Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right15 വര്‍ഷത്തിനുശേഷം ...

15 വര്‍ഷത്തിനുശേഷം  അല്‍ സാറാ ഫലജില്‍ നീരൊഴുകി

text_fields
bookmark_border
15 വര്‍ഷത്തിനുശേഷം  അല്‍ സാറാ ഫലജില്‍ നീരൊഴുകി
cancel

മസ്കത്ത്: കഴിഞ്ഞ 15 വര്‍ഷമായി വരണ്ടുണങ്ങിയിരിക്കുകയായിരുന്ന ബുറൈമിയിലെ അല്‍ സാറാ ഫലജിന് നാട്ടുകാരും സാമൂഹിക പ്രവര്‍ത്തകരും പുതുജീവന്‍ നല്‍കി. 800 വര്‍ഷത്തെ പഴക്കമുള്ള ഈ നീര്‍ച്ചാലുകളിലൂടെ വെള്ളിയാഴ്ച തണ്ണീര്‍ പ്രവഹിക്കാന്‍ തുടങ്ങിയതോടെ വേരറ്റുപോയ കാര്‍ഷിക മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള തിടുക്കത്തിലാണ് പ്രദേശവാസികള്‍. ഫലജുകളില്‍ കുന്നുകൂടിയ മണ്ണും  മാലിന്യങ്ങളും നീക്കി  ജലമൊഴുക്കാന്‍  നൂറുകണക്കിന് സന്നദ്ധ പ്രവര്‍ത്തകരാണ് രംഗത്തുണ്ടായിരുന്നത്. ഇവര്‍ ഇതിനായി ഒരു മാസത്തിലധികമാണ് അധ്വാനിച്ചത്. ആറു കിലോമീറ്റര്‍ ഫലജ് ജലസഞ്ചാര യോഗ്യമാക്കാന്‍ 300 മണിക്കൂറിലധികം ചെലവിടേണ്ടിവന്നതായി സന്നദ്ധ പ്രവര്‍ത്തകര്‍ പറയുന്നു. 
15 വര്‍ഷമായി കുന്നുകൂടിയ തടസ്സങ്ങള്‍ നീക്കുന്നതിനുള്ള പ്രയാസം കാരണം സന്നദ്ധ പ്രവര്‍ത്തകര്‍ ഇടക്ക് പിരിഞ്ഞുപോവുമെന്ന് ഭീതിയുണ്ടായിരുന്നു. എന്നാല്‍ തങ്ങളുടെ ദൃഢനിശ്ചയമാണ് പദ്ധതി വിജയത്തിലത്തെിച്ചതെന്ന് ശുചീകരണത്തിന് മുന്നിട്ടിറങ്ങിയവര്‍ പറയുന്നു. 
ശുചീകരണ പ്രക്രിയയില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ഓക്സിജന്‍െറ ലഭ്യതക്കുറവടക്കം നിരവധി  വെല്ലുവിളികളുണ്ടായിരുന്നു. ചില ഭാഗങ്ങളില്‍ ഫലജിന് 10 മീറ്ററിലധികം താഴ്ചയുണ്ടായിരുന്നു. ഈ മേഖലയിലെ മണ്ണുനീക്കുമ്പോഴാണ് ശ്വാസതടസ്സം അടക്കം നേരിടേണ്ടിവന്നത്. 
ഇവിടങ്ങളിലെ മാലിന്യങ്ങളും മണലുകളും ജീവന്‍ പണയം വെച്ചാണ് സന്നദ്ധ പ്രവര്‍ത്തകര്‍ നീക്കിയത്. ടണ്‍ കണക്കിന് പാഴ്വസ്തുക്കളും മണ്ണുമാണ് ഫലജില്‍നിന്ന് നീക്കിയത്. സന്നദ്ധ പ്രവര്‍ത്തകര്‍ക്കൊപ്പം സഹായ ഹസ്തവുമായി നാട്ടുകാരും രംഗത്തുണ്ടായിരുന്നു. പദ്ധതിയുടെ ചെലവിനായി ആയിരക്കണക്കിന് റിയാലാണ് നാട്ടുകാര്‍ സംഭാവന ചെയ്തത്. 
അതോടൊപ്പം, റീജനല്‍ മുനിസിപ്പാലിറ്റീസ് ജല വിഭവ മന്ത്രാലയവും പദ്ധതിക്ക് സര്‍വ പിന്തുണയും പ്രഖ്യാപിച്ചു. ശുചീകരണ പദ്ധതി നിയന്ത്രിക്കാനും മാര്‍ഗനിര്‍ദേശം നല്‍കാനും മന്ത്രാലയം എന്‍ജിനീയര്‍മാരെയും സന്നദ്ധ പ്രവര്‍ത്തകരെയും നല്‍കിയിരുന്നു. സന്നദ്ധ പ്രവര്‍ത്തകരായ യുവാക്കള്‍ക്ക് പലര്‍ക്കും ഈ മേഖലയില്‍ പരിചയമില്ലാത്തതിനാല്‍ പ്രായംചെന്ന താമസക്കാരുടെ ഉപദേശവും ഇവര്‍ തേടി. 
സാറാ ഫലജ് നിറഞ്ഞൊഴുകാന്‍ തുടങ്ങിയതിന്‍െറ ആഹ്ളാദത്തിലാണ് പ്രദേശവാസികള്‍. 15 വര്‍ഷം മുമ്പ് നിരവധി കുടുംബങ്ങള്‍ക്ക് കൃഷിയിടമുണ്ടായിരുന്നു. ഇവിടെ ഉന്നത ഗുണനിലവാരമുള്ള ഈത്തപ്പഴം വിളഞ്ഞിരുന്നു. കൂടാതെ,                                                                                                                                    
മാങ്ങയും ചെറുനാരങ്ങയും തുടങ്ങി നിരവധി കാര്‍ഷിക വിളകളുമുണ്ടായിരുന്നു. ഇവ സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ബാക്കി വരുന്നവ അയല്‍ നഗരങ്ങളിലേക്ക് കയറ്റിയയക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഫലജില്‍ വെള്ളം വറ്റിയതോടെ കാര്‍ഷിക വിളകള്‍ ഉണങ്ങാന്‍ തുടങ്ങിയതായും പലര്‍ക്കും ഫാമുകള്‍ വില്‍ക്കേണ്ടിവന്നതായും താമസക്കാര്‍ പറയുന്നു. ഇതോടെ, കാര്‍ഷിക ഭൂമികള്‍ പലതും വാണിജ്യഭൂമികളായി മാറുകയും ചെയ്തു. 
സാറ ഫലജില്‍ നീരൊഴുക്ക് തുടങ്ങിയതോടെ പഴയ എല്ലാ കാര്‍ഷിക വിളകളും തിരിച്ചുകൊണ്ടുവരുമെന്നാണ് താമസക്കാര്‍ പറയുന്നത്. 200ലധികം കാര്‍ഷിക ഭൂമികളുള്ള ഈ മേഖലയില്‍ ഫലജിവെള്ളം കാര്‍ഷിക ഭൂമിയിലേക്ക് തിരിച്ചുവിട്ട് കൃഷി അഭിവൃദ്ധിപ്പെടുത്താനുള്ള തിരക്കിലാണ് താമസക്കാര്‍. തങ്ങളുടെ കാര്‍ഷിക ഭൂമി ചരിത്രവും സംസ്കാരവും അഭിമാനവുമൊക്കെയാണ് ഇവര്‍ക്ക്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
News Summary - Water
Next Story