തണുപ്പു കാലം; വിനോദസഞ്ചാരികളെ മാടി വിളിച്ച് ജമ്മ ഗ്രാമം
text_fieldsറുസ്താഖ് വിലായത്തിലെ ജമ്മ ഗ്രാമം
മസ്കത്ത്: തണുപ്പു കാല വിനോദസഞ്ചാരികളെ വരവേൽക്കാനൊരുങ്ങി റുസ്താഖ് വിലായത്തിലെ ജമ്മ ഗ്രാമം. ഗ്രാമത്തിലെ സാഹസിക വിനോദവും പ്രകൃതി ഭംഗിയും വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്നതാണ്.
ഗ്രാമത്തിലെ അൽ ഹറാസി ഗോത്രത്തിന്റെ ജീവിതരീതിയും മറ്റും ഒമാനി സംസ്കാരത്തെ അടുത്തറിയാനും സഹായകമാവും. ഗ്രാമത്തിലേക്ക് മലകയറുമ്പോൾ തന്നെ ഈന്ത മരങ്ങളുടെ നീണ്ട നിരകൾ സന്ദർശകർക്ക് ഹരം പകരുന്നതാണ്.
ഗ്രാമത്തിലെ പുരാതന കോട്ടയും പ്രാദേശിക മസ്ജിദുമെല്ലാം വിനോദ സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാണ്. മരങ്ങൾക്കും പച്ചപ്പുകൾക്കുമിടയിലെ വഴിയിലൂടെ നടക്കുന്നത് ഏറെ ശാന്തി പകരുന്നതാണ്.
ഒമാനി കാർഷിക രീതികൾ അടുത്തറിയാനും ജമ്മ ഗ്രാമം സഹായിക്കും. മണ്ണിന്റെ വളക്കൂറ് വർധിപ്പിക്കാനും കീടങ്ങളെ ഓടിക്കാനും ഈന്തപ്പനയുടെ തണ്ടുകളും ഓലകളും മറ്റും കത്തിക്കുന്നതും കാണാവുന്നതാണ്. നിരവധി പരമ്പരാഗത കാർഷിക രീതികളും മനസ്സിലാക്കാൻ സാധിക്കും.
ജമ്മയുടെ കിഴക്കുഭാഗത്തുള്ള കോട്ട ആധുനികവും പൗരാണികമായതുമായ വാസ്തു ശിൽപവിദ്യ ഒത്തുചേർന്നതാണ്. കോട്ടയിലെത്താൻ ചെറിയൊരു കയറ്റം വേണ്ടി വരും. ഇവിടെ നിന്നാൽ മനോഹരമായ കാഴ്ചകൾ കാണാം.
എന്നാൽ, കോട്ടക്കുള്ളിൽ പ്രവേശിക്കുമ്പോൾ കോട്ടയിൽ കഴിയുന്ന വവ്വാലുകളുടെ ശല്യം പ്രതീക്ഷിക്കാം. ഏറെ ശാന്ത സുന്ദരമായ ഈ ഗ്രാമത്തിന് അതിന്റേതായ നിരവധി പ്രത്യേകതകളുണ്ട്. മസ്കത്തിലും നഗരത്തിന്റെ തിരക്കിലും ജീവിക്കുന്നവർക്ക് ശാന്തതയോടെ ചെലവഴിക്കാൻ പറ്റിയ ഏറ്റവും നല്ല കേന്ദ്രമാണ് ജമ്മ ഗ്രാമം.
ഇതിനടുത്തായുള്ള റുസ്താഖ് കോട്ട, അൽ ഹസം കോട്ട എന്നിവയും അൽ അബ്യാദ് മണൽക്കൂനകളും നല്ല അനുഭവമാവും. പാരമ്പര്യത്തിന്റെ കലവറ കൂടിയാണ് ജമ്മ ഗ്രാമം. പാരമ്പര്യ മഹിമയുടെയും ആതിഥേയത്തിന്റെയും മനുഷ്യനും മണ്ണും തമ്മിലുള്ള ബന്ധത്തിന്റെയും നിരവധി കഥകൾ പറയാനുണ്ട് ഈ ഗ്രാമത്തിന്. ഈ ഗ്രാമത്തിൽ എത്തുന്നവർക്ക് ഒമാന്റെ സത്ത അടുത്തറിയാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

