ലോക മനുഷ്യക്കടത്ത് വിരുദ്ധദിനം ആചരിച്ചു; ‘അമാൻ’ കാമ്പയിനുമായി ഒമാൻ
text_fieldsമസ്കത്ത്: ലോക മനുഷ്യക്കടത്ത് വിരുദ്ധ ദിനം സുൽത്തനേറ്റിൽ വിപുലമായ പരിപാടികളോടെ ആചരിച്ചു. ഇതിന്റെ ഭാഗമായി ഒമാനിലെ മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിനുള്ള ദേശീയ കമ്മിറ്റി ‘അമാൻ’(സുരക്ഷ) എന്ന പേരിൽ ദേശീയ കാമ്പയിൻ ആരംഭിച്ചു.മനുഷ്യന്റെ അന്തസ്സ് സംരക്ഷിക്കുന്നതിനുള്ള ഒമാന്റെ പ്രതിബദ്ധത അടിവരയിടുന്നതാണ് ഈ സംരംഭം. മനുഷ്യക്കടത്തിന്റെ അപകടങ്ങളെയും വിവിധ രൂപങ്ങളെയും കുറിച്ച് പൊതുജന അവബോധം വളർത്തുകയും ഇതിന്റെ ലക്ഷ്യമാണ്.
നിർബന്ധം, ബലപ്രയോഗം, വഞ്ചന, അധികാര ദുർവിനിയോഗം, ചൂഷണത്തിനായുള്ള മറ്റ് നിയമവിരുദ്ധ രീതികൾ എന്നിവയിലൂടെ വ്യക്തികളുടെ റിക്രൂട്ട്‌മെൻറ്, കൊണ്ടുവരൽ അല്ലെങ്കിൽ സ്വീകരിക്കൽ എന്നിവയാണ് ഒമാനി നിയമപ്രകാരമുള്ള മനുഷ്യക്കടത്ത്.നിർബന്ധിത തൊഴിൽ, ലൈംഗിക ചൂഷണം, അടിമത്തം, ദാസ്യപ്പണി, നിയമവിരുദ്ധമായി അവയവങ്ങൾ നീക്കം ചെയ്യൽ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. പ്രായപൂർത്തിയാകാത്തവരുടെ കാര്യത്തിൽ, ബലപ്രയോഗമോ വഞ്ചനയോ ഉണ്ടെങ്കിലും ഇല്ലെങ്കിലും കടത്ത് കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നു.
'സംഘടിത കുറ്റകൃത്യം: ചൂഷണം അവസാനിപ്പിക്കുക’ എന്ന പ്രമേയത്തിലാണ് ഈ വർഷം ആഗോളതലത്തിൽ ലോക മനുഷ്യക്കടത്ത് വിരുദ്ധ ദിനം ആചരിച്ചുവരുന്നത്.മനുഷ്യക്കടത്ത് തടയുന്നതിനുള്ള നിയമനിർമാണ, സ്ഥാപന ചട്ടക്കൂട് മെച്ചപ്പെടുത്തുന്നതിൽ ഒമാൻ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് എൻക്വയറീസ്, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജമാൽ ബിൻ ഹബീബ് അൽ ഖുറൈഷി പറഞ്ഞു. നിയമനിർമാണം അപ്‌ഡേറ്റ് ചെയ്യുക, ഏജൻസികൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുക, ഈ കുറ്റകൃത്യങ്ങൾ പ്രഫഷണലായി കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ ഉപകരണങ്ങളും പരിശീലനവും ഉദ്യോഗസ്ഥരെ സജ്ജമാക്കുക എന്നിവയിലൂടെ മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിൽ സുൽത്താനേറ്റ് കൈവരിച്ച മുന്നേറ്റങ്ങളെ ഈ വർഷത്തെ പരിപാടികളിലുടെ പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മനുഷ്യക്കടത്ത് ഇരകളെ മികച്ച രീതിയിൽ തിരിച്ചറിയുന്നതിനും സംരക്ഷിക്കുന്നതിനുമായി ആർ.ഒ.പി ഒരു പുതിയ സംവിധാനം ആവിഷ്‌കരിച്ചിട്ടുണ്ട്. ഇരകളെ ഔദ്യോഗിക സംരക്ഷണ കേന്ദ്രങ്ങളിലേക്ക് റഫർ ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നതിന് പബ്ലിക് പ്രോസിക്യൂഷനുമായും സാമൂഹിക വികസന മന്ത്രാലയവുമായും മെച്ചപ്പെട്ട ഏകോപനം ഇതിൽ ഉൾപ്പെടുന്നു. മനുഷ്യക്കടത്തിന്റെ സൂചനകൾ തിരിച്ചറിയുന്നതിനും വേഗത്തിലുള്ള നിയമനടപടികളും ഉചിതമായ പരിചരണവും സാധ്യമാക്കുന്നതിനും ഏജൻസികളിലുടനീളമുള്ള ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിയിട്ടുണ്ട്.
ഈ വർഷം അന്വേഷിച്ച നിരവധി കേസുകൾ അതിർത്തികൾ കടന്ന് പ്രവർത്തിക്കുന്ന സംഘടിത ക്രിമിനൽ ശൃംഖലകളെ തുറന്നുകാട്ടിയതായി ഖുറൈഷി വെളിപ്പെടുത്തി. ഒരു സംഭവത്തിൽ, അറബ്, ഏഷ്യൻ രാജ്യങ്ങളിലെ വ്യക്തികൾ ടൂറിസ്റ്റ് വിസയിൽ ഒമാനിൽ പ്രവേശിച്ച് വിദേശത്ത് നിയമവിരുദ്ധമായി അവയവം മാറ്റിവെക്കൽ പ്രോത്സാഹിപ്പിക്കുന്നതായി കണ്ടെത്തി. വൃക്ക മാറ്റിവെക്കൽ ആവശ്യമുള്ള നിർധനരായ രോഗികളെ ലക്ഷ്യമിട്ടാണ് ഈ ശസ്ത്രക്രിയ നടത്തിയത്.വിദേശത്തുള്ള സ്ത്രീകളെ ഒമാനിലേക്ക് ആകർഷിക്കുന്നതിനായി കുറ്റവാളികൾ വ്യാജ തൊഴിൽ പരസ്യങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യക്തിഗത രേഖകൾ കണ്ടുകെട്ടൽ, ഭീഷണിപ്പെടുത്തി നിർബന്ധിതമായി ജോലി ചെയ്യിപ്പിക്കൽ എന്നിവയാണ് തന്ത്രങ്ങളിൽ ഉൾപ്പെടുന്നത്. ടൂറിസ്റ്റ് അല്ലെങ്കിൽ വിസിറ്റ് വിസകളിൽ തൊഴിലാളികളെ കൊണ്ടുവന്ന് നിയമവിരുദ്ധമായി ജോലി ചെയ്യിപ്പിക്കുകയും അനന്തമായ സമയം ജോലി ചെയ്ത് വിസയുമായി ബന്ധപ്പെട്ട കടങ്ങൾ വീട്ടാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നതാണ് മറ്റ് കേസുകൾ. യൂറോപ്പിലേക്ക് കുടിയേറ്റക്കാരെ കടത്തുന്നതിനും കള്ളക്കടത്ത് നടത്തുന്നതിനുമായി ഇറ്റാലിയൻ അധികൃതർ തിരയുന്ന ഒരു പ്രതിയുമായി ബന്ധപ്പെട്ട ഉന്നത അറസ്റ്റ് ഈ വർഷം ഉണ്ടായി. ആ വ്യക്തിയെ ഒമാനിൽ പിടികൂടി അന്താരാഷ്ട്ര പ്രോട്ടോക്കോളുകൾ പാലിച്ച് നാടുകടത്തിയെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

