വയനാട് ദുരന്തം: ചേർത്തുപിടിക്കാൻ ബാഡ്മിന്റൺ ടൂർണമെന്റുമായി ഒയാസിസ് ബാഡ്മിന്റൺ അക്കാദമി
text_fieldsമസ്കത്ത്: സമാനതകളില്ലാത്ത പ്രകൃതി ദുരന്തത്തിന് സാക്ഷ്യം വഹിച്ച വയനാട്ടിലെ ദുരിതബാധിതരെ ചേർത്തുപിടിക്കാൻ ഒമാനിലെ പ്രമുഖ ബാഡ്മിന്റൺ പരിശീലന കേന്ദ്രമായ ഒയാസിസ് ബാഡ്മിന്റൺ അക്കാദമി ടീം അസൈബയുമായി ചേർന്ന് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.
ടൂർണമെന്റ് ആഗസ്റ്റ് 23 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ ഗാലയിലുള്ള അക്കാദമിയിൽ ആരംഭിക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കും, മുതിർന്നവർക്കായുള്ള (വെറ്ററൻസ്) എന്നിവർക്ക് ഡബിൾസ് വിഭാഗത്തിലുമാണ് മത്സരം നടക്കുക. ജേതാക്കൾക്ക് ക്യാഷ് അവാർഡും ട്രോഫിയും സമ്മാനിക്കും.
ടൂർണമെന്റിൽ പങ്കെടുക്കാൻ അഞ്ച് റിയാലാണ് പ്രവേശന ഫീസ്. ഇങ്ങനെ സ്വരൂപിക്കുന്ന മുഴുവൻ തുകയും ദുരിതബാധിതർക്കു നൽകും. അതോടൊപ്പം ടൂർണമെന്റ് വീക്ഷിക്കാനെത്തുന്ന ആർക്കും ദുരിതബാധിതരെ സഹായിക്കാനുള്ള സംരംഭത്തിൽ പങ്കാളികളാകാം. ടൂർണമെന്റിൽ നിന്നും ലഭിക്കുന്ന മുഴുവൻ ആദായവും ദുരിതബാധിതർക്ക് നൽകും. ഇതിനോടകം നൂറിലേറെ കളിക്കാർ ടൂർണമെന്റിന് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വയനാട്ടിൽ മരണപ്പെട്ടവരും, സർവതും നഷ്ടപ്പെട്ടവരും നമ്മുടെ സഹോദരന്മാരാണെന്നും അവരെ ചേർത്തുപിടിക്കുക എന്നത് ലോകമെമ്പാടുമുള്ള മലയാളികളുടെ കടമയാണെന്നും അതിനാൽ ടൂർണമെന്റിനോട് കായിക പ്രേമികൾക്ക് പുറമെ എല്ലാ മലയാളികളും സഹകരിക്കമെന്നും ഒയാസിസ് ബാഡ്മിന്റൺ അക്കാദമി ഭാരവാഹികളായ യോഗേന്ദ്ര കത്യാർ, റിസാം എന്നിവർ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 9264 6241, 9923 0832 എന്നി നമ്പറുകളിൽ വിളിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

