പശ്ചിമേഷ്യൻ സംഘർഷം; ഗാർഹിക -ഹോട്ടൽ മേഖകളിലെ ഉൗർജ പ്രതിസന്ധിയും പരിഹാര മാർഗങ്ങളും
text_fieldsപശ്ചിമേഷ്യൻ സംഘർഷം തുടരുന്ന പക്ഷം ഏഷ്യൻ രാജ്യങ്ങളിൽ പ്രത്യേകിച്ചു ഇന്ത്യയിൽ ഗുരുതരമായ ഊർജ (എണ്ണ -പ്രകൃതി വാതക) പ്രതിസന്ധി ഉണ്ടാകാൻ സാധ്യതയുണ്ട്. ഹുർമുസ് കടലിടുക്കിലെ പ്രശ്നങ്ങളും അതുപോലെതന്നെ ഇറാന്റെ എണ്ണ ഖനിയായ ഖാർഗ് ഐലന്റിലെ അമേരിക്കൻ ആക്രമണം മൂലമുണ്ടായിട്ടുള്ള പുതിയ സംഭവ വികാസങ്ങളും വലിയ പ്രതിസന്ധികൾ ഉണ്ടാക്കുന്നു എന്ന് തന്നെ പറയാം.
ഇന്ത്യ ആഭ്യന്തര ഉപയോഗത്തിന്റെ ഏറിയ പങ്കും ഇറക്കുമതിയിലൂടെയാണ് കണ്ടെത്തുന്നത്. കഴിഞ്ഞ വർഷം 70 ബില്യൻ അമേരിക്കൻ ഡോളറാണ് പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്തത്.
ഇന്ത്യയിലും, പ്രത്യേകിച്ചു കേരളത്തിലും ഉയർന്നുവരുന്ന ഊർജ പ്രതിസന്ധി ഗാർഹിക മേഖലക്കും ഹോട്ടൽ വ്യവസായത്തിനും വലിയ വെല്ലുവിളിയായി മാറുകയാണ്. അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 112 ഡോളറിനു മുകളിൽ ആയതും എണ്ണ കൊണ്ടുവരുന്നതിനുള്ള തടസ്സങ്ങളും കൂടിയ ഇൻഷുറൻസ് ഉൾപ്പെടെയുള്ള അനിയത്രിതമായ ചെലവുകളും ഇന്ത്യയിയിൽ ഊർജ ലഭ്യത ഒരു വിഷയമായി മാറുന്നു. കേരളം പോലുള്ള സംസ്ഥാനങ്ങളിൽ ഇത് കൂടുതൽ ശക്തമായി അനുഭവപ്പെടുന്നു. സംസ്ഥാനത്തിന് സ്വന്തം ഊർജ വിഭവങ്ങൾ വളരെ പരിമിതമാണ്.
വൈദ്യുതി ഉൽപാദനത്തിനും പാചകവാതകത്തിനുമെല്ലാം പുറത്തുള്ള ഉറവിടങ്ങളെ ആശ്രയിക്കേണ്ട സാഹചര്യമാണുള്ളത്. പശ്ചിമേഷ്യയിൽ സംഘർഷം മൂലം എണ്ണയും എൽപി.ജി വിതരണവും തടസ്സപ്പെടുമ്പോൾ അതിന്റെ ആഘാതം കേരളത്തിലെ വീടുകളിലും ഹോട്ടലുകളിലും നേരിട്ട് പ്രകടമാകുന്നു. എൽ.പി.ജി സിലിണ്ടറുകളുടെ വില ഉയരുന്നു എന്നതിനേക്കാൾ അത് കിട്ടാനില്ല എന്നതാണ് പ്രധാന പ്രശനം. വൈദ്യുതിയുടെ കുറവും ഉയർന്ന ചെലവും പട്ടണങ്ങളിൽ ഫ്ലാറ്റിൽ താമസിക്കുന്നവരുടെ കുടുംബ ബജറ്റ് താളം തെറ്റിക്കുന്നു.
കേരളത്തിലെ ഹോട്ടൽ, റസ്റ്ററന്റ് മേഖലക്ക് ഈ പ്രതിസന്ധി വളരെ ഗുരുതരമാണ്. ടൂറിസം മേഖലയുമായി അടുത്ത ബന്ധമുള്ള ഈ വ്യവസായം വലിയ തോതിൽ എൽ.പി.ജിയെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. മിക്കവാറും ഹോട്ടലുകളും വഴിയോര കച്ചവടക്കാരും ഇതിനകം തന്നെ അടച്ചു പൂട്ടിയിട്ടുണ്ട്.
ഇത് ടൂറിസം മേഖലക്ക് വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഒപ്പം അവിടെ ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ തൊഴിൽ നഷ്ടവും. ആഹാര വിതരണ രംഗത്തുള്ളവരുടെ കാര്യവും വിഭിന്നമല്ല. പട്ടണത്തിലേക്കു പല ആവശ്യങ്ങൾക്കായി വരുന്നവർക്കും സ്ഥിരമായി ഹോട്ടൽ ഭക്ഷണത്തെ ആശ്രയിച്ചിരുന്നവരും പട്ടിണിയിലായി.
ചുരുക്കത്തിൽ, കേരളത്തിൽ ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകുന്ന ഈ മേഖലക്ക് ഊർജ പ്രതിസന്ധി വലിയ വെല്ലുവിളിയാണ് ഉയർത്തിയിരിക്കുന്നത്.
എന്താണ് പരിഹാര മാർഗങ്ങൾ?
വരും കാലങ്ങളിലേക്കുള്ള ഒരു സൂചന കൂടിയാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങൾ. അതുകൊണ്ടു തന്നെ ദീർഘ കാല പദ്ധതികളും ഊർജ ഉപയോഗത്തിലെ അച്ചടക്കവും വളരെ അനിവാര്യമാണ്. നാട്ടിൻപുറങ്ങളിൽ വിറക്, അറക്കപ്പൊടി, ചിരട്ട തുടങ്ങിയവ വലിയ തോതിൽ ആഹാരം പാചകം ചെയ്യുന്നതിന് വേണ്ടി ഈ അടുത്ത കാലം വരെ ഉപയോഗിച്ചിരുന്നു. എൽ.പി.ജി ധാരാളമായി ലഭ്യമായതുകൊണ്ട്, ആളുകൾ മേൽപറഞ്ഞ പാചക രീതി പാടെ ഉപേക്ഷിച്ചുപോയി. വിറകിനും തടികൾക്കും വിലയില്ലാത്ത അവസ്ഥ വന്നു.
സർക്കാറും മറ്റു ഏജൻസികളും ഇത്തരം പാരമ്പര്യ രീതികൾ ഗ്രാമ പ്രദേശങ്ങളിലെങ്കിലും പ്രോത്സാഹിപ്പിക്കണം. മറ്റൊന്ന് ബയോ ഗ്യാസ് ആണ്. കേരളത്തിൽ മാലിന്യ നിർമാർജനത്തിന് ബുദ്ധിമുട്ടുന്ന ഒരു സംസ്ഥാനമാണ്. അതുകൊണ്ടു തന്നെ ബയോ ഗ്യാസ് നിർമാണത്തിനും ഉപയോഗത്തിനും പ്രാധാന്യം കൊടുക്കണം. ഇൻഡക്ഷൻ കുക്കിങ്, ഇലക്ട്രിക് കിച്ചൻ സംവിധാനങ്ങൾ തുടങ്ങിയ പകരം മാർഗങ്ങൾ ഉണ്ടെങ്കിലും അവ വൈദുതി ചാർജ് കൂട്ടുന്ന ഒന്നാണ്. ന്യുതനമായ മാർഗങ്ങൾ ഉപയോഗിച്ചു പാചകത്തിന് എൽ.പി.ജിയുടെ ഉപയോഗം കുറക്കുന്നതിന് വ്യാപകമായി ബോധവൽക്കരണം നടത്തണം.
മറ്റൊന്ന് പുനരുപയോഗിക്കാവുന്ന ഊർജത്തിന്റെ വ്യാപനമാണ്. സോളാർ, കാറ്റാടി, തിരമാലകൾ പോലുള്ള നവീന ഊർജസ്രോതസുകൾ കൂടുതൽ വ്യാപകമാക്കണം. വീടുകളും ഹോട്ടലുകളും റൂഫ് ടോപ് സൗരോർജ സംവിധാനങ്ങൾ സ്ഥാപിക്കുന്നത് ഇനിയും വലിയ തോതിൽ പ്രോത്സാഹിപ്പിക്കണം. ഹോട്ടലുകൾ എനർജി മാനേജ്മെന്റ് സംവിധാനങ്ങൾ സ്വീകരിക്കണം. ഊർജ കാര്യക്ഷമത ഉറപ്പാക്കുന്ന എൽ.ഇ.ഡി ലൈറ്റുകൾ, ഉപകരണങ്ങൾ, മറ്റു സംവിധാനങ്ങൾ എന്നിവ ഉപയോഗിച്ച് വൈദ്യുതി ഉപയോഗം കുറക്കാം. കോടാനുകോടി രൂപയുടെ പെട്രോളും ഡീസലുമാണ് ദിവസവും ഗതാഗത കുരുക്കിൽ നഷ്ടമാകുന്നത്.
റോഡുകളുടെ ശോചനീയാവസ്ഥ, വാഹനങ്ങളുടെ എണ്ണപ്പെരുപ്പം, ദുരുപയോഗം ഇവ യൊക്കെ കാരണങ്ങളാണ്. പൊതു ഗതാഗതം ശക്തിപ്പെടുത്തുന്നതിനോടൊപ്പം നഗരങ്ങളിൽ കാർ പൂളിങ് പോലുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തണം. ശീതികരിച്ച വലിയ വീടുകളും ആഡംബര കാറുകളും ഒക്കെ ജീവിത്തിത്തത്തിന്റെ ഭാഗമാകുമ്പോൾ ഊർജ സുരക്ഷ കൂടി ഉറപ്പാക്കണം. അമൂല്യമായ വിദേശ നാണ്യമാണ് ഊർജ ഇറക്കുമതിക്ക് വേണ്ടി ചെലവഴിക്കുന്നതെന്നു ഓർക്കുക.
പശ്ചിമേഷ്യയിലെ സംഘർഷം ഇന്ത്യയുടെയും കേരളത്തിന്റെയും ഊർജ സുരക്ഷയെ വീണ്ടും ചിന്തിക്കാൻ നിർബന്ധിതമാക്കുകയാണ്. ഗാർഹിക മേഖലയെയും ഹോട്ടൽ ,ഗതാഗതം മറ്റു വ്യവസായങ്ങൾ എന്നിവയെ ബാധിക്കാവുന്ന ഈ പ്രതിസന്ധി ദീർഘകാല ഊർജ നയപരിഷ്കാരങ്ങളുടെ ആവശ്യകതയെ അടിവരയിടുന്നു.
പാരമ്പര്യേതര ഊർജ സ്രോതസ്സുകളിലേക്കുള്ള മാറ്റവും ഊർജ കാര്യക്ഷമതയും ശക്തിപ്പെടുത്തുകയാണെങ്കിൽ ഭാവിയിലെ ഇത്തരം പ്രതിസന്ധികളെ നേരിടാൻ ഇന്ത്യക്കും കേരളത്തിനും കൂടുതൽ കരുത്തുണ്ടാകുമെന്ന കാരുണ്യത്തിൽ സംശയം വേണ്ട. ഇതൊരു ഓർമ്മപ്പെടുത്തൽ മാത്രമാണ്. സർക്കാറുകൾക്കും ജനങ്ങൾക്കും അറിയാവുന്ന സംഗതികളാണ് മേൽപറഞ്ഞതെല്ലാംതന്നെ. ഒരു വീണ്ടു വിചാരം അനിവാര്യമാണ് .
(തുടരും )
(മസ്ക്കത്തിലെ ഗ്ലോബൽ മണി എക്സ്ചേഞ്ച് എക്സിക്യൂട്ടീവ് അഡ്വൈസറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

