മയക്കുമരുന്ന് കേസുകൾ: ചെറിയ അശ്രദ്ധ വലിയ അപകടത്തിലേക്ക്
text_fieldsസമീപകാലത്ത് ഒമാനിൽ, പ്രത്യേകിച്ച് പുതുതായി എത്തുന്ന പ്രവാസികളും വിസിറ്റ് വിസയിൽ എത്തുന്നവരുമായ നിരവധി പേർ മയക്കുമരുന്ന് കേസുകളിൽ അറസ്റ്റിലാകുന്ന വാർത്തകൾ വർധിച്ചുവരികയാണ്. ഇവരിൽ എല്ലാവരും മനഃപൂർവം കുറ്റകൃത്യത്തിൽ ഏർപ്പെട്ടവരാണെന്ന് പറയാനാകില്ല. ചിലർ മറ്റുള്ളവരുടെ വഞ്ചിക്കപ്പെട്ടും അശ്രദ്ധയിലൂടെയും നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയിലൂടെയും ഗുരുതരമായ കേസുകളിൽ അകപ്പെടുന്ന സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്.
ഒമാനിലെ നിയമങ്ങൾ
ഒമാനിൽ മയക്കുമരുന്ന് സംബന്ധിച്ച നിയമങ്ങൾ അതീവ കർശനമാണ്. ചെറിയ അശ്രദ്ധ പോലും ഗുരുതരമായ നിയമനടപടികൾക്കും തടവുശിക്ഷക്കും നാടുകടത്തലിനും കാരണമാകാം. അതിനാൽ ഓരോ പ്രവാസിയും താഴെ പറയുന്ന കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.
മറ്റൊരാളുടെ ബാഗോ പാഴ്സലോ ഒരിക്കലും ഏറ്റുവാങ്ങരുത്
ഇത് എന്റെ ബന്ധുവിന് കൊടുത്താൽ മതി, ഇത് വെറും മരുന്നാണ്, ചെറിയ സാധനമാണ് എന്നിങ്ങനെ പറഞ്ഞ് മറ്റൊരാളുടെ ബാഗോ പാക്കറ്റോ കൈമാറാൻ ആവശ്യപ്പെട്ടാൽ അത് സ്വീകരിക്കരുത്. അതിൽ എന്താണുള്ളതെന്ന് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ നിയമപരമായ ഉത്തരവാദിത്വം നിങ്ങളിലേക്കും വരാം.
എയർപോർട്ടിൽ അപരിചിതരുടെ സഹായം ഒഴിവാക്കുക
ലഗേജ് നോക്കിക്കൊള്ളാം, ട്രോളി തള്ളിത്തരാം, ബാഗ് കൊണ്ടുപോകാൻ സഹായിക്കാം തുടങ്ങിയ ആവശ്യങ്ങളുമായി അപരിചിതർ നിങ്ങളെ സമീപിച്ചാൽ അതിൽ നിന്ന് വിനയപൂർവം ഒഴിഞ്ഞുമാറുക. സ്വന്തം ലഗേജിന്റെ പൂർണ ഉത്തരവാദിത്വം യാത്രക്കാരനാണ്.
സ്വന്തം ബാഗുകൾ പൂട്ടി സൂക്ഷിക്കുക
യാത്രക്ക് മുമ്പും ശേഷവും ബാഗ് തുറന്നുകിടക്കാതെയും മറ്റാർക്കും അതിൽ സാധനങ്ങൾ വെക്കാൻ അവസരം ലഭിക്കാതെയും ശ്രദ്ധിക്കുക.
മരുന്നുകൾ കൊണ്ടുവരുമ്പോൾ ജാഗ്രത
ചില മരുന്നുകൾ ഒമാനിൽ നിയന്ത്രിത വിഭാഗത്തിൽ ഉൾപ്പെടാം. ഡോക്ടറുടെ പ്രിസ്ക്രിപ്ഷനും ആവശ്യമായ രേഖകളും ഇല്ലാതെ മരുന്നുകൾ കൊണ്ടുവരുന്നത് പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം.
ആരുടെയും പേരിൽ പാഴ്സൽ സ്വീകരിക്കരുത്
കൊറിയർ, പാഴ്സൽ അല്ലെങ്കിൽ മറ്റ് സാധനങ്ങൾ മറ്റൊരാളുടെ പേരിൽ സ്വീകരിക്കുന്നതിന് മുമ്പ് അതിന്റെ ഉള്ളടക്കവും നിയമപരമായ ഉത്തരവാദിത്വവും ഉറപ്പാക്കുക.
സംശയാസ്പദരായ ആളുകളിൽ നിന്ന് അകലം പാലിക്കുക
വേഗത്തിൽ പണം സമ്പാദിക്കാമെന്ന വാഗ്ദാനങ്ങളോ സംശയകരമായ ജോലികളോ നിർദേശിക്കുന്നവരിൽ നിന്ന് അകലം പാലിക്കുക. ചെറിയ പ്രതിഫലം വാഗ്ദാനം ചെയ്ത് വലിയ നിയമപ്രശ്നത്തിലേക്ക് നയിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നിയമങ്ങളെക്കുറിച്ച് അറിവ് നേടുക
ഒമാനിൽ അനുവദനീയമല്ലാത്ത വസ്തുക്കൾ, നിയന്ത്രിത മരുന്നുകൾ, കസ്റ്റംസ് നിയമങ്ങൾ എന്നിവയെക്കുറിച്ച് യാത്രയ്ക്ക് മുമ്പ് മനസ്സിലാക്കുന്നത് നല്ലതാണ്.
അറസ്റ്റ് ചെയ്യപ്പെട്ടാൽ ഭയപ്പെടരുത്
അറസ്റ്റിലായാൽ തെറ്റായ വിവരങ്ങൾ നൽകുകയോ സമ്മർദ്ദത്തിൽ രേഖകളിൽ ഒപ്പിടുകയോ ചെയ്യരുത്. നിങ്ങളുടെ അവകാശങ്ങൾ വിനിയോഗിച്ച് നിയമസഹായം തേടുകയും നിങ്ങളുടെ രാജ്യത്തിന്റെ എംബസിയുമായി ബന്ധപ്പെടാൻ ആവശ്യപ്പെടുകയും ചെയ്യുക.
‘അറിയില്ലായിരുന്നു’ എന്നത് മാത്രം പലപ്പോഴും നിയമപരമായ പ്രതിരോധമാകണമെന്നില്ല. അതിനാൽ യാത്രയിലും താമസത്തിലും ഇടപാടുകളിലും പരമാവധി ജാഗ്രത പുലർത്തുക. പ്രത്യേകിച്ച് ഒമാനിലേക്ക് ആദ്യമായി വരുന്നവരും വിസിറ്റ് വിസയിൽ എത്തുന്നവരും ജോലി അന്വേഷിക്കുന്നവരും ഇത്തരം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ചെറിയൊരു അശ്രദ്ധ ജീവിതകാലം മുഴുവൻ ബാധിക്കുന്ന നിയമപ്രശ്നങ്ങൾക്ക് വഴിവെച്ചേക്കാം. നിയമബോധവും ജാഗ്രതയും തന്നെയാണ് ഏറ്റവും വലിയ സംരക്ഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

