Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightരക്തത്തില്‍ അലിഞ്ഞ...

രക്തത്തില്‍ അലിഞ്ഞ സാമൂഹിക സേവനം...

text_fields
bookmark_border
രക്തത്തില്‍ അലിഞ്ഞ സാമൂഹിക സേവനം...
cancel

മസ്കത്ത്: ഓരോ മനുഷ്യനും ജനിച്ചുവീഴുമ്പോള്‍ തന്നെ അവന്‍െറ കര്‍മമണ്ഡലം നിശ്ചയിക്കപ്പെട്ടിരിക്കും. അവര്‍ എവിടെയായാലും അത് അവരെ വിടാതെ തേടുക തന്നെ ചെയ്യും. അതിനു കാലമെന്നോ ദേശമെന്നോ വ്യത്യാസമില്ല. അക്കാര്യം അടിവരയിടുന്നതാണ് സരസ്വതി മനോജ് എന്ന വീട്ടമ്മയുടെ ജീവിതം. 
പത്തനംതിട്ട ജില്ലയിലെ തിരുവല്ലയില്‍ കാരക്കല്‍ ഗ്രാമത്തില്‍ ഈശ്വരന്‍ നമ്പൂതിരിയുടെയും രാധയുടെയും മകളായാണ് ജനനം. സ്കൂള്‍ പഠനകാലത്ത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സില്‍ സജീവമായിരുന്ന സരസ്വതി അന്നു മുതല്‍ക്കേ സാമൂഹിക സേവന മേഖലയില്‍ സജീവമായിരുന്നു. റോഡുകളും ആശുപത്രികളും ശ്രമദാനത്തിലൂടെ വൃത്തിയാക്കുക, പ്രായമായവര്‍ക്ക് ആശുപത്രിയില്‍ കൂട്ടിരിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും ഇവര്‍ മുന്നിട്ടിറങ്ങി. 
പത്താം ക്ളാസിനും പ്രീഡിഗ്രിക്കും ശേഷം തിരുവല്ല വെണ്ണിക്കുളം പോളിടെക്നിക്കില്‍ ചേര്‍ന്നു.

അക്കാലത്ത് തന്‍െറ ഗ്രാമത്തില്‍ ലഭിക്കാത്ത, നഗരത്തില്‍ ലഭ്യമാകുന്ന പല കാര്യങ്ങളും തന്‍െറ അയല്‍ക്കാര്‍ക്ക് ചെയ്തുകൊടുക്കാന്‍ സരസ്വതിക്ക് മടിയുണ്ടായിരുന്നില്ല. 2002 ലാണ് വിവാഹം കഴിയുന്നത്. 2003ല്‍ ഭര്‍ത്താവ് മനോജിനൊപ്പം ഒമാനിലത്തെി. അതോടെ തന്‍െറ സാമൂഹിക സേവനം അവസാനിച്ചുവെന്ന് കരുതിയതാണ് സരസ്വതി. എന്നാല്‍, തന്‍െറ കര്‍മമണ്ഡലം കൂടുതല്‍ വിപുലമാവുകയാണെന്ന് ക്രമേണ തിരിച്ചറിഞ്ഞു.  തന്‍െറ ജീവിതത്തില്‍ എല്ലാം ആകസ്മികമായാണ് സംഭവിച്ചതെന്നും എന്നാല്‍ അതൊക്കെ ഒരു നിമിത്തം ആയെന്നും ഇവര്‍ കരുതുന്നു. ഒമാനില്‍ എത്തുന്ന കാലത്ത് സമൂഹ മാധ്യമങ്ങളും ഇന്‍റര്‍നെറ്റുമൊന്നും സജീവമായിരുന്നില്ല. ഹമരിയയിലെ താമസ സ്ഥലത്തിനടുത്ത ഫ്ളാറ്റിലെ കോഴിക്കോട്ടുകാരിയായ വീട്ടുജോലിക്കാരിയെ യാദൃച്ഛികമായി  കാണുകയും സംസാരിക്കുകയും ചെയ്തപ്പോഴാണ് അവര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ അറിയുന്നത്. 


ഒരിക്കല്‍ സഹോദരന്‍ ട്രെയിനിടിച്ച് മരണപ്പെട്ടതറിഞ്ഞ് ഇവര്‍ നാട്ടില്‍ പോകണമെന്ന് പറഞ്ഞെങ്കിലും വീട്ടുകാര്‍ ടിക്കറ്റെടുത്ത് നല്‍കിയില്ല.  സ്പോണ്‍സറെ അറിയിച്ചപ്പോള്‍ ടിക്കറ്റെടുത്താല്‍ നാട്ടില്‍ വിടാമെന്നായിരുന്നു മറുപടി. അന്ന് ടിക്കറ്റ് നിരക്കായ 60 റിയാല്‍ ഒപ്പിക്കാന്‍ തന്‍െറ അടുത്തുള്ള ഫ്ളാറ്റുകാരെയും കടക്കാരെയും ഒക്കെ സമീപിച്ച സരസ്വതിയെ ആരും നിരാശപ്പെടുത്തിയില്ല. ഒമാനിലെ തന്‍െറ സാമൂഹിക ജീവിതത്തിനു വഴിത്തിരിവായത് അവരെ നാട്ടിലയക്കാനായതാണെന്ന് സരസ്വതി ഓര്‍ക്കുന്നു. പിന്നീട് ആശുപത്രികളില്‍ ഉറ്റവരും ഉടയവരുമില്ലാതെ കിടക്കുന്ന പലര്‍ക്കും  കൂട്ടിരിക്കാനും ഭക്ഷണം കൊടുക്കാനും ഇവര്‍ ഓടിയത്തെി. ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ഭര്‍ത്താവ് നിറഞ്ഞ പിന്തുണ നല്‍കി. ഏറെ വൈകി സോഷ്യല്‍ മീഡിയ സജീവമാകാന്‍ തുടങ്ങിയതോടെ ഫേസ്ബുക്കില്‍ രൂപംകൊണ്ട ബ്ളഡ് ഡോണേഴ്സ് കേരള എന്ന ഗ്രൂപ്പില്‍ ഇടപെട്ടുതുടങ്ങി.  ഉറ്റവരും ഉടയവരും ഇല്ലാതെ മസ്കത്തില്‍ കഴിഞ്ഞ ഒരു സാധു സ്ത്രീയുടെ കാര്യത്തില്‍ ഇടപെട്ടതാണ് മറ്റൊരു വഴിത്തിരിവ്. തീരെ അവശയായിരുന്ന അവരെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് വൃക്കരോഗമാണെന്ന കാര്യം അറിയുന്നത്. ആശുപത്രിയില്‍ചികിത്സ നല്‍കിയെങ്കിലും നാട്ടില്‍ എത്തിക്കുന്നതാണ് നല്ലതെന്ന് അധികൃതര്‍ പറഞ്ഞു.

ആ സമയത്ത് ആശുപത്രി ബില്‍ അടക്കാന്‍ പണമില്ലാതെനിന്ന തന്‍െറ അടുക്കലേക്ക് ദൈവദൂതരെ പോലെ വന്നവരെ ഒരിക്കലും മറക്കില്ല. ഭീമമായ ബില്ലില്‍ നല്ളൊരു തുക അധികൃതര്‍ കുറച്ചുനല്‍കുകയും ചെയ്തു. അവര്‍ നാട്ടിലത്തെി മാസങ്ങള്‍ക്കുശേഷം  മരണത്തിന് കീഴടങ്ങി. ഈ സംഭവത്തിന് എല്ലാവരും തന്ന പിന്തുണ വീ ഹെല്‍പ് എന്ന ഫേസ്ബുക് കൂട്ടായ്മക്ക് പ്രേരണയായി. ഇന്ന് മുന്നൂറിലധികം അംഗങ്ങള്‍ ഈ കൂട്ടായ്മയില്‍ ഉണ്ട്. ജാതി, മത, രാഷ്ട്രീയ ഭേദമില്ലാതെ പ്രവാസത്തിന്‍െറ വഴിയില്‍ കാലിടറിയവര്‍ക്കും നാട്ടില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കും ഒട്ടേറെ സഹായങ്ങള്‍ നല്‍കാന്‍ വീഹെല്‍പ്പിന് സാധിച്ചു. സാമൂഹികരംഗത്തെ മാനുഷിക ഇടപെടലുകള്‍ക്ക് ഒരുപാട് അംഗീകാരങ്ങള്‍ ഇവിടെയും നാട്ടിലും സരസ്വതിയെ തേടിയത്തെിയിട്ടുണ്ട്. എന്നാല്‍, തങ്ങള്‍ സഹായിച്ചവര്‍ ഇന്നും സ്നേഹത്തോടെ ഓര്‍ക്കുന്നതാണ് ഏറ്റവും വലിയ അംഗീകാരം.

ബ്ളഡ് ഡോണേഴ്സ് കേരള, വീ ഹെല്‍പ് മസ്കത്ത്, തണല്‍ എന്നീ കൂട്ടായ്മകള്‍ക്ക് ഒപ്പം എന്തിനും പിന്തുണ നല്‍കുന്ന സുഹൃത്തുക്കളുമാണ് തന്‍െറ പിന്‍ബലം -സരസ്വതി പറഞ്ഞു. ആറാം ക്ളാസില്‍ പഠിക്കുന്ന മകള്‍ കൃഷ്ണപ്രിയയും സരസ്വതിയുടെ വഴിക്കുതന്നെയാണ് സഞ്ചരിക്കുന്നത്. അമ്മക്ക് തിരക്കാകുമ്പോള്‍ ഫേസ്ബുക് കൂട്ടായ്മയില്‍ പലരുടെയും പ്രശ്ങ്ങള്‍ ചോദിച്ചു മനസ്സിലാക്കുന്നത് ഈ മിടുക്കിയാണ്. അതോടൊപ്പം, പങ്കുവെക്കലിന്‍െറയും സഹകരണത്തിന്‍െറയും മൂല്യവും പ്രാധാന്യവും മകള്‍ക്ക്  മനസ്സിലാക്കിക്കൊടുക്കുന്നുണ്ട്. നാളെ ഈ രംഗത്തു തന്നെക്കാള്‍ നന്നായി തന്‍െറ മകള്‍ ശോഭിക്കുമെന്ന് ഈ അമ്മക്ക് ആത്മവിശ്വാസമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:women's day 2017
News Summary - women's day 2017 special
Next Story