പരക്കെ ശക്തമായ മഴ, വൻ നാശം
text_fieldsസൂറിൽ കനത്ത മഴയിൽ വെള്ളം കയറിയപ്പോൾ
മസ്കത്ത്: ഒമാെൻറ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച പകലും ശക്തമായ മഴ പെയ്തു. കനത്ത മഴ വൻ നാശനഷ്ടങ്ങളാണ് പല ഭാഗങ്ങളിലും ഉണ്ടാക്കുന്നത്. ശക്തമായ മഴ കാരണം പല ഭാഗത്തും താഴ്വരകൾ നിറഞ്ഞൊഴുകുകയാണ്. നിരവധി വാഹനങ്ങൾ താഴ്വരയിൽ കുടുങ്ങിയിട്ടുണ്ട്.
മഴയിൽ നിരവധി വീടുകൾ തകർന്നു, നിരവധി പേർ കെട്ടിടങ്ങളിൽ കുടുങ്ങി. മഴ കാരണം സൂറിൽ വൈദ്യുതി ബന്ധം താറുമാറായി. വൈദ്യുതി പുനഃസ്ഥാപിക്കാൻ ശ്രമങ്ങൾ നടത്തുന്നതായി അധികൃതർ അറിയിച്ചു. ദാഖിലിയ്യ ഗവർണറേറ്റിലെ സുമൈലിൽ താഴ്വരയിൽ പെട്ട ബുൾേഡാസറിനുള്ളിൽ കുടുങ്ങിയ ഒരാൾ മരിച്ചു. ബുൾഡോസറിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി റെസ്ക്യൂ ടീം രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പുറത്തെടുക്കുേമ്പാേഴക്കും മരിച്ചു.
ശർഖിയ്യ ഗവർണറേറ്റിൽ രണ്ട് മണിക്കൂറോളും നീണ്ട കനത്ത മഴ വൻ നാശനഷ്ടമാണുണ്ടാക്കിയത്. രാവിലെ 9.45ന് ആരംഭിച്ച മഴ ഉച്ചക്ക് 12നാണ് അവസാനിച്ചത്. താഴ്വരകൾ നിറഞ്ഞുകവിഞ്ഞ് ഒഴുകി. റോഡിൽ വെള്ളം കയറിയതു കാരണം നിരവധി വാഹനങ്ങൾക്ക് കേടുപാട് പറ്റി. സൂർ വിലായത്തിലെ ഏകയിൽ കനത്ത മഴയിൽ കെട്ടിടം തകർന്നുവീണു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. തെക്കൻ ശർഖിയ്യ ഗവർണറേറ്റിലെ അൽ കാമിൽ അൽ വാഫിയിലും ശക്തമായി മഴ പെയ്തു. മഴക്കൊപ്പം ആലിപ്പഴ വർഷവും ഉണ്ടായത് ദുരന്തം വർധിക്കാൻ കാരണമായി.
നിരവധി വീടുകളിൽ വെള്ളം കയറുകയും നിരവധി ഇടങ്ങളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതായും അധികൃതർ അറിയിച്ചു. വിലായത്തിലെ വാദി അൽ സിലിൽ കുടുങ്ങിപ്പോയ രണ്ട് ഏഷ്യക്കാരെ അധികൃതർ രക്ഷപ്പെടുത്തി. ഇവർക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. ഇതേ വിലായത്തിലെ ഹുമൈദ മേഖലയിൽ വെള്ളം കയറിയതിനെ തുടർന്ന് കുടുംബം വീട്ടിൽ കുടുങ്ങി. ഇവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.
തെക്കൻ ശർഖിയ്യ ഗവർണറേറ്റിലെ ദുരന്തം നേരിടാൻ നാഷനൽ എമർജൻസി മാനേജ്മെൻറ് കമ്മിറ്റി ഉപസമിതി രൂപവത്കരിച്ചതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
സൂർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികളെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്നും സ്ഥാപനത്തിൽ വെള്ളം കയറിയിട്ടില്ലെന്നും അധികൃതർ പറഞ്ഞു. ശക്തമായ മഴയെ തുടർന്ന് ഖുറിയാത്തിലും കുടുംബം കുടുങ്ങിയിരുന്നു. ഇവരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. വടക്കൻ ശർഖിയ്യയിലെ വാദീ ബനീ ഖാലിദിലും ശക്തമായ മഴ പെയ്തു. മസ്കത്ത് ഗവർണറേറ്റിലെ എല്ലാ വിലായത്തിലും വെള്ളിയാഴ്ച ഉച്ചക്ക് ശക്തമായ മഴ ലഭിച്ചിരുന്നു. മസ്കത്തിൽ പല ഭാഗങ്ങളിലും കനത്ത മഴ കാരണം ഗതാഗതം സ്തംഭിച്ചു. മസ്കത്ത് ഗവർണറേറ്റിലെ അൽ ഖുറൈറിൽ മഴ കാരണം മണിക്കൂറുകളോളം ഗതാഗതക്കുരുക്കുണ്ടായി. സൂറിലെ അടുത്തിടെ നിർമിച്ച ഡാം കനത്ത മഴയിൽ നിറഞ്ഞുകവിഞ്ഞു.
സൂറിൽ രണ്ടു മണിക്കൂറോളം ശക്തമായ മഴ പെയ്തതായും മഴ കാരണം വൻ നാശനഷ്ടം ഉണ്ടായതായും ആൽ ഹരീബ് ബിൾഡിങ് മെറ്റീരിയൽ സി.ഇ.ഒ അബ്ദുൽ അസീസ് പൂമേക്കാത്ത് പറഞ്ഞു. കനത്ത മഴ കാരണം തങ്ങളുടെ സ്ഥാപനത്തിെൻറ അണ്ടർ ഗ്രൗണ്ട് പാർക്കിങ്ങിൽ വെള്ളം കയറിയതിനാൽ നിരവധി വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങിയതായും അദ്ദേഹം പറഞ്ഞു.
വലിയ പമ്പുപയോഗിച്ച് വെള്ളം അടിച്ച് ഒഴിവാക്കാനുള്ള ശ്രമം തുടരുന്നതായും സൂറിൽ മഴ വൻ നാശനഷ്ടമുണ്ടാക്കിയിട്ടുണ്ടെന്നും നിരവധി വാഹനങ്ങൾ വെള്ളത്തിൽപെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

