ബിസിനസ് മേഖലയിൽ സഹവർതിത്വത്തോടെ മുന്നോട്ടുപോവണം- ഷംസുദ്ദീൻ നെല്ലറ
text_fieldsമസ്കത്ത്: ബിസിനസ് മേഖലയിൽ മത്സരക്ഷമത നിലനിർത്തിത്തന്നെ, പരസ്പരം സൗഹൃദത്തോടെയും സഹവർതിത്വത്തോടെയും മുന്നോട്ടുപോവാൻ കഴിയണമെന്ന് നെല്ലറ ഗ്രൂപ്പ് എം.ഡി ഷംസുദ്ദീൻ നെല്ലറ പറഞ്ഞു. മസ്കത്തിലെ റൂവി ഗോൾഡൻ ടുലിപ് ഹെഡിങ്ടൺ ഹോട്ടലിൽ ഒമാൻ മലയാളി ബിസിനസ് കമ്മ്യൂണിറ്റിയുടെ (ഒ.എം.ബി.സി) ഔദ്യോഗിക ലോഞ്ചും ബിസിനസ് നെറ്റ്‌വർക്കിംഗ് മീറ്റും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിസിനസ് മേഖലയിൽ നമ്മൾ നമ്മളിലേക്ക് ചുരുങ്ങുകയല്ല; മറിച്ച്, വിശലമാക്കുകയാണ് വേണ്ടത്. അത്തരം സമീപനങ്ങൾ ബിസിനസിൽ ഒന്നും നഷ്ടപ്പെടുത്തില്ലെന്നും നേട്ടം കൊണ്ടുവരികയാണ് ചെയ്യുകയെന്നത് തന്റെ അനുഭവമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വരാനിരിക്കുന്ന കാലം വാല്യുവേഷൻ ബിസിനസിന്റേതാണെന്നും അദ്ദേഹം സദസ്സിനെ ഉണർത്തി. ക്യുബോക്സ് സ്ഥാപകനും സി.ഇ.ഒയുമായ നിഷാം ഇസ്മായിൽ വിശിഷ്ടാതിഥിയായി. ബി.എൻ.ഐ ഖത്തർ നാഷനൽ ഡയറക്ടർ മുഹമ്മദ് ഷബീബ് മുഖ്യപ്രഭാഷണം നിർവഹിച്ചു. ടി.ഐ.ഐ.ബി സി.ഇ.ഒ ഡോ. നസ്റിൻ മിദ്‍ലാജ് സംസാരിച്ചു.
ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസ് എം.ഡി മുഹമ്മദ് അഷ്റഫിന് ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് ചടങ്ങിൽ പ്രഖ്യാപിച്ചു. ഇന്നവേഷൻ ബിസിനസ് അവാർഡ് മിഡ്ൽഈസ്റ്റ്പേൾ ഇന്റർനാഷനൽ എം.ഡി ഷൈസൽ യൂസുഫിന് കൈമാറി. വിവിധ കാറ്റഗറികളിലായി സലിം മുതുവമ്മൽ, ലൈബു മുഹമ്മദ്, യുനൈറ്റഡ് ഗ്രൂപ്പ് ഇന്റർനാഷനൽ എന്നിവർക്കും ഉപഹാരം സമ്മാനിച്ചു. ഒമാനിലെ മലയാളി സംരംഭകരെയും ബിസിനസ് പ്രഫഷനലുകളെയും ഒരു വേദിയിൽ ഒന്നിപ്പിക്കുന്ന ലക്ഷ്യത്തോടെ രൂപം കൊണ്ടതാണ് ഒമാൻ മലയാളി ബിസിനസ് കമ്മ്യൂണിറ്റിയെന്ന് സംഘാടകരായ ഷാനവാസ് ഹംസ, സജ്ന ഷാനവാസ്, മുഹമ്മദ് ഷഫീഖ് എന്നിവർ പറഞ്ഞു.
ഒമാനിലെ മലയാളി ബിസിനസ് സമൂഹത്തിനിടയിൽ സഹകരണം, അറിവിന്റെ കൈമാറ്റം, പുതിയ ബിസിനസ് അവസരങ്ങളുടെ കണ്ടെത്തൽ, സംരംഭക ശാക്തീകരണം എന്നിവ ലക്ഷ്യമിട്ടാണ് OMBC പ്രവർത്തനം ആരംഭിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

