ശൈത്യകാലം വരുന്നു; ഇനി ക്യാമ്പിങ് നാളുകൾ
text_fieldsക്യാമ്പിങ് സൈറ്റ്
മസ്കത്ത്: താപനില കുറഞ്ഞ് തണുപ്പ് ആസന്നമാകുന്നതോടെ മസ്കത്തുൾപ്പെടെ രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ ക്യാമ്പിങ്ങുകൾ സജീവമാകും. മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങൾക്ക് കീഴിൽ പ്രകൃതിയെ ആസ്വദിച്ച് ഇഴകിച്ചേരാനുള്ള ദിവസങ്ങളാണ് ഇനി വരാൻ പോകുന്നത്. ഇതിന്റെ ഭാഗമായി വിവിധ ഇടങ്ങളിൽ ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. ക്യാമ്പിങ്ങിന് വളരെ സുരക്ഷിതമായ രാജ്യമാണ് ഒമാൻ. സാധാരണയായി ഡിസംബർ മുതൽ മാർച്ചുവരെയാണ് അനുയോജ്യമായ സമയം.
കനത്ത ചൂടും മറ്റും കാരണം അധികം ആളുകളും വീട്ടിനുള്ളിൽതന്നെയായിരുന്നു കഴിഞ്ഞ മാസങ്ങളിൽ കഴിഞ്ഞിരുന്നത്. എന്നാൽ, വരും ദിവസങ്ങളിൽ താപനിലയിൽ പ്രകടമായ മാറ്റം വരുന്നതോടെ ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങാൻ തുടങ്ങുകയും ഔട്ട് ഡോർ പ്രവർത്തനങ്ങൾ സജീവമാകുകയം ചെയ്യും. ഇത് ക്യാമ്പിങ് അടക്കമുള്ള ബിസിനസ് മേഖലക്ക് പുത്തനുണർവ് പകരുമെന്ന് സാഹസിക യാത്ര മേഖലയിലുള്ളവർ പറയുന്നു. മൃഗങ്ങളുടെ ഭീഷണിയില്ലാതെ ഏറ്റവും സുരക്ഷിതമായി ക്യാമ്പൊരുക്കാൻ കഴിയുമെന്നുള്ളതും സുൽത്താനേറ്റിന്റെ പ്രത്യേകതയാണ്.
പർവതങ്ങളും മരുഭൂമികളും കടൽത്തീരങ്ങളും അടങ്ങിയ പ്രകൃതി സൗന്ദര്യത്താൽ സമ്പന്നമായ ഒമാൻ, ശൈത്യകാലത്ത് പര്യവേക്ഷണം ചെയ്യാൻ എറ്റവും അനുയോജ്യമായ രാജ്യമാണ്. ക്യാമ്പിങ് യാത്ര ആരംഭിക്കുന്നതിന് മുമ്പ് ഏറ്റവും അനുയോജ്യമായ സ്ഥലം കണ്ടെത്തൽ വളരെ പ്രധാനപ്പെട്ട ഘടകമാണ്. പർവത പ്രദേശങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ജബൽ അഖ്ദർ, ജബൽ ഷംസ് എന്നിവയാണ് ഒമാനിലെ ക്യാമ്പിങ്ങിനുള്ള പ്രധാന സ്ഥലങ്ങൾ. എന്നാൽ, ബീച്ചിൽ മനോഹരമായ രാത്രി ചെലവഴിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് റാസൽ ഹദ്ദ്, തെക്ക് സലാല, ദോഫാറിലെ അൽ മുഗ്സൈൽ അല്ലെങ്കിൽ മസിറ ദ്വീപ് എന്നിവ തിരഞ്ഞെടുക്കാവുന്നതാണ്.
മരുഭൂമിയിലാണ് ക്യാമ്പിങ് ആഗ്രഹിക്കുന്നതെങ്കിൽ റിമാൽ അൽ ഷർഖിയ, റുബ് അൽ ഖാലി എന്നീ പ്രദേശങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്. പർവതങ്ങളിൽ ക്യാമ്പ് ചെയ്യുന്നവർ വിറക്, കിടക്കാനുള്ള സൗകര്യവും മറ്റും കരുതേണ്ടതാണ്. ഒമാനിലെ പ്രമുഖ ഹൈപ്പർമാർക്കറ്റുകളിൽ ഇവ ലഭ്യമാണ്. മസ്കത്ത് ഗവർണറേറ്റിൽ ക്യാമ്പ് ഒരുക്കുന്നതിന് മസ്കത്ത് മുനിസിപ്പാലിറ്റി മാർഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. രണ്ടു ദിവസത്തിൽ കൂടുതൽ ക്യാമ്പുകൾ അനുവദിക്കില്ല. കാരവന്, ടെന്റ് എന്നിവക്കും ഇത് ബാധകമായിരിക്കും.
എന്നാൽ, പ്രത്യേക അനുമതിയോടെ 48 മണിക്കൂറിലധികം ക്യാമ്പ് നടത്താം. ഇതിനായി നൂറ് റിയാല്‍ സെക്യൂരിറ്റി ഡെപ്പോസിറ്റ് നല്‍കേണ്ടി വരും. ഇങ്ങനെ നടത്തുന്ന ക്യാമ്പിന് ഏഴു രാത്രിവരെ അനുമതി ലഭിച്ചേക്കും. ഇത് പിന്നീട് ദീർഘിപ്പിക്കാനും കഴിയും.
മുനിസിപ്പാലിറ്റി നിശ്ചയിക്കുന്ന സ്ഥലങ്ങളില്‍ മാത്രമേ ക്യാമ്പ് നടത്താൻ പാടുള്ളൂ. ഓരോ ക്യാമ്പ് സൈറ്റുമായി അഞ്ച് മീറ്ററില്‍ കുറയാത്ത അകലമുണ്ടായിരിക്കണം. ബീച്ചുമായും നിശ്ചിത അകലം വേണം. മത്സ്യബന്ധനക്കാരുടെയും സുരക്ഷ അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയ സ്ഥലങ്ങളിലും ക്യാമ്പിങ് അനുവദിക്കില്ല.
പാര്‍പ്പിട കേന്ദ്രങ്ങളിൽനിന്ന് കുറഞ്ഞത് 100 മീറ്റര്‍ അകലെയായിരിക്കണം. ആവശ്യമായ ലൈസൻസ് നേടാതെ ക്യാമ്പ് നടത്തിയാൽ 200 റിയാൽ അഡ്മിനിസ്ട്രേറ്റിവ് പിഴ ചുമത്തും. ക്യാമ്പിങ്ങിനുള്ള നിയന്ത്രണങ്ങളോ ആവശ്യകതകളോ പാലിച്ചിട്ടില്ലെങ്കിൽ 50 റിയാലിന്റെ പിഴയും ഈടാക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.