മുഖം മിനുക്കാൻ വാദി കബീർ ‘ഫ്രൈഡേ മാർക്കറ്റ്’
text_fieldsമത്ര വാദി കബീറിലെ ഫ്രൈഡേ മാർക്കറ്റ്
മസ്കത്ത്: മസ്കത്ത് മുനിസിപ്പാലിറ്റി മത്ര വിലായത്തിലെ വാദി കബീർ പ്രദേശത്ത് നിർമിക്കപ്പെടുന്ന ‘ഫ്രൈഡേ മാർക്കറ്റ്’ കെട്ടിട വികസന പദ്ധതിക്ക് പൊതു ടെൻഡർ ക്ഷണിച്ചു. 20 വർഷത്തെ കരാറിൽ രണ്ട് പ്ലോട്ടുകളുടെ വികസനമാണ് മുനിസിപ്പാലിറ്റി ലക്ഷ്യമിടുന്നത്.
3554 ചതുരശ്ര മീറ്റർ വരുന്ന പ്ലോട്ട് നമ്പർ 184, 5721 ചതുരശ്ര മീറ്റർ വരുന്ന പ്ലോട്ട് നമ്പർ 185 എന്നിവയുടെ വികസന പദ്ധതിയാണ് പ്ലാനിലുള്ളത്. മസ്കത്തിലെ ചരിത്രപ്രാധാന്യമുള്ള വിപണികളിലൊന്നായ വാദി കബീറിലെ ഫ്രൈഡേ മാർക്കറ്റിൽ വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനായാണ് പദ്ധതി.
പ്ലോട്ട് നമ്പർ 185ൽ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ, നടപ്പാതകൾ, ഹരിതവത്കരണം തുടങ്ങിയവയടക്കം ഉൾപ്പെടുത്തി പാർക്കിങ് വികസനവും പ്ലോട്ട് നമ്പർ 184ൽ 10 റീട്ടെയിൽ ഷോപ്പുകൾക്കായി രണ്ട് വാണിജ്യ കെട്ടിടങ്ങൾ നിർമിക്കുകയുമാണ് പദ്ധതി. ഫ്രൈഡേ മാർക്കറ്റിനെ ആധുനിക വാണിജ്യകേന്ദ്രമായി മാറ്റുന്നതോടൊപ്പം പാരമ്പര്യമൂല്യവും സാമൂഹികപ്രാധാന്യവും നിലനിർത്താനും മസ്കത്ത് മുനിസിപ്പാലിറ്റി ലക്ഷ്യമിടുന്നു.
ഇഷ്ടമുള്ള സാധനങ്ങൾ വിലപേശലിലൂടെ കുറഞ്ഞ വിലക്ക് സ്വന്തമാക്കാൻ കഴിയുമെന്നതാണ് ഫ്രൈഡേ മാർക്കറ്റിന്റെ പ്രത്യേകത.
അതുകൊണ്ടുതന്നെ തലസ്ഥാനത്തെ വിവിധ വിലായത്തുകളിൽനിന്നുള്ള സാധാരണക്കാരായ ആളുകൾക്ക് ആശ്വാസമാകുന്നതാണ് ഈ മാർക്കറ്റ്. എല്ലാ വെള്ളിയാഴ്ചയും സജീവമാകുന്ന മാർക്കറ്റിനുള്ളിൽ ചെറുതും വലുതുമായ നൂറോളം കടകളുണ്ട്. ഒമാനികളുടെ പരമ്പരാഗത ഉൽപന്നങ്ങൾ, കരകൗശല വസ്തുക്കൾ, വസ്ത്രങ്ങൾ, പലഹാരങ്ങൾ, പച്ചക്കറികൾ, അടുക്കള ഉപകരണങ്ങൾ തുടങ്ങി വീടുകളുമായി ബന്ധപ്പെട്ട സാധനങ്ങളെല്ലാം ഈ നാട്ടുചന്തയിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

