'വോക്സ് സിനിമ' അഞ്ച് തിയറ്ററുകളിൽ പ്രദർശനം അവസാനിപ്പിച്ചു
text_fieldsമസ്കത്ത്: രാജ്യത്തെ പ്രമുഖ സിനിമ തിയറ്റർ ഗ്രൂപ്പായ വോക്സ് സിനിമ ഒമാനിലെ അഞ്ച് തിയറ്ററുകളിൽ പ്രദർശനം അവസാനിപ്പിച്ചു. റൂവി, ഷാതി അൽ ഖുറം, പനോരമ മാൾ, സുഹാർ, സൂർ എന്നിവിടങ്ങളിലെ തിയറ്ററുകളിലാണ് പ്രദർശനം അവസാനിപ്പിച്ചത്. തിയറ്റർ പ്രവർത്തിക്കുന്ന കെട്ടിട ഉടമകളുമായുള്ള കരാർ അവസാനിച്ചതിനെ തുടർന്നാണ് പ്രദർശനം അവസാനിപ്പിച്ചതെന്നാണ് അറിയുന്നത്. അഞ്ച് തിയറ്ററുകളിലായി പതിനഞ്ചിലധികം സ്ക്രീനുകളാണ് ഉണ്ടായിരുന്നത്. അതേസമയം, വോക്സ് സിനിമയുടെ മസ്കത്ത് അടക്കമുള്ള മറ്റു തിയറ്ററുകളിൽ പ്രദർശനം പതിവുപോലെ തുടരും. പ്രദർശനം അവസാനിപ്പിച്ച തിയറ്ററുകളിൽ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവരുണ്ടെങ്കിൽ അവർക്കു പണം തിരികെ നൽകുകയോ മറ്റു തിയറ്ററുകളിൽ സിനിമ കാണാവുന്നതോ ആണ്.
കുറഞ്ഞ ചെലവിൽ മികച്ച സിനിമാനുഭവം നൽകിയിരുന്ന റൂവി അടക്കമുള്ള തിയറ്ററുകളിൽ പ്രദർശനം നിർത്തുന്നത് സാധാരണ സിനിമാപ്രേക്ഷകർക്ക് നിരാശയുണ്ടാക്കും.

