ലോക ചെസ് ദിനം വിപുലമായി ആഘോഷിച്ചു
text_fieldsസീബിലെ അൽ അറൈമി ബൊളിവാർഡിൽ നടന്ന ലോക ചെസ് ദിനാഘോഷം
മസ്കത്ത്: ലോക ചെസ് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മസ്കത്ത് സീബിലുള്ള അൽ അറൈമി ബൊളിവാർഡിൽ നടന്ന പരിപാടിയിൽ നിരവധി ചെസ് പ്രേമികളും കളിക്കാരും പങ്കെടുത്തു. മാളിൽ നടന്ന ഈ ആഘോഷം പൊതുജനങ്ങൾക്ക് ചെസ്സ് ലോകം അടുത്തറിയാൻ മികച്ച അവസരമൊരുക്കി. ചെസ് കളിയുടെ പ്രാധാന്യം ഉയർത്തിക്കാട്ടാനും ജനങ്ങൾക്കിടയിൽ, പ്രത്യേകിച്ച് യുവതലമുറയിൽ, ചെസിനോടുള്ള താൽപര്യം വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് രാജ്യത്തുടനീളം പരിപാടികൾ സംഘടിപ്പിച്ചത്.
ചെസ് മാസ്റ്റേഴ്സ് അക്കാദമിയുടെ നേതൃത്വത്തിൽ, ഒമാൻ ചെസ് കമ്മിറ്റിയുടെ സഹകരണത്തോടെ നടത്തിയ ഇന്റർനാഷനൽ ഫിഡെ ക്ലാസിക് ടൂർണമെന്റ് ഇത്തവണത്തെ പ്രധാന ആകർഷണമായിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രഗത്ഭരായ കളിക്കാർ പങ്കെടുത്ത ടൂർണമെൻ്റ് ആവേശകരമായ നിമിഷങ്ങളാണ് സമ്മാനിച്ചത്. കുട്ടികൾക്കും മുതിർന്നവർക്കുമായി ചെസ് മത്സരങ്ങൾ, സിമുൽട്ടേനിയസ് എക്സിബിഷനുകൾ, ചെസ്സ് ക്വിസ്സുകൾ എന്നിവയും നടന്നു. രക്ഷിതാക്കൾക്കുവേണ്ടി സംഘടിപ്പിച്ച ബ്ലിറ്റ്സ് ചെസ് മത്സരം വളരെ ആവേശകരവും ശ്രദ്ധേയവുമായിരുന്നു. പ്രമുഖ ചെസ് കളിക്കാർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുകയും ചെസ്സിന്റെ തന്ത്രങ്ങളെക്കുറിച്ച് ക്ലാസുകൾ എടുക്കുകയും ചെയ്തു. ചെസ്സ് ഒരു വിനോദം എന്നതിലുപരി മാനസിക കഴിവുകൾ വർധിപ്പിക്കുന്നതിനും ഏകാഗ്രത, പ്രശ്നപരിഹാര ശേഷി എന്നിവ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന ഒരു ഉപാധിയാണെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

