി വനിന്ദു; തകർന്നടിഞ്ഞ് ഒമാൻ
text_fields മസ്കത്ത്: ലങ്കൻ ബൗളർമാർക്ക് മുന്നിൽ തകർന്നടിഞ്ഞ ഒമാന്‍ ലോകകപ്പ് യോഗ്യത റൗണ്ടിലെ മൂന്നാം മത്സരത്തിൽ വമ്പൻ തോല്‍വി. സിംബാബ് വെയിലെ ക്യൂന്‍സ് സ്പോര്‍ട്സ് ക്ലബില്‍ നടന്ന മത്സരത്തില്‍ 10 വിക്കറ്റുകള്‍ക്കാണ് ശ്രീലങ്ക വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഒമാൻ 30.2 ഓവറിൽ 98 റൺസിന് എല്ലാവരും പുറത്താക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക 15 ഓവറിൽ വിക്കറ്റുകളൊന്നും കളയാതെ ലക്ഷ്യം കാണുകയായിരുന്നു. ദിമുത്ത് (61 ), പത്തും നിസ്സംഗ ( 37) എന്നിവരാണ് ലങ്കക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയത്. ഒമാന്‍ തുടക്കത്തിൽതന്നെ വിക്കറ്റുകൾ നഷ്ടമായിരുന്നു. അയാന് ഖാന് (60 പന്തില്‍ 41 റണ്‍സ്), ജതീന്ദര്‍ സിങ് (43 പന്തില്‍ 21), ഫയ്യാസ് ബട്ട് (28 പന്തില്‍ 13 റണ്‍സ്) എന്നിവരുടെ ചെറുത്ത് നിൽപ്പാണ് ഒമാനെ വൻ നാണക്കേടിൽനിന്ന് രക്ഷിച്ചത്. 7.2 ഓവറില്‍ 13 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ശ്രീലങ്കയുടെ വനിന്ദു ഹസരങ്കയാണ് ഒമാന്റെ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്.
ഇദ്ദേഹം തന്നെയാണ് കളിയിലെ താരവും. ഗ്രൂപ്പിൽ മൂന്ന് കളിയിൽനിന്ന് നാല്പോയന്റുമായി രണ്ടാം സ്ഥാനത്താണ് ഒമാൻ. ലങ്കയോട് പരാജയപ്പെട്ടെങ്കിലും ഒമാന്റെ സൂപ്പർ സിക്സ് സാധ്യതക്ക് മങ്ങലേറ്റിട്ടില്ല. രണ്ട് കളിയിൽനിന്ന് നാല് പോയൻറുമായി ലങ്കയാണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്. ഗ്രൂപ്പിലെ ഒമാന്റെ അവസാന മത്സരം 25ന് സ്കോട്ട്ലാൻഡിനെതിരെ നടക്കും. ഗ്രൂപ് എയിൽനിന്നും, ബിയിൽനിന്നും ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ സൂപ്പര്‍ സിക്സ് പോരാട്ടത്തിന് അർഹത നേടും. ഇതില്‍ കൂടുതല്‍ പോയന്റ് നേടുന്ന ടീമുകള്‍ പ്ലേ ഓഫിലേക്കും തുടര്‍ന്ന് ഫൈനലിലേക്കും യോഗ്യത നേടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

