2025 വിട, പുതു കാലം, പുതിയ പ്രതീക്ഷ
text_fieldsപുരോഗതിയിലേക്കുള്ള ഒമാൻ സുൽത്താനേറ്റിന്റെ കുതിപ്പിൽ നിർണായകമായ വർഷമാണ് കടന്നുപോയത്. വിവിധ മേഖലകളിൽ മിഷൻ 2040 ലേക്കുള്ള സുപ്രധാനമായ പല ചുവടുവെപ്പുകളും നടന്നു. ഒമാന്റെ ചരിത്ര പാരമ്പര്യത്തെ അടയാളപ്പെടുത്തി ദേശീയ ദിനാചരണം നവംബർ 18ൽനിന്ന് നവംബർ 20ലേക്ക് മാറ്റിയതും ഒമാന്റെ ചരിത്രത്തിലാദ്യമായി പോളിമർ നോട്ട് പുറത്തിറക്കാൻ പ്രഖ്യാപനം നടത്തിയതും കഴിഞ്ഞവർഷത്തെ പ്രത്യേകതകളായി. ഒമാന്റെ പൈതൃകം വിളിച്ചോതി ശബാബ് രണ്ട് പായ്ക്കപ്പൽ ലോകം ചുറ്റി സഞ്ചരിച്ച് ഒമാൻ തീരത്ത് തിരിച്ചണഞ്ഞതും ആഹ്ലാദക്കാഴ്ചയായി. ഇന്ത്യൻ പ്രവാസി സമൂഹത്തിന് ഓർത്തുവെക്കാൻ ഒരു പിടി നല്ല ഓർമകൾകൂടി ബാക്കിവെച്ചാണ് സുൽത്താനേറ്റ് പുതുവർഷത്തിലേക്ക് കടക്കുന്നത്.
നയതന്ത്ര മേഖല
എട്ടാമത് ഇന്ത്യൻ ഓഷ്യൻ കോൺഫറൻസിന് ഫെബ്രുവരിയിൽ മസ്കത്ത് ആതിഥേയത്വം വഹിച്ചു. ‘സമുദ്ര പങ്കാളിത്തത്തിന്റെ പുതിയ ചക്രവാളങ്ങളിലേക്കുള്ള യാത്ര’ എന്ന വിഷയത്തിൽ നടന്ന ഈ നയതന്ത്ര പരിപാടിയിൽ 45 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും പങ്കാളിയായി.
ഫലസ്തീൻ ജനതയുടെ ന്യായമായ അവകാശങ്ങളെ പിന്തുണക്കുന്ന ഏകീകൃത അറബ് നിലപാടുമായി റിയാദിൽ നടന്ന അറബ് ഉച്ചകോടിയിലെ തീരുമാനങ്ങളെ ഒമാൻ സ്വാഗതം ചെയ്തു. മേയിൽ ഇറാൻ പ്രസിഡന്റിന്റെ സന്ദർശനമായിരുന്നു പ്രധാനം. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും പ്രാദേശിക വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും സന്ദർശനം വഴിയൊരുക്കി. ഇറാഖ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഫുആദ് ഹുസൈനും ഒമാനിലെത്തി.
ഇറാനുമായുള്ള സഹകരണ കരാറിന് സെപ്റ്റംബറിൽ ഒമാൻ അംഗീകാരം നൽകി. അന്താരാഷ്ട്ര സമുദ്ര സംഘടനയുടെ കൺവെൻഷനിലെ ഭേദഗതികൾക്കും, യുഎന്നിന്റെ ഭക്ഷ്യ-കൃഷി സംഘടനയുമായി ഒമാനിൽ ഒരു പ്രാതിനിധ്യ ഓഫിസ് സ്ഥാപിക്കുന്നതിനുള്ള കരാറിനും അംഗീകാരം നൽകി.
ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനമായിരുന്നു കഴിഞ്ഞ വർഷത്തെ പ്രധാന സംഭവങ്ങളിലൊന്ന്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സുൽത്താൻ ഹൈതം ബിൻ താരിഖുമായി ചർച്ചകൾ നടത്തുകയും, ഒമാനിലെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് ഒമാൻ' മോദിക്ക് സമ്മാനിക്കുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മിൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിലും കൃഷി, സമുദ്ര പൈതൃകം, ശാസ്ത്ര ഗവേഷണം തുടങ്ങിയ മേഖലകളിലെ ധാരണപത്രങ്ങളിലും ഒപ്പുവെച്ചു.
യമനിലെ സംഭവവികാസങ്ങളിൽ സന്തുലിതമായ നിലപാട് ഒമാൻ സ്വീകരിച്ചു. തടവുകാരുടെ കൈമാറ്റം സംബന്ധിച്ച് മസ്കത്തിൽ ഒപ്പുവെച്ചു. യമനിലെ എല്ലാ കക്ഷികളോടും സംയമനം പാലിക്കാനും ഒമാൻ ആവശ്യപ്പെട്ടു. ഇസ്രയേലിന്റെ ‘സോമാലിലാൻഡ്’ ഇടപെടലിനെ ഒമാൻ അടക്കം അറബ്, ആഫ്രിക്കൻ ഇസ്ലാമിക രാജ്യങ്ങൾ എതിർത്തു. സോമാലിയ റിപ്പബ്ലിക്കിന്റെ ഐക്യത്തെയും പരമാധികാരത്തെയും ഒമാൻ പിന്തുണച്ചു
സാമ്പത്തിക മേഖല
2025-ലെ സാമ്പത്തിക സ്വാതന്ത്ര്യ സൂചികയിൽ ഒമാൻ 184 രാജ്യങ്ങളിൽ 58ാം സ്ഥാനത്തെത്തിയത് പ്രധാന നേട്ടമായിരുന്നു.എണ്ണ ഉൽപാദനവുമായി ബന്ധപ്പെട്ട് ഒപെക് പ്ലസ് കൂട്ടായ്മയുടെ നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി ലഘൂകരിക്കാൻ ആരംഭിച്ചു. 2025 ആദ്യ പാദത്തിൽ ഒമാനിലെ നേരിട്ടുള്ള വിദേശ നേരിട്ടുള്ള നിക്ഷേപം 20.59 ശതമാനം വർധിച്ച് ഏകദേശം 30.61 ബില്യൺ റിയാലിലെത്തി. കമ്യൂണിക്കേഷൻസ് ആൻഡ് ഐ.ടി മേഖലയിലെ നിക്ഷേപ അവസരങ്ങൾ പ്രദർശിപ്പിക്കുന്ന കോമക്സ് 2025 നടന്നു. ഈ മേഖല 10.6 ശതമാനം വളർച്ച കൈവരിച്ചു. 2025ൽ ഒമാന്റെ സമ്പദ്വ്യവസ്ഥ 2.9 ശതമാനം വളർച്ച നേടുമെന്നും, 2026-ൽ ഇത് 3.7 ശതമാനമായി ഉയരുമെന്നും നവംബറിൽ സാമ്പത്തിക മന്ത്രാലയം പ്രവചിച്ചു.
ഡിസംബറിൽ ഇന്ത്യയുമായുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചത് ഉഭയകക്ഷി വ്യാപാരം വർധിപ്പിക്കാൻ സഹായിക്കും. ഒമാൻ-ചൈന സംയുക്ത സമിതി സാമ്പത്തിക സഹകരണം വിപുലീകരിക്കുന്നത് ചർച്ച ചെയ്തു. 2025 രണ്ടാം പാദത്തിന്റെ അവസാനത്തിൽ ചൈനീസ് നേരിട്ടുള്ള നിക്ഷേപം 854 മില്യൺ റിയാലിലെത്തി. 2025 ൽ ഒമാന്റെ സമ്പദ്വ്യവസ്ഥ 3.1 ശതമാനം വളരുമെന്നായിരുന്നു ലോകബാങ്ക് പ്രവചനം. നവംബർ അവസാനത്തോടെ ഒമാനിലെ എണ്ണ ഉത്പാദനം 0.4 ശതമാനം വർധന രേഖപ്പെടുത്തി. ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിനായി ദുകമിൽ 22 മത്സ്യബന്ധന, കാർഷിക നിക്ഷേപ പദ്ധതികൾ മന്ത്രാലയം പ്രഖ്യാപിച്ചതും നിർണായകമാണ്.
സാമൂഹിക മേഖല
2025ൽ ജീവിത ഗുണനിലവാര സൂചികയിൽ ഒമാൻ ആഗോളതലത്തിൽ നാലാമതെത്തിയത് പ്രധാന നേട്ടമാണ്. ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിലും ഒമാൻ നാലാം സ്ഥാനത്താണ്. കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി.എസ്.ആർ) ധാർമിക പ്രവർത്തനങ്ങളിൽനിന്ന് ദീർഘകാലാടിസ്ഥാനത്തിലുള്ള തന്ത്രപരമായ പരിപാടികളിലേക്ക് മാറിയ വർഷമായിരുന്നു 2025. മാരക രോഗങ്ങൾ നേരത്തെ കണ്ടെത്തുന്നതിന്റെ ഭാഗമായി പ്രമേഹ സ്ക്രീനിങ്, നവജാത ശിശുക്കളുടെ സ്ക്രീനിങ്, വിവാഹത്തിന് മുമ്പുള്ള മെഡിക്കൽ പരിശോധനകൾ എന്നിവ സംബന്ധിച്ച ദേശീയ ബോധവത്കരണ കാമ്പയിൻ 2025ലുടനീളം നടന്നു.
ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ഉള്ള വ്യക്തികൾക്കായി ഒരു പരിചരണ, പുനരധിവാസ കേന്ദ്രം സ്ഥാപിക്കുന്നതിന് സുൽത്താൻ ഹൈതം ബിൻ താരിഖ് 70 ലക്ഷം റിയാൽ അനുവദിച്ചു. താഴ്ന്ന വരുമാനമുള്ള ഒമാനി പൗരന്മാരെ സഹായിക്കുന്നതിനായി 5,000 പുതിയ താമസ യൂനിറ്റുകൾ ഉൾപ്പെടെ 170 മില്യൺ ഡോളറിന്റെ ഭവന നിർമാണ പദ്ധതിക്ക് കഴിഞ്ഞ വർഷം തുടക്കമായി. ‘മാറുന്ന ലോകത്തിലെ സുസ്ഥിര കുടുംബം’ എന്ന പ്രമേയത്തിൽ സാമൂഹിക വികസന മന്ത്രാലയം ഗൾഫ് കുടുംബ ദിനം ആചരിച്ചു.
ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിൽ ഒരു പുതിയ അണ്ടർസെക്രട്ടറി തലത്തിലുള്ള സെക്ടർ സ്ഥാപിക്കാൻ സുൽത്താൻ നിർദേശം നൽകി. മാനസികാരോഗ്യത്തെക്കുറിച്ചുള്ള ആദ്യ ഗൾഫ് സഹകരണ കൗൺസിൽ സമ്മേളനം മസ്കത്തിൽ നടന്നു. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നിയമം (രാജ ഉത്തരവ് 92/2025) ഒക്ടോബറിൽ പുറപ്പെടുവിച്ചു. സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ കരട് നിയമം സ്റ്റേറ്റ് കൗൺസിലിൽ ചർച്ച ചെയ്തു. 8,000 ത്തിലധികം ഭിന്നശേഷിക്കാരായ വ്യക്തികൾക്കായി ഡിജിറ്റൽ പാഠ്യപദ്ധതി കൂടുതൽ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പുതിയ സംരംഭം പ്രഖ്യാപിച്ചു.
വിദ്യാഭ്യാസ മേഖല
വിദ്യാഭ്യാസ മേഖലയിൽ 4,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നായിരുന്നു 2025ലെ പൊതു ബജറ്റിലെ പ്രഖ്യാപനം. രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങളെ പിന്തുണക്കുന്നതിനായി 16 പുതിയ സ്കൂൾ കെട്ടിടങ്ങൾ പ്രവർത്തനക്ഷമമാക്കി.
ഉന്നത വിദ്യാഭ്യാസ, ഗവേഷണ, ഇന്നൊവേഷൻ മന്ത്രാലയത്തിന്റെ സേവനങ്ങളെ ഡിജിറ്റൽ വത്കരിക്കുന്നതിൽ ഗണ്യമായ പുരോഗതി കൈവരിച്ചു. ഇത് വിദ്യാർഥികൾക്കും ജീവനക്കാർക്കും സേവനങ്ങൾ കൂടുതൽ എളുപ്പമാക്കി.
ഒമാൻ സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി (എസ്.ക്യു.യു) ക്യ.എസ് വേൾഡ് യൂനിവേഴ്സിറ്റി റാങ്കിങ് 2025ൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും ലോകത്തിലെ മികച്ച 300 സർവകലാശാലകളിൽ ഇടംപിടിക്കുകയും ചെയ്തു. 8,000ത്തിലധികം ഭിന്നശേഷിക്കാരായ വ്യക്തികൾക്കായി ഡിജിറ്റൽ പാഠ്യപദ്ധതി കൂടുതൽ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു പുതിയ വിദ്യാഭ്യാസ സംരംഭം പ്രഖ്യാപിച്ചു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശന വേളയിൽ ഉന്നത വിദ്യാഭ്യാസ മേഖലയിലെ സഹകരണം വർധിപ്പിക്കുന്നതിനായി ഒമാനും ഇന്ത്യയും തമ്മിൽ ധാരണപത്രം ഒപ്പുവെച്ചു. പൊതുവിദ്യാഭ്യാസത്തിലെ പ്രീ-സ്കൂൾ ഘട്ടത്തിനായുള്ള പുതിയ വിദ്യാഭ്യാസ കരിക്കുലം വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ വിദ്യാഭ്യാസ മന്ത്രാലയം നടത്തിവരുന്നു.
പരിസ്ഥിതി മേഖല
ഒമാൻ വിഷൻ 2040ന്റെയും നെറ്റ് സീറോ എമിഷൻ ലക്ഷ്യത്തിന്റെയും ഭാഗമായി, മനാഹ് -2 സോളാർ പവർ പ്രോജക്റ്റ് പോലുള്ള പുനരുപയോഗ ഊർജ പദ്ധതികൾ വേഗത്തിലാക്കി. വരാനിരിക്കുന്ന കാലാവസ്ഥ വ്യതിയാനങ്ങളെ നേരിടുന്നതിന്റെ ഭാഗമായി, തീരപ്രദേശങ്ങളിലെ ചുഴലിക്കാറ്റ് പ്രതിരോധ നടപടികളുടെ കാര്യക്ഷമത ഉറപ്പാക്കി. ലോക പരിസ്ഥിതി ദിനത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറക്കുന്നതിനും സമുദ്രജീവിതം സംരക്ഷിക്കുന്നതിനും ഊന്നൽ നൽകിക്കൊണ്ടുള്ള ബോധവൽക്കരണ പരിപാടികൾ നടന്നു. കാലാവസ്ഥ വ്യതിയാന ഫണ്ടിലേക്ക് സംഭാവന നൽകുന്നതിനായി സുൽത്താൻ ഹൈതം ബിൻ താരിക് 10 മില്യൺ റിയാൽ അനുവദിച്ചു. അമിത മത്സ്യബന്ധനം തടയുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളുടെ ഭാഗമായി ഒമാൻ ലോക വ്യാപാര സംഘടനയുടെ ഫിഷറീസ് സബ്സിഡി കരാറിൽ ഒമാൻ ഒപ്പുവെച്ചു.
കാർഷിക മേഖലയിൽ സൗരോർജത്തിന്റെ ഉപയോഗം വർധിപ്പിക്കുന്നതിനായി 'സോളാർ എനർജി - സസ്റ്റൈനബിൾ ഹാർവെസ്റ്റ്' എന്ന പുതിയ പദ്ധതി കൃഷി, മത്സ്യബന്ധന മന്ത്രാലയം ആരംഭിച്ചു. ഒമാനിലെ ആദ്യത്തെ പരിസ്ഥിതി വ്യവസായ സമ്മേളനം ഒക്ടോബറിൽ നടന്നു, ഇത് മാലിന്യ സംസ്കരണം, ജല മാനേജ്മെന്റ് തുടങ്ങിയ മേഖലകളിലെ നൂതന സാങ്കേതിക വിദ്യകൾ ചർച്ച ചെയ്തു. ഒമാനിലെ ആദ്യത്തെ കാർബൺ ക്രെഡിറ്റ് ട്രേഡിങ് പ്ലാറ്റ്ഫോമിന് അംഗീകാരം ലഭിച്ചു. സുഹാർ വ്യവസായ മേഖലയിൽ ഒരു വലിയ സൗരോർജ പദ്ധതി സ്ഥാപിക്കുന്നതിനുള്ള കരാർ ഒപ്പുവെച്ചു. ഒമാൻ ബൊട്ടാണിക്കൽ ഗാർഡൻ പ്രവർത്തനക്ഷമമാക്കുന്നതന്റെ ഭാഗമായി മന്ത്രാലയം മസ്കത്ത് മുനിസിപ്പാലിറ്റിക്ക് കൈമാറി.
കാർഷിക മേഖല
മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനായി മത്സ്യബന്ധന ബോട്ടുകൾ ട്രാക്ക് ചെയ്യുന്ന അത്യാധുനിക സംവിധാനം നടപ്പിലാക്കുന്നതിനുള്ള കരാർ ഒപ്പിട്ടു. പരമ്പരാഗത കൃഷിയിലെ പ്രശ്നങ്ങൾ മറികടക്കാൻ സ്മാർട്ട് അഗ്രികൾചർ, ആധുനിക ജലസേചന രീതികൾ എന്നിവ പ്രോത്സാഹിപ്പിക്കാൻ മന്ത്രാലയം നടപടികൾ സ്വീകരിച്ചു. ഒമാൻ വിഷൻ 2040ന്റെ ഭാഗമായി, ഭക്ഷ്യസുരക്ഷ കൈവരിക്കുന്നതിനും പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള തന്ത്രത്തിന്റെ ഭാഗമായി 'സ്മാർട്ട് അഗ്രികൾചർ' കൃഷിരീതികൾ സ്വീകരിച്ചു.
ഒമാനും അൾജീരിയയും തമ്മിൽ കാർഷിക, മത്സ്യബന്ധന മേഖലകളിലെ സഹകരണ സാധ്യതകൾ ചർച്ച ചെയ്യുകയും, ഈ മേഖലകളിൽ സംയുക്ത നിക്ഷേപ പദ്ധതികൾ സ്ഥാപിക്കുന്നതിനുള്ള വഴികൾ ആരായുകയും ചെയ്തു. കൃഷി, ജലസ്രോതസ്സുകൾ, ഭക്ഷ്യസുരക്ഷ എന്നീ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിനായി ഒമാൻ കൃഷി മന്ത്രി ലെബനീസ് വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി.
ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായി, ദുകത്തെ ആധുനിക സമുദ്രവിഭവ വ്യവസായങ്ങളുടെ കേന്ദ്രമാക്കി മാറ്റുന്ന 22 മത്സ്യബന്ധന, കാർഷിക നിക്ഷേപ പദ്ധതികൾ മന്ത്രാലയം പുറത്തിറക്കി. കടലിൽ വെച്ച് തന്നെ മത്സ്യം പിടിച്ച് സംസ്കരിക്കാനും ഫ്രീസ് ചെയ്യാനുമുള്ള അത്യാധുനിക 'ഫ്ലോട്ടിങ് ഫാക്ടറി' പദ്ധതിക്ക് തുടക്കമായി. ഇത് മത്സ്യത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ സഹായിക്കും.
സാംസ്കാരിക മേഖല
ഒരു മാസം നീണ്ട മസ്കത്ത് നൈറ്റ്സ് ഫെസ്റ്റിവൽ അരങ്ങേറി. 15ആമത് അറബ് തിയറ്റർ ഫെസ്റ്റിവലിന് ഒമാൻ ആതിഥേയത്വം വഹിച്ചു. വിവിധ നാടകങ്ങളും വർക്ക് ഷോപ്പുകളും സെമിനാറുകളും ഈ ഫെസ്റ്റിവലിന്റെ ഭാഗമായി നടന്നു. ജനുവരി 29 മുതൽ ഫെബ്രുവരി 2 വരെ അൽ ബുറൈമി വിന്റർ ഫെസ്റ്റിവൽ നടന്നു.
സെപ്റ്റംബർ മുതൽ മേയ് വരെ നീളുന്ന റോയൽ ഓപ്പറ ഹൗസ് സീസണിന്റെ ഭാഗമായി അന്താരാഷ്ട്ര ഓപ്പറ, ബാലെ, സംഗീത പരിപാടികൾ നടന്നു. ‘സിൻദബാദ്: ദ ഒമാനി സെയിലർ’ എന്ന വിഖ്യാത അവതരണം ഓപറ ഹൗസിൽ നടന്നു. മാർച്ച് 24ന് ഒമാൻ ആദ്യമായി ലണ്ടൻ ഡിസൈൻ ബിനാലെ 2025ൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചു. "മെമ്മറി നെറ്റ്വർക്ക്" എന്ന പേരിൽ ഒമാനി ആർക്കിടെക്റ്റ് ഹൈതം അൽ ബൂസൈഫി രൂപകൽപന ചെയ്ത ഒരു കലാസൃഷ്ടി ജൂണിൽ പ്രദർശിപ്പിച്ചു.
നവംബർ 20ന് നടന്ന ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് മസ്കത്ത്, സലാല, ഖസബ് എന്നിവിടങ്ങളിൽ കരിമരുന്ന് പ്രയോഗം ഉൾപ്പെടെയുള്ള വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഒമാനി പൈതൃകം ആഗോളതലത്തിൽ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി സുൽത്താൻ ഖാബൂസ് കൾച്ചറൽ സെന്റർ വാഷിങ്ടണിൽ ആദ്യമായി ഒരു ഒമാനി ഫാഷൻ ഷോ സംഘടിപ്പിച്ചു. ഒമാൻ ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളുടെ ശ്രമഫലമായി 'ബിഷ്ത്' (പുരുഷന്മാർ ധരിക്കുന്ന പരമ്പരാഗത മേൽവസ്ത്രം) യുനെസ്കോയുടെ അദൃശ്യ സാംസ്കാരിക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി. നവംബറിൽ നടന്ന മസ്കത്ത് ആർട്ട് എക്സിബിഷനിൽൽ 15-ലധികം രാജ്യങ്ങളിൽ നിന്നുള്ള 200 കലാകാരന്മാർ പങ്കെടുത്തു. ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ സാംസ്കാരിക മേഖലയിലെ സഹകരണത്തിനുള്ള ധാരണപത്രങ്ങളിൽ ഒപ്പുവെച്ചു.
കായിക മേഖല
ഒമാൻ ദേശീയ ക്രിക്കറ്റ് ടീം ചരിത്രത്തിലാദ്യമായി ഏഷ്യ കപ്പിൽ പങ്കെടുത്ത വർഷമായിരുന്നു 2025. ഒമാൻ ആതിഥേയത്വം വഹിച്ച ഐ.സി.സി മെൻസ് ടി20 ലോകകപ്പ് ഏഷ്യ, ഈസ്റ്റ് ഏഷ്യ-പസഫിക് ക്വാളിഫയറുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഒമാൻ ദേശീയ ക്രിക്കറ്റ് ടീം 2026ൽ നടക്കുന്ന ടി.20 ലോകകപ്പിന് യോഗ്യത നേടി. ജതീന്ദർ സിംഗ് ക്യാപ്റ്റനായി ലോകകപ്പിനുള്ള 15 അംഗ ഒമാൻ ടീമിനെ പ്രഖ്യാപിച്ചു.
ഫിഫ അറബ് കപ്പ് 2025 ടൂർണമെന്റിൽ ഒമാൻ ദേശീയ ടീം പങ്കെടുത്തെങ്കിലും പ്രാഥമിക റൗണ്ടിൽ പുറത്തായി. വർഷാവസാനത്തെ ഫിഫ റാങ്കിങ്ങിൽ ഒമാൻ 79ാം സ്ഥാനം നിലനിർത്തി. ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ ഒമാൻ റണ്ണേഴ്സ് അപ്പായി. 14 ആമത് ഇന്റർനാഷനൽ ടൂർ ഓഫ് ഒമാൻ 2025 ഫെബ്രുവരി ഏഴു മുതൽ 12 വരെ നടന്നു.
അൽ ജബൽ അൽ അഖ്ദറിലെ (ഗ്രീൻ മൗണ്ടൻ) അവസാന ഘട്ടം വിജയിച്ചതോടെ ആദം യേറ്റ്സ് ടൂർ ഓഫ് ഒമാൻ കിരീടം നിലനിർത്തി. ഫെബ്രുവരിയിൽ നടന്ന ‘എക്സ്പീരിയൻസ് ഒമാൻ മസ്കത്ത് മാരത്തൺ 2025’ൽ 60ലധികം രാജ്യങ്ങളിൽ നിന്നുള്ള 13,000-ത്തിലധികം ഓട്ടക്കാർ പങ്കെടുത്തു ഏഷ്യൻ ജൂനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ വനിത ദേശീയ ഫെൻസിങ് ടീമിനെ ഒമാൻ ഒളിമ്പിക് കമ്മിറ്റി ആദരിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

