നാഷനൽ യൂനിവേഴ്സിറ്റി കോളജ് ഓഫ് ഫാർമസിയിൽ ‘വൈറ്റ് കോട്ട് സെറിമണി’
text_fieldsനാഷനൽ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ കീഴിലുള്ള കോളജ് ഓഫ് ഫാർമസിയിലെ വിദ്യാർഥികളുടെ ‘വൈറ്റ് കോട്ട് സെറിമണി’ ചടങ്ങിൽനിന്ന്
മസ്കത്ത്: നാഷനൽ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ കീഴിലുള്ള കോളജ് ഓഫ് ഫാർമസിയിലെ വിദ്യാർഥികളുടെ ‘വൈറ്റ് കോട്ട് സെറിമണി’ ചടങ്ങ് നടന്നു. ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള പ്ലാനിങ് ആൻഡ് ഹെൽത്ത് ഓർഗനൈസേഷൻ അണ്ടർ സെക്രട്ടറി ഡോ. അഹമ്മദ് അൽ മന്ധാരിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ.
വിശുദ്ധ ഖുർആൻ പാരായണത്തിനുശേഷം ദേശീയ ഗാനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. വെള്ള കോട്ട് ധരിച്ച് ഫാർമസിസ്റ്റുകൾ പ്രതിജ്ഞയെടുക്കുന്നത് പ്രഫഷനൽ ജീവിതത്തിന്റെ തുടക്കമാണെന്ന് ചടങ്ങിൽ സംസാരിച്ച ഫാർമസി ഡീൻ കോളജ് പ്രഫ. ഖാലിദ് അൽ ബലൂഷി പറഞ്ഞു. വിദ്യാർഥികളെ അഭിനന്ദിക്കുകയും പരിശീലനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവരെ ഓർമിപ്പിക്കുകയും ചെയ്തു. കോളജ് ഓഫ് ഫാർമസി ഒമാനിനകത്തും പുറത്തുമുള്ള പരിശീലന സൈറ്റുകളുടെ പട്ടിക വിപുലീകരിച്ചിട്ടുണ്ടെന്നും ഫാർമസി പ്രോഗ്രാമിന്റെ തുടർച്ചയായ പിന്തുണക്ക് സർക്കാർ, സ്വകാര്യ മേഖലയിൽ നിന്നുള്ള എല്ലാ പങ്കാളികൾക്കും സ്പോൺസർമാർക്കും നന്ദി പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ അന്തർദേശീയ വിദ്യാർഥികളുൾപ്പെടെ 42 പേർ പ്രതിജ്ഞയെടുത്തു. പഠന മികവ് പുലർത്തിയ വിദ്യാർഥികളെ ആദരിച്ചു. നിലവിൽ അബോട്ടിൽ ജോലി ചെയ്യുന്ന കോളജ് പൂർവവിദ്യാർഥി പി.എച്ച്. ഫഹദ് ഉസ്മാനി വിദ്യാർഥികളുമായി പ്രചോദനാത്മകമായ കാഴ്ചപ്പാടുകൾ കൈമാറി. അവസാന വർഷ വിദ്യാർഥികളെ പ്രതിനിധീകരിച്ച് റഹ്മ അൽ റിയാമി സംസാരിച്ചു. പി.എച്ച്.ഹലീമ അൽസദ്ജലി, ഡോ.നിദാ വാദി, ഡോ.അബ്ദുൽ സലാം നസ്മി എന്നിവർ വിദ്യാർഥികളെ വൈറ്റ് കോട്ടണിയിപ്പിച്ചു.
അധ്യാപകർക്കും സ്പോൺസർമാർക്കും മുഖ്യാതിഥി ഉപഹാരങ്ങൾ സമ്മാനിച്ചു. അക്കാദമിക് അഫയേഴ്സ് അസിസ്റ്റന്റ് ഡീൻ പ്രഫ.അൽക്ക അഹൂജ നന്ദി പറഞ്ഞു. യു.എസ്.എയിലെ വെസ്റ്റ് വിർജീനിയ യൂനിവേഴ്സിറ്റിയുടെ അക്കാദമിക പങ്കാളിത്തത്തോടെ 2003ലാണ് കോളജ് ഓഫ് ഫാർമസി ഒമാൻ മെഡിക്കൽ കോളജായി സ്ഥാപിതമായത്.
ഒമാനിലെ ഉന്നത വിദ്യാഭ്യാസ, ഗവേഷണ, ഇന്നവേഷൻ മന്ത്രാലയത്തിന്റെയും ആരോഗ്യ മന്ത്രാലയത്തിന്റെയും ലൈസൻസുള്ള ആദ്യത്തെ സ്വകാര്യ ഫാർമസി കോളജാണിത്. ഇതുവരെയായിട്ട് 800ലധികം ഫാർമസിസ്റ്റുകൾ കോളജിൽനിന്ന് ബിരുദം നേടിയിട്ടുണ്ട്. നിലവിൽ ബാച്ചിലർ ഓഫ് ഫാർമസി (ബി.ഫാം), എം.എസ്സി എന്നീ കോഴ്സുകൾ കോളജ് നൽകി വരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

