വഖഫ്: കേന്ദ്രസർക്കാർ ലക്ഷ്യം മുസ്‍ലിം വേട്ടയും വർഗീയ ധ്രുവീകരണവും -അഡ്വ. ഹാരിസ് ബീരാൻ എം.പി
text_fieldsമസ്കത്ത്: പുതിയ വഖഫ് ഭേദഗതി രാജ്യത്തെ മുസ്‌ലിംകളെ അപരവൽക്കരിക്കാനും മുസ്‌ലിം മത ന്യൂനപക്ഷത്തെ വേട്ടയാടാനുള്ള നിയമവിധേയമായുള്ള കെണിയുമാണെന്ന് സുപ്രീം കോടതി അഭിഭാഷകനും രാജ്യസഭാ എം.പിയുമായ അഡ്വ. ഹാരിസ് ബീരാൻ. ഭരണഘടന ഉറപ്പ് നൽകുന്ന മതസ്വാതന്ത്ര്യം കാറ്റിൽപറത്തി വഖഫ് നിയമത്തിലൂടെ മുസ്‍ലീങ്ങൾ ഭൂമി കയ്യേറുമെന്ന പൊള്ളയായ കാര്യങ്ങൾ പ്രചരിപ്പിച്ച് വർഗ്ഗീയ ദ്രുവീകരണത്തിന് കേന്ദ്രസർക്കാർ ആക്കം കൂട്ടുകയാണെന്നും എം.പി ഹാരിസ് ബീരാൻ അരോപിച്ചു.
മസ്കത്തിലെ റുവി കെ.എം.സി.സിയുടെ 37ാമത് വാർഷികാഘോഷ പരിപാടികളിൽ സംബന്ധിക്കാനെത്തിയതായിരുന്നു അദേഹം.
രാജ്യസഭാ എം.പിയായി ചുമതലയേറ്റതിന് ശേഷം ആദ്യമായാണ് അഡ്വ. ഹാരിസ് ബീരാൻ ഒമാനിലെത്തുന്നത്. ഹാരിസ് ബീരാന് ഒമാനിലെ പൗരാവലിയുടെ ആദരം നൽകാൻ സംഘടിക്കപ്പെട്ട സെഷനിൽ മത സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ആമിറാത്ത് പൊതുശമശാനത്തിൽ 30 വർഷം സേവനം ചെയ്ത് പ്രവാസം അവസാനിപ്പിക്കുന്ന തിരൂർ കൂട്ടായി സ്വദേശി മൂസക്കുള്ള സ്നേഹാദരവും യാത്രയപ്പും വേദിയിൽ നടന്നു. കെ.എം.സി.സിയുടെ ഔദ്യോഗിക ആദരം ഹാരിസ് ബീരാൻ എം.പിയും, വ്യക്തിഗത ഉപഹാര സമർപ്പണം മലബാർ ഗോൾഡ് ഒമാൻ റീജിയനൽ മാനേജർ കെ. നജീബും നിർവഹിച്ചു. വാർഷികാഘോഷ പരിപാടി മസ്കത്ത് കെ.എം.സി.സി പ്രസിഡന്റ് അഹമ്മദ് റഹീസ് ഉദ്ഘാടനം ചെയ്തു. റൂവി കെ.എം.സി.സി പ്രസിഡന്റ് റഫീഖ് ശ്രീകണ്ഠപുരം അധ്യക്ഷത വഹിച്ചു.
പി.എ. മുഹമ്മദ് ഫായിദ (മാനേജിങ് ഡയറക്ടർ ബദർ അൽ സമ), ഷംസുദ്ദീൻ നെല്ലറ-(മാനേജിങ് ഡയറക്ടർ നെല്ലറ ഗ്രൂപ്പ് ഓഫ് കമ്പനീസ്), അബ്ദുൽ വാഹിദ് (മാനേജിങ് ഡയറക്ടർ സുഹുൽ അൽ ഫൈഹ) എന്നിവർ സംസാരിച്ചു. മസ്കത്ത് കെ.എം.സി.സി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ, ട്രഷറർ പി.ടി.കെ. ഷമീർ, പി.എ.വി അബൂബകർ ഹാജി, സാഹിൽ മർജാൻ, ഷാനവാസ് നക്ഷത്ര ഗോൾഡ്, കെ. നജീബ്, അബ്ദുൾ സലീം കോർണിഷ്, ഷമീർ പാറയിൽ, മുജീബ് കടലുണ്ടി, ഇൻകാസ് ഒമാൻ വക്താവ് അനീഷ് കടവിൽ തുടങ്ങിയവർ സംബന്ധിച്ചു.
റൂവി കെ.എം.സി.സി സെക്രട്ടറി അമീർ കാവനൂർ സ്വാഗതവും, ട്രഷറർ മുഹമ്മദ് വാണിമേൽ നന്ദിയും പറഞ്ഞു. അലി ഉസ്താദ് ഖിറാഅത്ത് പാരായണം നിർവഹിച്ചു. സോമ സുന്ദരം മോഡറേറ്ററായി. റുവി കെ.എം.സി.സി പ്രവർത്തകർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

