ലോകകപ്പ്-ഏഷ്യ കപ്പ് യോഗ്യത: തുടർവിജയം തേടി ഒമാൻ ഇന്നിറങ്ങും
text_fieldsഒമാൻ ഫുട്ബാൾ താരങ്ങൾ പരിശീലനത്തിൽ
മസ്കത്ത്: ലോകകപ്പ്-ഏഷ്യ കപ്പ് ഇരട്ടയോഗ്യത മത്സരത്തിൽ തുടർവിജയം തേടി ഒമാൻ ചൊവ്വാഴ്ച ഇറങ്ങും. മലേഷ്യയിൽ ഒമാൻ സമയം വൈകീട്ട് ആറിന് നടക്കുന്ന മത്സരത്തിൽ ആതിഥേയരാണ് എതിരാളികൾ. വ്യാഴാഴ്ച മസ്കത്തിൽ നടന്ന മത്സരത്തിൽ മലേഷ്യയെ രണ്ടു ഗോളിന് തകർക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസം ടീമിന് ഗുണം ചെയ്യുമെന്നാണ് കോച്ച് ജറോസ്ലാവ് സിൽഹവി കണക്കുകൂട്ടുന്നത്. 59ാം മിനിറ്റിൽ ഇസ്സാം അൽ സാബിയും 89ാം മിനിറ്റിൽ മുഹ്സിൻ സാല അൽ ഗസാനിയും ആയിരുന്നു റെഡ്വാരിയേഴ്സിന് വേണ്ടി വല കുലുക്കിയത്. ഇതോടെ ഗ്രൂപ് ‘ഡി’യിൽ ഗോൾ ശരാശരിയുടെ അടിസ്ഥാനത്തിൽ ഒമാൻ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു.
ഇന്നും മികച്ച വിജയം നേടി ഗ്രൂപ്പിൽ തങ്ങളുടെ സ്ഥാനം അരക്കിട്ടുറപ്പിക്കാനായിരിക്കും ഒമാൻ ശ്രമിക്കുക. അതേസമയം, കഴിഞ്ഞ മത്സരത്തിലെപോലെ കാര്യങ്ങൾ അത്ര എളുപ്പമാകില്ലെന്നാണ് കോച്ച് താരങ്ങൾക്ക് നൽകിയ മുന്നറിയിപ്പ്. സ്വന്തം കാണികൾക്ക് മുന്നിൽ പന്ത് തട്ടാൻ ഇറങ്ങുന്നു എന്നത് മലേഷ്യക്ക് പ്രതീക്ഷയേകുന്ന കാര്യമാണ്. മാത്രവുമല്ല, കഴിഞ്ഞ കളിയിലെ പോരായ്മകൾ പരിഹരിച്ചായിരിക്കും ആതിഥേയർ ഇറങ്ങുക. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരം കൂടുതൽ കടുക്കുമെന്ന് തന്നെയാണ് ഒമാൻ ക്യാമ്പ് കണക്കുകൂട്ടുന്നത്.
കഴിഞ്ഞ മത്സരത്തിൽ മുന്നേറ്റവും പ്രതിരോധനിരയും കരുത്ത് കാട്ടിയിരുന്നെങ്കിലും ഫിനിഷിങ്ങിലെ പാളിച്ചകൾ കാരണമാണ് റെഡ്വാരിയേഴ്സിന് കൂടുതൽ ഗോളുകൾ നേടാൻ കഴിയാതെ വന്നത്. ചുരുങ്ങിയത് അര ഡസൻ ഗോളിനെങ്കിലും ജയിക്കാമായിരുന്ന മത്സരം രണ്ടു ഗോളിൽ ഒതുങ്ങിയത് പ്രധാനമായും ഇക്കാരണത്താലാണ്.
രണ്ടു ദിവസം മുന്നേ മലേഷ്യയിലെത്തിയ ഒമാൻ ടീം ഊർജിത പരിശീലനങ്ങളാണ് കോച്ചിന് കീഴിൽ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

