ലോകകപ്പ് ക്രിക്കറ്റ് ലീഗ്: ഒമാന്‍ വിജയം
text_fieldsസെഞ്ച്വറി നേടിയ ഒമാൻ ക്യാപ്റ്റൻ സീശാന്‍ മഖ്സൂദ്
മസ്കത്ത്: അമേരിക്കയിൽ നടക്കുന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റിൽ നേപ്പാളിനെതിരെ ഒമാന്‍ വിജയം. ലോകകപ്പ് ക്രിക്കറ്റ് ലീഗിന്റെ ഭാഗമായി ഹൂസ്റ്റണിലെ മൂസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ 13 റണ്‍സിനാണ് നേപ്പാളിനെ പരാജയപ്പെടുത്തിയത്. ക്യാപ്റ്റൻ സീശാന്‍ മഖ്സൂദിന്റെ ഓൾറൗണ്ട് പ്രകടനമാണ് ഒമാന്‍ വിജയം എളുപ്പമാക്കിയത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഒമാൻ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് നേടി. സെഞ്ച്വറി നേടിയ (126 പന്തില്‍ 104 റണ്‍സ്) സീശാന്‍ മഖ്സൂദിന്റെയും 30 റണ്‍സ് നേടിയ ഖവാര്‍ അലിയുടെയും പ്രകടനമാണ് ഒമാന്‍ പൊരുതാവുന്ന സ്കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ നേപ്പാൾ 49.4 ഓവറില്‍ 198 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. ആരിഫ് ശൈഖ് (66), ദേവ് കാനൽ (34) എന്നിവർ മാത്രമാണ് നേപ്പാൾ നിരയിൽ തിളങ്ങിയത്. ഒമാനുവേണ്ടി ക്യാപ്റ്റന്‍ സീശാന്‍ മഖ്സൂദ്, ഖവാര്‍ അലി എന്നിവർ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. നേപ്പാളിനുവേണ്ടി കരണ്‍ 38 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകള്‍ എടുത്തു. ഒമാന്റെ അടുത്ത മത്സരം നാളെ അമേരിക്കക്കെതിരെയാണ്. ആദ്യ മത്സരത്തിൽ ഒമാൻ അമേരിക്കയോട് പരാജയപ്പെട്ടിരുന്നു.

