Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമലയിറക്കങ്ങൾ...

മലയിറക്കങ്ങൾ മരണക്കെണിയാവുമ്പോൾ...

text_fields
bookmark_border
മലയിറക്കങ്ങൾ മരണക്കെണിയാവുമ്പോൾ...
cancel

കഴിഞ്ഞ ദിവസം വാൽപ്പാറയിലെ വളവുചുറ്റിയുള്ള ആ മലമ്പാതയിൽ പത്തോളം അധ്യാപകരുടെ ജീവൻ പൊലിഞ്ഞ വാർത്ത നാം വായിച്ചത് ഞെട്ടലോടെയാണ്. ഗൾഫ് നാടുകളിൽ പ്രത്യേകിച്ചു ഒമാനിലെ ജബൽ അഖ്ദർ, ജബൽ ശംസ്, സൗദിയിലെ അബാഹ പോലുള്ള മലമ്പ്രദേശങ്ങൾ, യു.എ.ഇയിലെ ഫുജൈറ മേഖലകൾ എന്നിവയെല്ലാം ഉത്തുംഗമായ മലഞ്ചേരിവുകളും കുത്തനെയുള്ള മലമ്പാതകൾക്കും പേരുകേട്ട സ്ഥലങ്ങളാണ്.

ഒമാന്റെ പ്രകൃതിഭംഗിയിൽ ഏറ്റവും മനോഹരമായ രണ്ട് പ്രദേശങ്ങളാണ് ജബൽ അഖ്ദറും ജബൽ ഷംസും. കടൽനിരപ്പിൽ നിന്ന് ആയിരക്കണക്കിന് അടി ഉയരത്തിൽ നിൽക്കുന്ന ഈ പർവതരാജാക്കന്മാർ ഏതൊരു സഞ്ചാരിയുടെയും സ്വപ്നഭൂമിയാണ്. താഴെ മരുഭൂമി ചുട്ടുപൊള്ളുമ്പോഴും ഈ മലമുകളിൽ നമ്മെ കാത്തിരിക്കുന്നത് കുളിർമയുള്ള തണുപ്പാണ്.

രാത്രിയിൽ നക്ഷത്രങ്ങൾ കൈയെത്തും ദൂരത്തെന്നപോലെ കാണാവുന്ന ആകാശത്തിന് താഴെ ടെന്റുകൾ അടിച്ച് ക്യാമ്പ് ചെയ്യുന്നതും തണുപ്പിൽ തീ കാഞ്ഞ് ബാർബിക്യൂ തയാറാക്കുന്നതും ഏതൊരു പ്രവാസിയുടെയും പ്രധാന വിനോദമാണ്.

എന്നാൽ, ഈ സന്തോഷങ്ങൾക്കിടയിലാണ് പലപ്പോഴും അശ്രദ്ധയുടെ രൂപത്തിൽ അപകടങ്ങൾ കടന്നുവരുന്നത്. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ വാൽപ്പാറയിൽ 10 അധ്യാപകരുടെ ജീവൻ പൊലിഞ്ഞ വാർത്ത കേട്ടപ്പോൾ പ്രവാസികളായ നാം കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് ബോധ്യപ്പെടുന്നു.

ഒമാനിലെ ജബൽ അഖ്ദറിലായാലും തമിഴ്നാട്ടിലെ വാൽപ്പാറയിലായാലും മലനിരകൾ നമുക്ക് നൽകുന്നത് മനോഹരമായ കാഴ്ചകൾ മാത്രമല്ല, ജാഗ്രത തെറ്റിയാൽ കാത്തിരിക്കുന്ന വലിയ അപകടം കൂടിയാണ്.

പലപ്പോഴും വണ്ടി ഓടിക്കാൻ അറിയാം എന്ന ആത്മവിശ്വാസത്തിൽ നാം ചുരങ്ങൾ കയറുന്നു. എന്നാൽ, കുത്തനെയുള്ള ഇറക്കങ്ങളിൽ വണ്ടിയെ എങ്ങനെ നിയന്ത്രിക്കണം എന്ന സാങ്കേതികമായ അറിവ് പലർക്കും ഇന്നും അന്യമാണ്. പലതവണ ചുരം കയറി ഇറങ്ങിയ ചില ഡ്രൈവർമാരോട് അന്വേഷിച്ചപ്പോൾ പലർക്കും ചുരമിറങ്ങുമ്പോൾ വണ്ടി ഓടിക്കേണ്ടത് എങ്ങനെയെന്ന പ്രാഥമിക വിവരമില്ല എന്നത് ഞെട്ടിക്കുന്ന വിവരമായിരുന്നു.

എൻജിൻ ബ്രേക്കിങ്

ഒരു മലയിറങ്ങുമ്പോൾ നാം ചെയ്യുന്ന ഏറ്റവും വലിയ തെറ്റ് ബ്രേക്കിൽ മാത്രം കാൽ അമർത്തിപ്പിടിക്കുക എന്നതാണ്. തുടർച്ചയായി ബ്രേക്ക് ഉപയോഗിക്കുമ്പോൾ ബ്രേക്ക് പാഡുകൾ അമിതമായി ചൂടാകുകയും ഒടുവിൽ ബ്രേക്ക് പിടിക്കാത്ത അവസ്ഥയിലേക്ക് വണ്ടി എത്തുകയും ചെയ്യുന്നു. പിന്നീട് ആ വാഹനം ഒരു മരണപ്പാച്ചിലായി മാറും.

ഇവിടെയാണ് ‘എൻജിൻ ബ്രേക്കിങ്’’ എന്ന അറിവ് നമ്മുടെ ജീവൻ രക്ഷിക്കുന്നത്.

ഗിയറിൽ വാഹനത്തെ നിയന്ത്രിക്കുക

മലയിറക്കങ്ങളിൽ വണ്ടി ഗിയറിൽ തന്നെയായിരിക്കണം. മാനുവൽ വണ്ടിയാണെങ്കിൽ ഫസ്റ്റ് ഗിയറിലോ സെക്കൻഡ് ഗിയറിലോ വണ്ടി നിയന്ത്രിക്കുക. ഓട്ടോമാറ്റിക് വണ്ടികളിൽ 'M' (Manual) അല്ലെങ്കിൽ 'S' (Sport) മോഡിലേക്ക് മാറ്റി ഗിയർ താഴ്ത്തിയിടുക. ഇതിലൂടെ എൻജിൻ തന്നെ വണ്ടിയുടെ വേഗത നിയന്ത്രിക്കുകയും ബ്രേക്കിന്റെ ജോലി ലഘൂകരിക്കുകയും ചെയ്യും.

ഫോർ വീൽ ഡ്രൈവ്

ജബൽ അഖ്ദർ പോലുള്ള ഇടങ്ങളിൽ ഫോർ വീലർ നിർബന്ധമാണ്. വണ്ടി ഫോർ വീൽ മോഡിലേക്ക് മാറ്റാൻ നമുക്ക് കൃത്യമായി അറിയാമെന്ന് ഉറപ്പുവരുത്തുക.

എസ്കേപ്പ് പോയിന്റുകൾ

ഒമാനിലടക്കം ഇന്ന് മലമ്പാതകളിൽ റോഡിന് വശത്തായി മണൽ വിരിച്ച ഉയരത്തിലുള്ള ട്രാക്കുകൾ നിങ്ങൾ കണ്ടിട്ടുണ്ടാകും. വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെട്ടാൽ, വാഹനങ്ങൾ സുരക്ഷിതമായി നിർത്താൻ സഹായിക്കുന്ന സംവിധാനമാണ് എസ്കേപ് പോയിന്റുകൾ. വാഹനങ്ങൾ ഈ ട്രാക്കുകളിലേക്ക് ഓടിച്ചു കയറ്റിയാൽ ചരലിൽ പൂണ്ടുപോയി വണ്ടി സുരക്ഷിതമായി നിൽക്കും.

ഇത്തരം സംവിധാനങ്ങൾ ഉണ്ടെന്നോ അത് എങ്ങനെ ഉപയോഗിക്കണമെന്നോ അറിയാത്തതുകൊണ്ട് മാത്രം ഒട്ടേറെ ജീവനുകൾ മുൻപും പൊലിഞ്ഞിട്ടുണ്ട്. (കുറച്ച് മുമ്പ് ഏഴംഗ കുടുംബ അപകടത്തിൽ പെട്ട് ഒരു സ്ത്രീ മരണമടഞ്ഞപ്പോൾ ഈ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിന് ശേഷം രണ്ട് എസ്കേപ് പോയിന്റുകൾ കഴിഞ്ഞിട്ട് അതിൽ ഒന്നുപോലും ഡ്രൈവർ ഉപയോഗിച്ചില്ല എന്നത് അറിവില്ലായ്മയും അശ്രദ്ധയും എത്ര അപകടമാണെന്ന് കാണിച്ചുതരുന്നു.)

അവസാനമായി ഒരോർമപ്പെടുത്തൽ

നമ്മുടെ യാത്രകൾ വെറുമൊരു ആവേശം മാത്രമാകരുത്. മലകയറുന്നതിന് മുൻപ് വണ്ടിയെക്കുറിച്ചും ആ വഴികളെക്കുറിച്ചും കൃത്യമായി പഠിക്കുക.

ക്യാമ്പിംഗും ബാർബിക്യൂവും കഴിഞ്ഞ് ചിരിച്ചുകൊണ്ട് മലയിറങ്ങുമ്പോൾ, നിങ്ങളുടെ വണ്ടിയുടെ ഗിയറിലും ബ്രേക്കിലും നമ്മുടെ പ്രിയപ്പെട്ടവരുടെ ജീവൻ ഉണ്ടെന്ന് ഓർക്കുക. പ്രിയപ്പെട്ടവരേ, നാം മലയിറങ്ങുന്നത് നമ്മെ കാത്തിരിക്കുന്ന കുടുംബത്തിലേക്കാണ്. നമ്മുടെ ഒരു ചെറിയ അറിവില്ലായ്മ ഒരു വലിയ ദുരന്തത്തിന് കാരണമാകരുത്. യാത്രകൾ സുരക്ഷിതമാകട്ടെ, അറിവുകൾ ഉപകാരപ്രദമാകട്ടെ.

- കെ. മുനീർ, അൽ ഗുബ്ര

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsgulfOman
News Summary - When mountain descents become death traps..
Next Story