ശീതകാല ടൂറിസവുമായി മഖ്ഷിനിൽ ‘വിന്റർ ഗേറ്റ് വേ’
text_fieldsദോഫാർ ഗവർണറേറ്റിലെ മഖ്ഷിൻ വിലായത്തിൽ ആരംഭിച്ച സാംസ്കാരിക-പാരമ്പര്യ ഫോറത്തിൽനിന്നുള്ള കാഴ്ചകൾ
മസ്കത്ത്: ദോഫാർ ഗവർണറേറ്റിലെ മഖ്ഷിൻ വിലായത്തിൽ ‘വിന്റർ ഗേറ്റ് വേ’ എന്ന പ്രമേയത്തിൽ മന്ദർ അൽ-ധബ്യാൻ സാംസ്കാരിക-പാരമ്പര്യ ഫോറം ആരംഭിച്ചു. ശീതകാല ടൂറിസം പ്രോത്സാഹിപ്പിക്കുകയും പ്രാദേശിക സാമ്പത്തിക ശാക്തീകരണവും ലക്ഷ്യമിട്ടാണ് ബദൂവിയൻ സംസ്കാരം, പരമ്പരാഗത കലകൾ, പ്രാദേശിക പൈതൃകം എന്നിവ ആഘോഷിക്കുന്ന വർണാഭമായ ഈ പരിപാടി സംഘടിപ്പിക്കുന്നത്.
മഖ്ഷിൻ വിലായത്തിന്റെ വാലി ഓഫിസ്, ദോഫാറിലെ സാംസ്കാരിക -കായിക -യുവജന കാര്യ ഡയറക്ടറേറ്റ് ജനറൽ എന്നിവയുടെ നേതൃത്വത്തിൽ വിവിധ പൊതു-സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഫോറത്തിൽ വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. ലുബാൻ കാരവാൻ, കവിതാ സന്ധ്യകൾ, പരമ്പരാഗത കലാപ്രകടനങ്ങൾ, ബദുവിയൻ ജീവിതശൈലി പ്രതിഫലിപ്പിക്കുന്ന കരകൗശല പ്രദർശനം എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. പ്രദേശത്തിന്റെ സാംസ്കാരിക, ചരിത്ര, ടൂറിസം സാധ്യതകൾ പുറമെക്ക് പരിചയപ്പെടുത്തുക എന്നതാണ് പരിപാടിയുടെ മുഖ്യലക്ഷ്യമെന്ന് മന്ദർ അൽ-ദബ്യാൻ ഡെപ്യൂട്ടി വാലി അവാദ് ബിൻ സാലിം മസാൻ വ്യക്തമാക്കി. റബുൽ ഖാലി മരുഭൂമിയിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശം വിശാലമായ മണൽകുന്നുകൾ, തണുപ്പുനിറഞ്ഞ കാലാവസ്ഥ, ആഴത്തിലുള്ള ബദുവിയൻ പാരമ്പര്യം എന്നിവകൊണ്ട് പ്രശസ്തമാണ്.
ഇതോടൊപ്പം ശാലിം വിലായത്തിലെ ശുവൈമിയയിലും ഹല്ലാനിയത്ത് ദ്വീപുകളിലും ‘പരമ്പരാഗത-കരകൗശല വിപണന പ്രദർശനം’ ആരംഭിച്ചു. ദോഫാറിലെ ചെറുകിട-ഇടത്തരം സംരംഭ വികസന വകുപ്പാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. ഞായറാഴ്ച വരെയാണ് പ്രദർശനം.
ഏകദേശം 60 വനിത കരകൗശലപ്രവർത്തകർ പങ്കെടുക്കുന്ന പ്രദർശനത്തിൽ കൈവേലകൾ, പരമ്പരാഗത കരകൗശല ഉൽപന്നങ്ങൾ, ഒമാനി വിഭവങ്ങൾ എന്നിവ ഉൾപ്പെടെ വിപുലമായ ഉൽപന്നങ്ങൾ ലഭ്യമാണ്.
സാംസ്കാരിക-പാരമ്പര്യ ഫോറത്തിൽ പ്രദർശിപ്പിച്ച നാടൻ ഉൽപന്നങ്ങൾ
ശുവൈമിയയിൽ പാരമ്പര്യ -കരകൗശല പ്രദർശനം സമാപിച്ചു
മസ്കത്ത്: ഷലീം വിലായത്തിലെ അൽ ശുവൈമിയ നിയാബത്തിൽ പാരമ്പര്യ -കരകൗശല വ്യവസായങ്ങളുടെ പ്രദർശന- വിപണന മേള സമാപിച്ചു. ദോഫാർ ഗവർണറേറ്റിലെ ചെറുകിട -ഇടത്തരം സംരംഭ വികസന വകുപ്പ് സംഘടിപ്പിച്ച മേളയിൽ 60 വനിത കരകൗശല തൊഴിലാളികൾ വിവിധ ഉൽപന്നങ്ങളുമായി പങ്കെടുത്തു. ഉൽപാദക കുടുംബങ്ങളെയും വനിതാ കരകൗശല തൊഴിലാളികളെയും പിന്തുണക്കുക, അവരുടെ ഉൽപന്നങ്ങൾ നേരിട്ട് പൊതുജനങ്ങൾക്കും ടൂറിസ്റ്റുകൾക്കും പരിചയപ്പെടുത്തുന്നതിനുള്ള വിപണന വേദി ഒരുക്കുക എന്നിവയായിരുന്നു പ്രദർശനത്തിന്റെ പ്രധാന ലക്ഷ്യം.
പരമ്പരാഗത കൈത്തൊഴിലുകൾ, കൈവേല ഉൽപന്നങ്ങൾ, കലാസൃഷ്ടികൾ എന്നിവ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലായാണ് സ്റ്റാളുകൾ ഒരുക്കിയത്.
ഒമാനി ഭക്ഷ്യവിഭവങ്ങൾക്കായി പ്രത്യേക വിഭാഗവും പ്രദർശനത്തിലുണ്ടായിരുന്നു. ഭവന സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക, സ്ഥിരമായ വരുമാനാവസരങ്ങൾ സൃഷ്ടിക്കുക എന്നിവ ലക്ഷ്യമിട്ട് ദോഫാർ ഗവർണറേറ്റ് നടപ്പാക്കുന്ന തുടർച്ചയായ പദ്ധതികളുടെ ഭാഗമാണ് ഈ സംരംഭം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

