ബെൽക്കിൻ എക്സ് സൈറ്റ് പവർ ബാങ്ക് അപകടമുണ്ടാക്കാമെന്ന് മുന്നറിയിപ്പ്
text_fieldsബെൽക്കിൻ എക്സ് സൈറ്റ് പവർ ബാങ്ക്
മസ്കത്ത്: ബെൽക്കിൻ എക്സ് സൈറ്റ് ബ്രാൻഡിൽ വിൽക്കുന്ന പവർ ബാങ്കിന്റെ അപകട സാധ്യതയെക്കുറിച്ച് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ) സുരക്ഷ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ചില ഉപകരണങ്ങളിൽ ലിഥിയം-അയൺ ബാറ്ററി അമിതമായ തോതിൽ ചൂടായി പ്രശ്നം റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് മുന്നറിയിപ്പ്. അമിതമായ ചൂടുമൂലം പവർ ബാങ്ക് പൊട്ടിത്തെറിക്കാനും തീ പിടിക്കാനും സാധ്യതയുണ്ടെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു. ബാറ്ററി തകരാറുകൾ കണ്ടെത്തിയ ബെൽകിൻ എക്സ് സൈറ്റ് പോർട്ടബിൾ വയർലെസ് ചാർജറുകൾ ഉപയോഗിക്കുന്നത് നിർത്തി, നിർമാതാക്കളോ വിതരണക്കാരോ നൽകിയ സുരക്ഷ നിർദേശങ്ങൾ പാലിക്കണമെന്ന് സി.പി.എ നിർദേശിച്ചു.
ഉൽപന്നങ്ങളുടെ സുരക്ഷയാണ് അതോറിറ്റിയുടെ പ്രധാന മുൻഗണനയെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി വ്യക്തമാക്കി. സമാനമായ പ്രശ്നങ്ങൾ അല്ലെങ്കിൽ തകരാറുകളുള്ള ഉൽപന്നങ്ങൾ സംബന്ധിച്ച വിവരങ്ങൾ, അതോറിറ്റിയുടെ ഔദ്യോഗിക ചാനലുകളിലോ ഹോട്ട്ലൈൻ നമ്പറുകളിലോ (80079009 / 80077997) റിപ്പോർട്ട് ചെയ്യണമെന്ന് ഉപഭോക്താക്കളോട് അഭ്യർഥിച്ചു.
സുരക്ഷ നിയന്ത്രണങ്ങളുടെ ഭാഗമായി ഒമാന്റെ വിമാന സർവിസ് കമ്പനിയായ സലാം എയർ കഴിഞ്ഞ ഒക്ടോബർ ഒന്നു മുതൽ ലിഥിയം പവർ ബാങ്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ പുതിയ നടപടിയെന്നാണ് വിമാന കമ്പനി അധികൃതടെ വിശദീകരണം. പവർ ബാങ്കുകൾമൂലമുണ്ടാകുന്ന തീപിടിത്ത അപകടങ്ങളെക്കുറിച്ചുള്ള വാർത്തകൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്നതിനിടെയാണ് സലാം എയറിന്റെ നിയന്ത്രണം. കർശനമായ സുരക്ഷ നിയമങ്ങൾക്ക് വിധേയമായി യാത്രക്കാർക്ക് സ്പെയർ ബാറ്ററികൾ കൊണ്ടുപോകാൻ അനുവാദമുണ്ട്. അനുവദിക്കപ്പട്ട എല്ലാ സ്പെയർ ബാറ്ററികളും വിമാനത്തിൽ ഓഫാക്കിവെക്കണം. 100 വാട്ട് അവറിൽ താഴെയുള്ള പവർ ബാങ്കുകൾ സ്വിച്ച് ഓഫ് ചെയ്ത് സീറ്റിനടിയിലോ സീറ്റ് പോക്കറ്റിലോ സൂക്ഷിക്കാം. എന്നാൽ, വിമാനത്തിൽവെച്ച് ഏതെങ്കിലും ഉപകരണം ചാർജ് ചെയ്യാൻ പാടില്ലെന്നും സലാം എയർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

