നക്ഷത്രങ്ങളാകാം... വഴികാട്ടികളാകാം
text_fields‘നക്ഷത്രം വഴികാട്ടി മാത്രമാണ്... അതിനെ പ്രകാശിപ്പിക്കുന്ന സൂര്യനിലേക്കുള്ള വഴികാട്ടി. ചിലരെയെങ്കിലും നന്മയിലേക്ക്, സ്നേഹത്തിലേക്ക്, കരുണയിലേക്ക്,സഹാനുഭൂതിയുടെ അനുഭവങ്ങളിലേക്ക് വഴി കാണിക്കുന്ന നന്മയുള്ള നക്ഷത്രങ്ങളായി നമുക്കും രൂപാന്തരപ്പെടാം...’’
നിരനിരയായി വിടരുന്ന നക്ഷത്രങ്ങൾ ക്രിസ്മസിന്റെ മനോഹരമായ കാഴ്ചാനുഭവമാണ്. ക്രിസ്തുവിന്റെ ജനനത്തിൽ വിദ്വാന്മാർക്ക് വഴികാട്ടിയായി നിന്നത് ഈ നക്ഷത്രം ആയിരുന്നു. വിശുദ്ധ വേദപുസ്തകം നമ്മെ ഓർമപ്പെടുത്തുകയാണ് ‘വിദ്വാന്മാർ കണ്ട നക്ഷത്രം ശിശു ഉള്ള സ്ഥലത്തിനുമീതെ വന്നുനിൽക്കുവോളം അവർക്കുമുമ്പായി പൊയ്ക്കൊണ്ടിരുന്നു. നക്ഷത്രം കണ്ടതുകൊണ്ട് അവർ അത്യന്തം സന്തോഷിച്ചു.
’ ശിശു ഉള്ള സ്ഥലം വരെ അവരെ എത്തിക്കുക, എന്നതായിരുന്നു ആ താരത്തിന്റെ ദൗത്യം. ഇന്ന് നക്ഷത്രങ്ങൾ ആകാൻ ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. വ്യത്യസ്ത ജീവിതമേഖലകളിൽ എല്ലാവർക്കും സ്റ്റാർ ആകാൻ താൽപര്യമാണ്. എന്താണ് നക്ഷത്രത്തിന്റെ ഉദ്ദേശം. വളരെ ചുരുക്കിപ്പറഞ്ഞാൽ വഴികാട്ടിയാകുന്നവരായിരിക്കണം നക്ഷത്രങ്ങൾ. നിരനിരയായി പോകുന്ന താരകങ്ങൾക്കിടയിൽ ഒരു ചെറുനക്ഷത്രമായി നമുക്കും യാത്ര ചെയ്യാം. നക്ഷത്രം വഴികാട്ടി മാത്രമാണ്... അതിനെ പ്രകാശിപ്പിക്കുന്ന സൂര്യനിലേക്കുള്ള വഴികാട്ടി.
ചിലരെയെങ്കിലും നന്മയിലേക്ക്, സ്നേഹത്തിലേക്ക്, കരുണയിലേക്ക്, സഹാനുഭൂതിയുടെ അനുഭവങ്ങളിലേക്ക് വഴി കാണിക്കുന്ന നന്മയുള്ള നക്ഷത്രങ്ങളായി നമുക്കും രൂപാന്തരപ്പെടാം. ചിലരെയൊക്കെ നമുക്ക് വഴി കാണിക്കാം. ചിലർക്കൊക്കെ ജീവിതത്തിൽ വഴികാട്ടികൾ ആകാം. ഈ ദൗത്യം എല്ലായ്പോഴും പ്രയാസമുള്ളതാണ്.
ക്രിസ്തുവിന്റെ യാത്ര അവസാനിച്ചത് കുരിശിലാണ്. ക്രിസ്മസ് കേവലം നക്ഷത്രങ്ങളുടെയും വിദ്വാന്മാരുടെയും ആട്ടിടയരുടെയും ദൂതന്മാരുടെയും മാത്രം വർണനകളല്ല. ആത്യന്തികമായി ക്രൂശിൽ വെളിപ്പെട്ട ദൈവസ്നേഹത്തിന്റെ അനുഭവമാണ്. ആ സ്നേഹത്തിലേക്ക് അനേകരെ നയിക്കുന്ന നക്ഷത്രങ്ങളായി നമുക്കും യാത്ര ചെയ്യാം. നക്ഷത്രങ്ങളാകാം വഴികാട്ടികളാകാം. അർഥവത്തായ ക്രിസ്മസ് ആശംസകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

