വൈകാരിക രംഗങ്ങൾക്ക് സാക്ഷിയായി വിൻഡ്സർ കൊട്ടാരം; സുൽത്താൻ ഖാബൂസിന്റെ ഓർമകളിൽ ചാൾസ് രാജാവ്
text_fieldsലണ്ടൻ: ഒമാനും ബ്രിട്ടനും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള സുദൃഢമായ സൗഹൃദം കാലത്തെ അതിജീവിച്ച് കൂടുതൽ കരുത്താർജ്ജിക്കുകയാണെന്ന് ബ്രിട്ടനിലെ ചാൾസ് രാജാവ്. യു.കെയിൽ ഔദ്യോഗിക സന്ദർശനം നടത്തുന്ന ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന് വിൻഡ്‌സർ കൊട്ടാരത്തിൽ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ഔദ്യോഗിക വിരുന്നിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ മുൻകാല ഒമാൻ സന്ദർശനങ്ങളെക്കുറിച്ച് പ്രസംഗത്തിൽ വാചാലനായ ചാൾസ് രാജാവ്, ഒമാന്റെ മുൻ ഭരണാധികാരി അന്തരിച്ച സുൽത്താൻ ഖാബൂസ് ബിൻ സഈദിനെ വൈകാരികമായി അനുസ്മരിച്ചു. സുൽത്താൻ ഖാബൂസ് പ്രിയപ്പെട്ട സുഹൃത്തും സഹോദരനുമായിരുന്നു. പുരാതന സംസ്കാരവും പൈതൃകവും സംരക്ഷിച്ചുകൊണ്ട് ഒമാനെ വിജയകരമായി പരിവർത്തനത്തിലേക്ക് നയിച്ച വ്യക്തിയായിരുന്നു അദ്ദേഹം. തുറന്ന സമീപനത്തിലും സംവാദത്തിലും അധിഷ്ഠിതമായ വിദേശനയം അസാധാരണമായ വിവേകത്തോടെ അദ്ദേഹം പിന്തുടർന്നു.
അദ്ദേഹത്തിന്റെ ദീർഘവീക്ഷണമുള്ള നേതൃത്വത്തോട് ബ്രിട്ടന് ഏറെ കടപ്പാടുണ്ട്. 46 വർഷം മുമ്പ് ഞാൻ ആദ്യമായി ഒമാൻ സന്ദർശിച്ച കാലം മുതൽ അദ്ദേഹവുമായി നടത്തിയ നിരവധി കൂടിക്കാഴ്ചകളുടെ ഓർമകൾ ഏറെ സ്നേഹത്തോടെ ഞാൻ മനസ്സിൽ സൂക്ഷിക്കുന്നു. ചരിത്രപരമായ ആ സൗഹൃദത്തിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ സന്ദർശനമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
അറബിയിൽ സ്വാഗതം; ചരിത്രം തൊട്ട് തുടക്കം
ബ്രിട്ടന്റെ ഏറ്റവും പഴയ സഖ്യകക്ഷികളിലൊന്നും ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊന്നുമാണ് ഒമാനെന്ന് ചാൾസ് രാജാവ് ഓർമിപ്പിച്ചു. ‘മർഹബൻ ബിക്കും ഫീ വിൻഡ്‌സർ’ (വിൻഡ്‌സറിലേക്ക് നിങ്ങൾക്ക് സ്വാഗതം) എന്ന് അറബിയിൽ പറഞ്ഞാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. യുനൈറ്റഡ് കിങ്ഡം എന്ന രാജ്യം പോലും രൂപപ്പെടുന്നതിനും ആയിരം വർഷങ്ങൾക്ക് മുമ്പ്, ഇരുരാജ്യങ്ങളിലെയും ജനങ്ങൾ പരസ്പരം കണ്ടുമുട്ടുന്നതിനും എത്രയോ മുമ്പുതന്നെ ധീരരായ ഒമാനി കപ്പലോട്ടക്കാർ ഇന്ത്യൻ മഹാസമുദ്രത്തിലൂടെ സഞ്ചരിച്ച് ഒമാന്റെ വിഖ്യാതമായ കുന്തിരിക്ക വ്യാപാര ശൃംഖല വ്യാപിപ്പിച്ചിരുന്നുവെന്ന ചരിത്രവും അദ്ദേഹം സ്മരിച്ചു.സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഊർജസ്വലവും ദീർഘവീക്ഷണത്തോടെയുള്ളതുമായ നേതൃത്വത്തെ ചാൾസ് രാജാവ് പ്രകീർത്തിച്ചു. രാജ്യത്തിന്റെ ഭാവി നവീകരണത്തിന്റെയും പുരോഗതിയുടെയും ചാലകശക്തിയായി ഒമാനിലെ യുവതലമുറയെ മാറ്റാൻ സുൽത്താന് സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാചക വചനവും ഒമാന്റെ സമാധാന നയവും
മിഡിൽ ഈസ്റ്റിൽ യുദ്ധങ്ങളും സംഘർഷങ്ങളും വേദനയോടെ മടങ്ങിയെത്തിയ ഈ സങ്കീർണ കാലഘട്ടത്തിൽ, എല്ലാ കക്ഷികൾക്കും ഒരുപോലെ വിശ്വസിക്കാവുന്ന ഒരു നയതന്ത്ര മധ്യസ്ഥനായി ഒമാൻ നിലകൊള്ളുന്നതിനെ ചാൾസ് രാജാവ് എടുത്തുപറഞ്ഞു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽപ്പാതകളിൽ ഒന്ന് തടസ്സമില്ലാതെ തുറന്നുപ്രവർത്തിക്കാൻ ഒമാൻ നടത്തുന്ന ശ്രമങ്ങൾ അന്താരാഷ്ട്ര സമൂഹത്തിന് വലിയ സേവനമാണ് നൽകുന്നത്. ഹുർമുസ് കടലിടുക്കിനുമപ്പുറം സ്വാധീനമുള്ള ഒമാന്റെ ഈ ‘നിർമാണാത്മകമായ നിഷ്പക്ഷത’ ആഗോളതലത്തിൽ തന്നെ വലിയ ബഹുമാനം അർഹിക്കുന്നതാണെന്ന് പറഞ്ഞ അദ്ദേഹം, ഒമാൻ ജനതയുടെ ഉൽകൃഷ്ടമായ സ്വഭാവമഹിമയെ പ്രകീർത്തിക്കുന്ന പ്രവാചകൻ മുഹമ്മദ് നബിയുടെ വചനവും പ്രസംഗത്തിൽ ഉദ്ധരിച്ചു.
തലമുറകൾ കൈമാറുന്ന സൗഹൃദം
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയ തലമുറയിലേക്കും ശക്തമായി പകരുകയാണെന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ബ്രിട്ടനിലെ വില്യം രാജകുമാരനും ഒമാൻ സാംസ്‌കാരിക-കായിക-യുവജന മന്ത്രാലയം മന്ത്രി സയ്യിദ് ദിയസിൻ ബിൻ ഹൈതമും സംയുക്തമായി ‘ജുവൽ ഓഫ് അറേബ്യ’ പര്യവേക്ഷണത്തിന് നേതൃത്വം നൽകുന്നത് ഇതിന്റെ തെളിവാണ്.1800-ൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ച ചരിത്രപ്രസിദ്ധമായ സൗഹൃദ ഉടമ്പടിയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. അന്ന് നമ്മുടെ പൂർവികർ ഈ ബന്ധം കാലാകാലങ്ങളോളം തകരാതെ നിലനിൽക്കട്ടെ എന്ന് പ്രത്യാശിച്ചിരുന്നു.
200 വർഷങ്ങൾക്കിപ്പുറവും ആ വാഗ്ദാനം പൂർണമായും പാലിക്കപ്പെട്ടിരിക്കുന്നുവെന്നും ജനങ്ങൾ തമ്മിലുള്ള സമാന്തര ബന്ധങ്ങളിലൂടെ ഒമാനും ബ്രിട്ടനും തമ്മിൽ തകർക്കാനാവാത്ത സൗഹൃദമാണ് കെട്ടിപ്പടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒമാൻ ഭരണകൂടത്തോടും അവിടുത്തെ സ്ഥാപനങ്ങളോടും സുൽത്താനോട് വ്യക്തിപരമായും യുനൈറ്റഡ് കിങ്ഡത്തിനുള്ള വലിയ ബഹുമാനത്തിന്റെ അടയാളമാണ് ഈ സന്ദർശനമെന്ന് വ്യക്തമാക്കിയാണ് ചാൾസ് രാജാവ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

